ad
Deshabhimani

print edition ​വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്‌ ആർക്കുവേണ്ടി

editorial.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 22, 2026, 12:01 AM | 2 min read

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ വീര്യംകുറഞ്ഞ മദ്യത്തിന് വൻ നികുതിയിളവ് പ്രഖ്യാപിച്ചതിനു പിന്നിൽ വലിയ അഴിമതിയാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്‌. സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം നടപ്പാക്കാത്ത സർക്കാർ മദ്യക്കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കുന്ന നികുതിയിളവ് പ്രഖ്യാപിച്ചത് സ്വാഭാവികമായും സംശയം ഉയർത്തുന്നു. ഇതിനു പിന്നിൽ പൊതുതാൽപ്പര്യമാണോ അതോ കോർപറേറ്റ് മദ്യലോബികളുടെ താൽപ്പര്യമാണോ പ്രവർത്തിച്ചതെന്ന് ബജറ്റ്‌ അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശന്‌ ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്. നിലവിലുണ്ടായിരുന്ന നികുതി ഗണ്യമായി കുറച്ചതിലൂടെ സംസ്ഥാനത്തിന് 600 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടമുണ്ടാകും. സ്‌ത്രീകളെയും ചെറുപ്പക്കാരെയുമാണ്‌ മദ്യക്കന്പനികൾ ലക്ഷ്യമിടുന്നത്‌. ഇവിടെ ശ്രദ്ധേയമാകുന്നത് എക്‌സൈസ് വകുപ്പിന്റെയും ധനവകുപ്പിന്റെയും നിലപാടുകളിലെ വൈരുധ്യമാണ്. വീര്യംകുറഞ്ഞ മദ്യത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിതന്നെ വ്യക്തമാക്കുന്നു. മന്ത്രിസഭയിൽപ്പോലും ചർച്ച ചെയ്യാത്ത, നയപരമായ വിഷയം ബജറ്റിൽ ഉൾപ്പെടുത്തി നികുതിയിളവ് പ്രഖ്യാപിക്കാൻ എന്താണ് അടിയന്തര സാഹചര്യമെന്ന് പൊതുജനങ്ങൾക്ക്‌ അറിയാനുള്ള അവകാശമുണ്ട്‌.


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പഴവർഗങ്ങളും കാർഷികോൽപ്പന്നങ്ങളും ഉപയോഗിച്ച് വീര്യംകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതകളാണ് പരിഗണിച്ചത്. അതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വിപണി സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ച ഇളവ് പ്രധാനമായും സ്പിരിറ്റ് അധിഷ്ഠിതമായി നിർമിക്കുന്ന ‘റെഡി ടു ഡ്രിങ്ക്’ മദ്യങ്ങൾക്ക് ഗുണം ചെയ്യുന്നതാണ്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് കർഷകർക്കല്ല, മറിച്ച് വൻകിട മദ്യക്കമ്പനികൾക്കാണ്‌. യുഡിഎഫ് ഭരണത്തില്‍ എല്ലാകാലത്തും അഴിമതി ആരോപണങ്ങള്‍ ഉയരാറുള്ളത്‌ മദ്യമേഖലയുമായി ബന്ധപ്പെട്ടാണ്. വീര്യംകുറഞ്ഞ മദ്യത്തിന്‌ ആദ്യ ബജറ്റില്‍ത്തന്നെ നികുതിയിളവ് നല്‍കുന്നത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ ഒഴുക്കിയ പണം തിരിച്ചുപിടിക്കുന്നതിനും വന്‍കിട മദ്യക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനും ലക്ഷ്യമിട്ടാണ്. അതുവഴി പ്രമുഖ നേതാക്കൾക്ക്‌ കോടികള്‍ സ്വന്തമാക്കാനും. മദ്യനിർമാണ മേഖലയിലെ വൻകിട കമ്പനികളുടെ ഒത്താശയും സമ്മർദവും ഇതിനു പിന്നിലുണ്ടെന്ന്‌ പകൽപോലെ വ്യക്തം.


നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് യുഡിഎഫ് ഒഴുക്കിയ പണത്തിന് കണക്കില്ല. കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനങ്ങളിൽനിന്നാണ് ഈ പണം എത്തിയത്. കൂടുതലും കർണാടകം, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന്‌. ഇ‍ൗ രണ്ട്‌ സംസ്ഥാനത്തെ മദ്യലോബിയെ സഹായിക്കാനാണ്‌ റെഡി ടു ഡ്രിങ്ക് തരത്തിലുള്ള വീര്യംകുറഞ്ഞ മദ്യം സുലഭമാക്കാനുള്ള പ്രഖ്യാപനം വന്നത്‌. കലാലയങ്ങൾക്ക് സമീപംപോലും മറ്റ് സംസ്ഥാനങ്ങളിൽ ഇവയുടെ വിപണന കേന്ദ്രങ്ങളുണ്ട്‌. സമാന അവസ്ഥ കേരളത്തിലും കൊണ്ടുവരാനാണ് ഇപ്പോഴത്തെ നിർദേശം കാരണമാകുക. ഇടപാടില്‍ എത്ര കിട്ടിയെന്നതു മാത്രമാണ് ഇനി വെളിവാകേണ്ടത്.

സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് പൊതുമേഖലയില്‍ നിര്‍മിച്ച് വിപണനം നടത്തിയ ‘ജവാന്‍’ മദ്യത്തിന്റെ ഉല്‍പ്പാദനം നിന്നതിനെയും നിഷ്കളങ്കമായി കാണാന്‍ സാധിക്കില്ല. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സിലെ ജവാൻ മദ്യ ഉൽപ്പാദനം നിലച്ചതിലും പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലെ ഉൽപ്പാദനം ആരംഭിക്കാത്തതിലും വന്‍കിട മദ്യലോബികളുടെ ഇടപെടല്‍ സംശയിക്കേണ്ടിയിരിക്കുന്നു.


പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയില്‍ പ്രവര്‍ത്തനം നിലച്ച പഞ്ചസാര മില്‍ നവീകരിച്ച്, അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ മദ്യ ഉല്‍പ്പാദനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തപ്പോള്‍ അതിനെതിരെ രംഗത്തുവന്നവരാണ്‌ കോണ്‍ഗ്രസും യുഡിഎഫും. വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ എല്‍ഡിഎഫിനെതിരെ തുടർച്ചയായി ഇല്ലാക്കഥകൾ സൃഷ്‌ടിച്ച അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി ഡി സതീശന്റെ ഇരട്ടത്താപ്പ്‌ കൂടുതൽ വെളിപ്പെടുകയാണിപ്പോൾ. പ്രതിപക്ഷത്തിരുന്ന കാലത്ത് മദ്യനയത്തിലെ ഓരോ തീരുമാനത്തെയും അഴിമതിയുമായി ബന്ധപ്പെടുത്തി വിമർശിച്ച നേതാക്കളാണ് ഇന്ന് ഭരണപക്ഷത്ത്. അതുകൊണ്ടുതന്നെ വീര്യംകുറഞ്ഞ മദ്യത്തിന് നൽകിയ നികുതിയിളവിന്റെ അടിസ്ഥാനമെന്ത്, ആരുടെ നിർദേശപ്രകാരമാണ് തീരുമാനം എടുത്തത്, ഇതിലൂടെ സർക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടം എത്ര, അതിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാകും എന്നീ കാര്യങ്ങൾ സർക്കാർ വിശദീകരിക്കുകതന്നെ വേണം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home