നീറ്റലായി നീറ്റ്

പാലക്കാട് പിഎംജി സ്കൂളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനി പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷയുടെ ഭാഗമായി മൂക്കുത്തിയഴിക്കുന്നു /ഫോട്ടോ: സുമേഷ് കോടിയത്ത്
സ്വന്തം ലേഖിക
Published on Jun 22, 2026, 01:03 AM | 1 min read
പാലക്കാട്
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉയർത്തിയ വൻ വിവാദങ്ങൾക്കൊടുവിൽ നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. പരീക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ചോദ്യങ്ങൾ കഠിനമായിരുന്നുവെന്ന ആശങ്ക പങ്കുവച്ചു. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ചോദ്യങ്ങൾ കടുപ്പമുള്ളതായെന്നും ചില ചോദ്യങ്ങൾ ഏറെ സമയം ചിന്തിച്ച് എഴുതേണ്ടി വന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി വിദ്യാർഥികൾ പറഞ്ഞു. സിസ്റ്റത്തിന്റെ പാളിച്ചകൾമൂലം വീണ്ടും പരീക്ഷ എഴുതേണ്ടിവന്നതിന്റെ മാനസിക സമ്മർദത്തിന് പുറമേ, ചോദ്യങ്ങൾകൂടി പ്രയാസകരമായത് കുട്ടികളെ കൂടുതൽ നിരാശരാക്കി. ഒരിക്കൽ നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്ന തങ്ങൾക്ക് ഇത്തവണത്തെ കഠിനമായ ചോദ്യങ്ങൾ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് പരീക്ഷാർഥികളിൽ ഭൂരിഭാഗവും. പരീക്ഷാ നടത്തിപ്പിലെ അനാസ്ഥ കാരണം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായതിൽ രക്ഷിതാക്കളും കടുത്ത അമർഷത്തിലാണ്. കഞ്ചിക്കോട്, അകത്തേത്തറ, ഒറ്റപ്പാലം എന്നീ കേന്ദ്രീയ വിദ്യാലയങ്ങൾ, വട്ടേനാട് ജിവിഎച്ച്എസ്എസ്, പാലക്കാട് പിഎംജി എച്ച്‌എസ്‌എസ്, കഞ്ചിക്കോട് ജിഎച്ച്‌എസ്‌എസ്, കൂട്ടുപാത ഗവ. പോളിടെക്‌നിക് കോളേജ്, എലപ്പുള്ളി എച്ച്‌എസ്‌എസ്, പൊറ്റശേരി ജിഎച്ച്എസ്എസ്, ഒറ്റപ്പാലം എൽഎസ്എൻ എന്നീ കേന്ദ്രങ്ങളിലായി 4,796 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. കേന്ദ്രത്തിന്റെ മെയിൻ ഗേറ്റു-വരെ മാത്രമേ വിദ്യാർഥികൾക്കൊപ്പം എത്തുന്നവർക്ക് പ്രവേശനമുണ്ടായുള്ളൂ. പകൽ രണ്ടിന് ആരംഭിച്ച പരീക്ഷ വൈകിട്ട് 5.15ന് അവസാനിച്ചു.










0 comments