കല്ലറയ്ക്കൽ റോഡ് നിർമാണം
കരാറുകാരൻ മുങ്ങി; ദുരിതത്തിൽ 9 കുടുംബങ്ങൾ

തകർന്ന കല്ലറയ്ക്കൽ റോഡിലൂടെ നടക്കാനാകാതെ കാനയ്‌ക്ക് മുകളിലൂടെ നടന്ന-ുവരുന്ന വയോധികൻ
പറവൂർ
കരാറുകാരന്റെ അനാസ്ഥയിൽ ഏഴിക്കര പഞ്ചായത്ത് എഴാംവാർഡ് കല്ലറയ്‌ക്കൽ റോഡിലുള്ള ഒമ്പത് കുടുംബങ്ങൾ ദുരിതത്തിൽ. എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ടൈൽ വിരിച്ച റോഡും കാനയുമാണ് ഇവിടെ നിർമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് കുറച്ചുദിവസംമുമ്പ് കാനനിർമാണം തുടങ്ങി. നിലവിലുണ്ടായിരുന്ന റോഡിനേക്കാൾ ഉയരത്തിൽ കാന നിർമിച്ച് സ്ലാബ് വിരിച്ചു.
എന്നാൽ, കാന നിർമാണത്തിനായി റോഡ് കുത്തിപ്പൊളിച്ചതോടെ കുണ്ടും കുഴിയുമായി നടക്കാനാകാതെയായി. മഴക്കാലത്തിനുമുമ്പേ ടൈൽ വിരിച്ച് റോഡ് നിർമാണം പൂർത്തിയാക്കാൻ ജനപ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ തയ്യാറായില്ല. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പ്രശ്‌നത്തിൽ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
മഴ കനത്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് പ്രദേശവാസികൾക്ക് പുറത്തിറങ്ങാനാകാതായി. പ്രായമായവർ ഉൾപ്പെടെ ഉയരമുള്ള കാനയ്‌ക്കുമുകളിലൂടെ നടക്കേണ്ട സ്ഥിതിയാണ്. ഇതുവഴി നടന്ന മൂന്നുപേർക്ക് വീണ് പരിക്കേറ്റു. ഓട്ടോറിക്ഷയടക്കം വാഹനങ്ങൾ കയറാനാകാത്തതിനാൽ രോഗികളുൾപ്പെടെ വലിയ ബുദ്ധിമുട്ടിലാണ്. കാനയുടെ നിർമാണവും അശാസ്ത്രീയമാണെന്ന് കല്ലറയ്ക്കൽ വീട്ടിൽ ജെൻസൻ പറഞ്ഞു.
പറവൂർ -ചാത്തനാട് റോഡിലെ പ്രധാന കാനയിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം തിരിച്ചിറങ്ങി ഈ വഴിയിൽത്തന്നെ കെട്ടിക്കിടക്കുകയാണ്. പ്രതിസന്ധി രൂക്ഷമായിട്ടും കരാർ ഏറ്റെടുത്തയാൾ തിരിഞ്ഞുനോക്കുന്നില്ല. ഒമ്പതാം വാർഡിലെ സെന്റ് ജൂഡ് കപ്പേള റോഡിന്റെ നിർമാണ
കരാറും ഇതേയാൾക്കാണ്. അവിടെയും നിർമാണം തുടങ്ങാനായിട്ടില്ല. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും പഞ്ചായത്തംഗം എം എ രശ്മി ആവശ്യപ്പെട്ടു.
ഇടപെടാതെ യുഡിഎഫ് ഭരിക്കുന്ന
ഏഴിക്കര പഞ്ചായത്ത് ഭരണസമിതി









0 comments