print edition ഓപ്പറേഷൻ ടൈഗർ: ഉദ്ധവ് വിഭാഗം വിട്ടത് സ്ഥിരീകരിച്ച് എംപിമാർ

ന്യൂഡൽഹി: ശിവസേന ഉദ്ധവ്‌താക്കറേ വിഭാഗത്തെ പിളർത്തിയ ബിജെപിയുടെ ‘ഓപറേഷൻ ടൈഗർ’ പൂർണം. ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്നതായി വിമത എംപിമാർ ഞായറാഴ്‌ച്ച സ്ഥിരീകരിച്ചു. ആറ് എംപിമാർ കൂട്ടത്തോടെ ഉദ്ധവ്‌താക്കറേ വിഭാഗം വിട്ട് ഷിൻഡേ വിഭാഗത്തിൽ ചേരാനുള്ള നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. കൂറുമാറ്റ നിയമപ്രകാരമുള്ള കുരുക്ക് ഒഴിവാക്കാനായി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
വിമത എംപിമാരുടെ കൂട്ടത്തിലെ നാഗേഷ് പാട്ടിൽ അഷ്‌തികറാണ് പാർടി വിട്ട കാര്യം ഞായറാഴ്‌ച്ച അറിയിച്ചത്. ‘18 വരെ താനും മറ്റുള്ളവരും പാർടി വിടുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ, ഉദ്ധവ്‌താക്കറേ വിഭാഗത്തിലെ സഞ്‌ജയ്‌റാവത്ത് ചില കടുത്ത പരാമർശങ്ങൾ നടത്തിയതോടെ ഇൗ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയായിരുന്നു’ – നാഗേഷ്‌പാട്ടിൽ പറഞ്ഞു.
നാഗേഷ്‌പാട്ടിലിന് പുറമേ എംപിമാരായ ദിനാപാട്ടിൽ, സഞ്‌ജയ്‌ദേശ്‌മുഖ്, സഞ്‌ജയ്‌ജാദവ്, ഭൗസാഹേബ് വക്‌ചൗരേ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നിവരാണ് ശിവസേന ഉദ്ധവ് വിഭാഗത്തിൽനിന്ന് ഷിൻഡേ വിഭാഗത്തിലേക്കും അതുവഴി എൻഡിഎ ക്യാംപിലേക്കും ചേക്കേറിയത്. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർ ഓംബിർളയ്‌ക്ക് കത്തും നൽകി. ഉദ്ധവ് വിഭാഗത്തിന് ലോക്‌സഭയിൽ ഒന്പത് എംപിമാരാണുള്ളത്.










0 comments