പ്ലസ്‌വൺ രണ്ടാംഘട്ട അലോട്ട്‌മെന്റ്; 22,069 പേർ പട്ടികയിൽ

സ്വന്തം ലേഖിക
Published on Jun 22, 2026, 01:05 AM | 1 min read
പാലക്കാട്
ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 22,069 വിദ്യാർഥികളാണ് അലോട്ട്‌മെന്റിൽ ഇടംനേടിയത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ അതത് സ്കൂളുകളിലെത്തി പ്രവേശനം നേടാം. രണ്ടാംഘട്ടത്തിൽ ജില്ലയിൽ 2,395 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. ആദ്യ അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ 2,331 പേർക്ക് ഉയർന്ന ഓപ്‌ഷനുകളിലേക്ക് മാറി. ജില്ലയിൽ 27,474 മെറിറ്റ് സീറ്റുകളിൽ 5,405 സീറ്റുകൾ ഒഴിവുണ്ട്. മൊത്തം 44,147 അപേക്ഷകരാണ് ജില്ലയിലുള്ളത്. ഇതിൽ 6,742 പേർ സ്വന്തം ജില്ലയ്‌ക്ക് പുറമേ മറ്റ് ജില്ലകളിലേക്കൂകൂടി അപേക്ഷിച്ചവരാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ആകെയുള്ള 267 സീറ്റുകളിൽ 227 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. സ്‌പോർട്‌സ് ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. ആകെ 701 സീറ്റുകളുള്ളതിൽ 575 പേർക്കാണ് ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. മെറിറ്റ് ക്വോട്ടയിൽ ഒന്നാം ഓപ്ഷൻതന്നെ ലഭിച്ച വിദ്യാർഥികൾക്ക് ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. താഴ്‌ന്ന ഓപ്ഷനുകൾ ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ തെരഞ്ഞെടുക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനകം സ്കൂളുകളിൽ പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.










0 comments