print edition ബ്രിട്ടനിൽ സ്‌റ്റാമറുടെ രാജിക്ക് മുറവിളി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമര്‍ രാജിവയ്ക്കണമെന്ന ആവശ്യം ലേബർ പാർടിയിൽ ശക്തമായതോടെ അടുത്തയാഴ്ചയോടെ അദ്ദേഹം സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. കീർ സ്റ്റാമര്‍ ഒഴിഞ്ഞ് പകരം പ്രമുഖനേതാവ് ആൻഡി ബേൺഹാം പ്രധാനമന്ത്രിയാകണമെന്നാണ് ലേബര്‍ പാര്‍ടിയില്‍ ആവശ്യമുയരുന്നത്. ഈ ആഴ്ച ആദ്യം വടക്കൻ ഇംഗ്ലണ്ടിലെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ റിഫോം യുകെ എന്ന തീവ്രവലതു പാര്‍ടിക്കെതിരെ ആൻഡി ബേൺഹാം ഉജ്വലവിജയം നേടിയിരുന്നു.
നിലവിൽ പാർടിയിൽ നേതൃസ്ഥാനത്തേക്ക് മത്സരമില്ലെന്നും രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് നല്ല കാര്യമല്ലെന്നും സ്‌റ്റാമർ പ്രതികരിച്ചു. മേക്കർഫീൽഡിൽ ആൻഡി ബേൺഹാം വിജയിച്ചത് പാർടിയുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആൻഡി ബേൺഹാം തന്റെ പുതിയ മന്ത്രിസഭയുടെ ആലോചനയിലാണെന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്‌തു. മുന്നൂറോളം ലേബർ എംപിമാരുടെ പിന്തുണ ബേൺഹാമിനുണ്ടെന്നാണ് അവകാശവാദം.
സ്റ്റാമർ പടിയിറങ്ങിയാൽ 10 വർഷത്തിനിടെ ബ്രിട്ടൻ കാണുന്ന ഏഴാമത്തെ പ്രധാനമന്ത്രിയായിരിക്കും അടുത്തത്ത്. 2024 ജൂലൈയിൽ വൻ ഭൂരിപക്ഷത്തോടെയാണ് സ്റ്റാമർ അധികാരത്തിലേറിയത്.
എന്നാൽ അടുത്ത കാലത്തായി ഉയർന്ന ചില വിവാദങ്ങൾ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള ലേബർ പാർടി മുൻ നേതാവ് പീറ്റർ മാൻഡൽസണെ യുഎസിലെ ബ്രിട്ടീഷ് അംബാസഡറാക്കിയതും നികുതി-യിൽ വരുത്തിയ മാറ്റങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിച്ചു.










0 comments