print edition ജയം തുടരാൻ അർജന്റീനയും ഫ്രാൻസും

സാൻഫ്രാൻസിസ്‌കോ: ലോകകപ്പിലെ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ചാന്പ്യൻമാരായ അർജന്റീനയും റണ്ണറപ്പായ ഫ്രാൻസും ഇറങ്ങുന്നു. അർജന്റീന ഇന്ന് രാത്രി 10.30ന് ഓസ്‌ട്രിയയെ നേരിടും. ജയിച്ചാൽ ഒരു കളി ശേഷിക്കെ ചാന്പ്യൻമാർക്ക് മുന്നേറാം. നാളെ പുലർച്ചെ 2.30ന് ഫ്രാൻസ് ഏഷ്യൻ കരുത്തരായ ഇറാഖിനെ നേരിടും. ആദ്യ മത്സരത്തിൽ സെനെഗലിനെ കെട്ടുകെട്ടിച്ച ഫ്രാൻസിനും ജയിച്ചാൽ ഉറപ്പിക്കാം.
അൾജീരിയയെ ലയണൽ മെസിയുടെ ഹാട്രിക്കിൽ തകർത്താണ് അർജന്റീനയുടെ വരവ്. നായകനിൽ തന്നെയാണ് പ്രതീക്ഷ. മെസിയോടൊപ്പം ലൗതാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് എന്നിവർ അണിനിരക്കുന്ന മുന്നേറ്റനിര എതിരാളികളുടെ ഉറക്കം കെടുത്തുന്നതാണ്. എന്നാൽ ആദ്യ കളിയിൽ മെസിക്കല്ലാതെ മറ്റാർക്കും തിളങ്ങാനായില്ല. നവാഗതരായ ജോർദാനെ മറികടന്ന ഓസ്‌ട്രിയയും മികച്ച ഫോമിലാണ്. നായകൻ ഡേവിഡ് അലാബ ഉൾപ്പെടുന്ന പ്രതിരോധനിരയാണ് കരുത്ത്.
പരിശീലകൻ റാൾഫ് റാഗ്‌നിക്കിന്റെ തന്ത്രങ്ങളും അർജന്റീനയ്‌ക്ക് വെല്ലുവിളിയാകും.
ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയുടെ ഗോളടി മികവിലാണ് ഫ്രാൻസിന്റെ കുതിപ്പ്. മിച്ചേൽ ഒലീസെ, ബ്രാഡ്‌ലി ബർകോള എന്നിവരടങ്ങിയ യുവനിരയും കരുത്തേകുന്നു. നോർവേയോട് തോറ്റ ഇറാഖിന് നിർണായകമാണ്. പ്രതിരോധ പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ പുറത്തേക്കുള്ള വഴിയൊരുങ്ങും.










0 comments