Deshabhimani

വിവാഹ ആലോചനക്ക് ക്ഷണിച്ചുവരുത്തി വയോധികനെ മർദിച്ച് പണവും ആഭരണവും കവർന്നു: യുവതി പിടിയിൽ

kollam
വെബ് ഡെസ്ക്

Published on Oct 18, 2026, 08:15 PM | 1 min read

കൊല്ലം: വിവിവാഹ ആലോചനയുടെ പേരിൽ വയോധികനെ ക്ഷണിച്ചുവരുത്തി രണ്ട് പേരുടെ സഹായത്തോടെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീന (33) ആണ് അറസ്റ്റിലായത്. ആയിരംതെങ്ങ് സ്വദേശി കെ ബാബു (68) ആണ് പരാതിക്കാരൻ.


കഴിഞ്ഞ ജൂൺ പതിനാറിനാറിനായിരുന്നു സംഭവം. ബന്ധുവിന്റെ മകന് വധുവിനെ അന്വേഷിച്ചാണ് വിവാഹ ദല്ലാൾപണി നടത്തുന്ന ഹസീനയുമായി ബാബു പരിചയപ്പെടുന്നത്. ഇതേക്കുറിച്ച് സംസാരിക്കുന്നതിനായി ഹസീന വിളിച്ചതനുസരിച്ച് ജൂൺ പതിനാറിന് പകൽ പത്ത് മണിയോടെ ബാബു കേരളപുരത്ത് എത്തുകയായിരുന്നു.


ഹസീന ഇയാളെ സ്‌കൂട്ടറിൽ കയറ്റി നെടിവിള ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചാണ് അതിക്രമം കാട്ടിയത്. ഇവർ വിളിച്ചുവരുത്തിയ രണ്ട് പേർ ബാബുവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ധിക്കുകയും മോതിരവും മാലയും പേഴ്‌സിലുണ്ടായിരുന്ന അയ്യായിരം രൂപയും മൊബൈൽ ഫോണും അപഹരിക്കുകയുമായിരുന്നു. പിന്നീട് ഇവർ ബാബുവിന്റെ ഷർട്ട് അഴിച്ചുമാറ്റി ഹസീനയോടൊപ്പം ഇരുത്തി ഫോട്ടോയെടുത്തശേഷം സംഭവം ആരോടെങ്കിലും പറഞ്ഞാൽ ഫോട്ടോ മക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


സംഭവത്തിനുശേഷം രണ്ട് കൂട്ടുപ്രതികളും ബാബുവിനെ ബൈക്കിൽ നടുക്കിരുത്തി കടവൂർ പാലത്തിനുസമീപം ഇറക്കിവിടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളിൽ ഹസീനയെ പോലീസ് തന്ത്രപൂർവം കുടുക്കുകയായിരുന്നു. ഹസീനയെ റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home