മണ്ണ് നീക്കൽ പുരോഗമിക്കുന്നു
അകലാതെ ആശങ്ക

മലപ്പുറം–-വേങ്ങര റോഡിൽ പാണക്കാട് കാരാത്തോടിനുസമീപം എടായിപ്പാലത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ മണ്ണ് നീക്കംചെയ്യുന്നു
മലപ്പുറം
പാണക്കാട് എടായിപ്പാലത്ത് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള മണ്ണ് നീക്കംചെയ്യൽ ചൊവ്വാഴ്ചയും തുടർന്നു. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ രാവിലെ 8.30ന് തന്നെ പ്രവൃത്തി ആരംഭിച്ചിരുന്നു. രണ്ട് ജെസിബി, രണ്ട് ഹിറ്റാച്ചി എന്നിവയ്ക്കൊപ്പം 27 ടിപ്പർ ലോറികളും 20 ടോറസ് ലോറികളും ഉപയോഗിച്ചാണ് റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റിയത്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും കുമിഞ്ഞുകൂടിയ മണ്ണ് ഏറെക്കുറെ നീക്കംചെയ്തെങ്കിലും വൈകിട്ട് ആറോടെ വീണ്ടും മഴ ശക്തമായതിനെ തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ബുധനാഴ്ച രാവിലെ ഏഴിന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെയും അസി. സ്റ്റേഷൻ ഓഫീസർ കെ പ്രതീഷിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. റോഡിന്റെ ഇരുവശങ്ങളിലുമായി അപകടസാധ്യതയുള്ള മണ്ണും അവശിഷ്ടങ്ങളും പൂർണമായും നീക്കംചെയ്തശേഷം വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തും. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റോഡിലൂടെ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകേന്ദ്രം അന്തിമ തീരുമാനമെടുക്കുക.









0 comments