Deshabhimani

print edition സൈബർ ലോകത്തും കോൺഗ്രസിന്‌ ഇരട്ടത്താപ്പ്‌

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 26, 2026, 01:30 AM | 2 min read

ജനാധിപത്യപരമായ ആശയവിനിമയത്തിനും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങൾക്കും സമൂഹമാധ്യമങ്ങൾ പകരുന്ന കരുത്ത് ലോകം പലകുറി കണ്ടതാണ്. ഒടുവിൽ ജന്തർമന്തർ പ്രതിഷേധത്തിലും അതിന്റെ ശക്തി ബോധ്യപ്പെട്ടു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യകളും മൂർച്ഛിക്കുകയും ചെയ്യുന്നു. ഒരു ഉപകരണത്തിന്റെ ഉപയോഗം അത്‌ ഉപയോഗിക്കുന്ന ആളുടെ മനോഭാവംപോലെയിരിക്കുമെന്നത്‌ വ്യക്തം.


സമൂഹമാധ്യമങ്ങളിൽ കോൺഗ്രസിന്റെ വിഴുപ്പലക്കലും ഹീനമായ ആക്ഷേപങ്ങൾ ചൊരിയലും കാണുന്പോൾ, ഇ‍ൗ ഉപകരണം അവരുടെ കൈയിൽ കുരങ്ങന്റെ കൈയിലെ പൂമാലപോലെയായെന്നു പറഞ്ഞാൽ ഇന്ന്‌ അതൊട്ടും അതിശയോക്തിയാകില്ല. അധികാരം നിലനിർത്താനും സ്വാർഥതാൽപ്പര്യങ്ങൾ സംരക്ഷിക്കാനും സ്വന്തം നേതാക്കളുടെ സ്വകാര്യജീവിതംപോലും തെരുവിലിട്ടലക്കാൻ ഇക്കൂട്ടർക്ക്‌ ഒരു മനഃസാക്ഷിക്കുത്തുമില്ലെന്ന്‌ തിരിച്ചറിയുന്ന നിമിഷങ്ങളിലാണ്‌ കേരളം. സമൂഹമാധ്യമങ്ങളെ വ്യക്തിഹത്യയുടെയും നുണപ്രചാരണങ്ങളുടെയും അഴുക്കുചാലാക്കി മാറ്റുകയാണ്‌.


അതേസമയം, സർക്കാരിനെതിരായ വിമർശങ്ങളെ ഇല്ലായ്‌മ ചെയ്യാൻ മെറ്റയ്‌ക്ക്‌ പരാതി നൽകി ലിങ്കുകളും പോസ്റ്റുകളും നീക്കംചെയ്യാനും ഇ‍ൗ കപട ജനാധിപത്യവാദികൾക്ക്‌ കൂസലൊന്നും ഉണ്ടായില്ലെന്നതും നമ്മൾ കണ്ടു. തങ്ങൾക്ക് സൗകര്യപ്രദമാകുമ്പോൾ ആവിഷ്‌കാരസ്വാതന്ത്ര്യവും അല്ലാത്തപ്പോൾ കർശന നിയന്ത്രണവുമെന്ന ഇരട്ടത്താപ്പാണ് ഇവർ പയറ്റുന്നത്‌. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളും കുടുംബവും കോൺഗ്രസ്‌ അനുകൂല ഗ്രൂപ്പുകളുടെ നീചമായ വേട്ടയ്‌ക്ക്‌ ഇരയാകുന്നത്‌ വല്ലാത്ത ഞെട്ടലാണുണ്ടാക്കുന്നത്‌.


സമീപസമയത്തെ കോൺഗ്രസ്‌ അധികാരത്തർക്കത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന്‌ അനുകൂലമായും ഷാഫി പറന്പിലിന്‌ എതിരായും പ്രതികരിച്ചു എന്നതുമാത്രമാണ്‌ അവർക്കെതിരായ ആക്രമണത്തിന്‌ പ്രകോപനം. കെ സി വേണുഗോപാൽ, അടൂർ പ്രകാശ്‌, ജെബി മേത്തർ, ദീപ്‌തി മേരി വർഗീസ്‌ എന്നിവരുടെ സ്വകാര്യതകളും സമൂഹമാധ്യമങ്ങളിൽ കുത്തിപ്പൊക്കുകയാണ്‌. ഇത്‌ ഇന്നു തുടങ്ങിയതല്ല. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ തുടങ്ങിവച്ച പണി, ഇപ്പോൾ സ്വന്തം ക്യാന്പിനകത്തും നേതാക്കൾക്കും നേരെ തിരിച്ചുവെന്നുമാത്രം. ഇടതുപക്ഷത്തെ നേതാക്കൾ പ്രത്യേകിച്ച്‌ വനിതാനേതാക്കളായിരുന്നു നേരത്തേ ഇവരുടെ ഇരകൾ.


മന്ത്രിമാരായിരുന്ന പി കെ ശ്രീമതി, കെ കെ ശൈലജ, ജെ മേഴ്സിക്കുട്ടി അമ്മ, വീണാ ജോർജ്‌, ആർ ബിന്ദു എന്നിവരെല്ലാംതന്നെ സമാനതകളില്ലാത്ത വേട്ടയാടലിന്‌ ഇരയാക്കപ്പെട്ടു. വടകരയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജയ്‌ക്ക്‌ എതിരെയാണ്‌ ഇതിന്റെ ആസൂത്രിതരൂപം പുറത്തുവന്നത്‌. ഒടുവിൽ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിനോട്‌ ചോദ്യം ചോദിച്ച മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവ്‌ നഫീസത്തുൽ മിസ്രിയയെ ആക്ഷേപിക്കാനും രംഗത്തുവന്നത്‌ ഇതേ കോൺഗ്രസ്‌ ഹാൻഡിൽ ഗ്രൂപ്പുകളാണ്‌. രാഷ്ട്രീയവിമർശങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ വരുമ്പോൾ എതിരാളികളെ വ്യക്തിഹത്യ ചെയ്യുക എന്ന രീതിയാണ്‌ ആവർത്തിക്കുന്നത്‌.

ഒരുവശത്ത് കോൺഗ്രസിനുള്ളിലെ സൈബർ അഴിഞ്ഞാട്ടം നിയന്ത്രിക്കാൻ കഴിയാതെ നിൽക്കുമ്പോൾ, മറുവശത്ത് ഭരണപരാജയത്തിനെതിരായ വിമർശങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടിപ്രകാരം 15,627 പോസ്റ്റുകളും ലിങ്കുകളും മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. 4201 പരാതികളിലായി 3472 കേസുകളിൽ നിയമനടപടി സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.


റിപ്പോർട്ടർ ടിവിയുടെ 26 ന്യൂസ് കാർഡുകൾ നീക്കംചെയ്തതും മുഖ്യമന്ത്രിയുടെ ചിത്രത്തിനുപകരം നിഴൽ ചിത്രം ഉപയോഗിക്കേണ്ടി വന്നതും ദേശാഭിമാനി, കൈരളി ന്യൂസ്, ന്യൂസ് മലയാളം തുടങ്ങിയ മാധ്യമങ്ങളുടെ വാർത്താകാർഡുകളും വീഡിയോകളും അപ്രത്യക്ഷമായതുമെല്ലാം ചർച്ചയായിട്ടുണ്ട്. നോക്യാപ്‌ ഓൺലൈനിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജുതന്നെ ബ്ലോക്ക്‌ ചെയ്‌തു. ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട പ്രതിപക്ഷനേതാവിന്റെ വാർത്താകാർഡും വിഴിഞ്ഞം ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണ വീഡിയോയും നീക്കം ചെയ്യപ്പെട്ടുവെന്നത്‌ വിമർശങ്ങളെ ഭയക്കുന്ന ഭരണകൂടത്തിന്റെ മുഖവും വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പുമാണ്‌ വെളിപ്പെടുത്തുന്നത്‌.


ദേശീയതലത്തിൽ കോൺഗ്രസ്‌ പറയുന്നത്‌, പ്രതിപക്ഷത്തിന്റെ വിമർശങ്ങളെ സൈബറിടത്തിൽ ബിജെപി അടിച്ചമർത്തുന്നുവെന്നാണ്‌. സംഘപരിവാറിന്റെ കേരള പതിപ്പാണ്‌ കേരളത്തിലെ കോൺഗ്രസ്‌ ഇവിടെയും പയറ്റുന്നത്‌. സ്വന്തം പാർടിക്കുള്ളിലെ സൈബർ ഗുണ്ടായിസത്തിന് കൂട്ടുനിൽക്കുകയും അതേസമയം, ഭരണവിമർശങ്ങളെ സെൻസർഷിപ്പിലൂടെ നേരിടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജനാധിപത്യത്തിന് ഭൂഷണമല്ല. അതല്ല മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കും സർക്കാരിനും എതിരെ ഉയർന്ന ജനരോഷത്തിൽനിന്ന്‌ ശ്രദ്ധതിരിച്ചുവിടാനാണ്‌ ഇ‍ൗ ചക്കളത്തിപ്പോരാട്ടമെങ്കിൽ, കുടത്തിൽനിന്ന്‌ തുറന്നുവിട്ട ഇ‍ൗ ഭൂതം നിങ്ങളെ വിഴുങ്ങുന്ന കാലം അതിവിദൂരത്തല്ലെന്ന്‌ ഓർമിപ്പിക്കേണ്ടി വരും. അതാണ്‌ ചരിത്രവും പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home