പ്രീമിയർ ലീഗ്: ബ്രൈറ്റണിന് ഗോൾമഴ, ബോൺമൗത്തിന് ജയം; ലീഡ്സ്–യുണൈറ്റഡ് സമനില

ടീം ബ്രൈറ്റൺ| Photo: X
ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ 5–0ന് തകർത്ത് ബ്രൈറ്റണിന് ഗോൾമഴ. 1956നുശേഷം ആദ്യമായാണ് ബ്രൈറ്റൺ പാലസിനെതിരെ ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്നത്. ഇതോടെ ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തിൽ അഞ്ച് ഗോളുകൾ നേടിയതിന്റെ റെക്കോഡിനൊപ്പവും ബ്രൈറ്റണെത്തി.
നാലാം മിനിറ്റിൽ പാലസ് താരം ജേഡി കാൻവോട്ട് വഴങ്ങിയ സെൽഫ് ഗോളിലൂടെ ബ്രൈറ്റൺ മുന്നിലെത്തി. ഏഴാം മിനിറ്റിൽ ഡീഗോ ഗോമസ് മധ്യനിരയിൽനിന്നുള്ള ഷോട്ടിലൂടെ ലീഡ് രണ്ടാക്കി. പത്താം മിനിറ്റിൽ യാസിൻ അയാരി മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ചരലാംപോസ് കോസ്റ്റുലാസും 84-ാം മിനിറ്റിൽ ജാക്ക് ഹിൻഷൽവുഡും ഗോൾ പട്ടിക പൂർത്തിയാക്കി.
ബോൺമൗത്ത് സണ്ടർലൻഡിനെ 2–0ന് തോൽപ്പിച്ചു. മാർക്കസ് ടവേർനിയറും ഇവാനിൽസണുമാണ് ബോൺമൗത്തിനായി ലക്ഷ്യം കണ്ടത്.
ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ 1–1 സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നിരാശ. എല്ലാ മത്സരങ്ങളിലുമായി തുടർച്ചയായ ആറാം മത്സരത്തിലും യുണൈറ്റഡിന് ജയിക്കാനായില്ല. ലീഡ്സിന്റെ മൈതാനമായ എല്ലാൻഡ് റോഡിൽ നടന്ന മത്സരത്തിൽ ബ്രയാൻ എംബ്യൂമോയുടെ ഗോളിലൂടെ 35-ാം മിനിറ്റിൽ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. യുവറി ടൈലമാൻസിന്റെ പാസിൽനിന്നായിരുന്നു ഗോൾ.
രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഡൊമിനിക് കാൽവർട്ട് ലെവിൻ ലീഡ്സിനായി സമനില ഗോൾ നേടി. താരിക് മുഹറമോവിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോൾ. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുണൈറ്റഡിന് രണ്ടാം പകുതിയിൽ മികവ് തുടരാനായില്ല. കൂടുതൽ ആക്രമണോത്സുകമായി കളിച്ച ലീഡ്സ് വിജയഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് 2–0ന് തോറ്റതിന് പിന്നാലെയാണ് യുണൈറ്റഡിന്റെ ഈ സമനില.







0 comments