ad
Deshabhimani

വെമുലയ്ക്കും തദ്‌വിക്കും നീതി വേണം

edit
വെബ് ഡെസ്ക്

Published on Jan 31, 2026, 12:00 AM | 2 min read


സമൂഹത്തിൽ ജാതീയമായ വിവേചനവും അതിന്റെ ഭാഗമായുള്ള അടിച്ചമർത്തലുകളും തുടരണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഇന്ന്‌ രാജ്യം ഭരിക്കുന്നത്‌. ബിജെപി അടക്കമുള്ള ഹിന്ദുത്വവാദികൾ വിശ്വസിക്കുന്ന സനാതനധർമത്തിന്റെ കാതൽ വർണാശ്രമധർമമാണെന്നതുതന്നെയാണ്‌ അതിന്റെ മൂലകാരണം. ബ്രാഹ്മണരെ വിരാട്‌പുരുഷന്റെ മുഖമായും ക്ഷത്രിയരെ കൈകളായും വൈശ്യരെ തുടകളായും ശൂദ്രരെ പാദങ്ങളായും വിശേഷിപ്പിക്കുന്ന പുരുഷസൂക്തത്തിലെ വർണനകളും ഇ‍ൗ നാല്‌ വർണങ്ങളുടെ കടമകൾ പ്രതിപാദിക്കുന്ന മനുസ്‌മൃതിയുമാണ്‌ എക്കാലവും സംഘപരിവാറിന്റെ രാഷ്‌ട്രീയായുധം. രാജ്യത്തിന്റെ ഭരണഘടനയല്ല, മനുസ്‌മൃതിയാണ്‌ ആർഎസ്‌എസിനെ നയിക്കുന്ന അടിസ്ഥാന ഗ്രന്ഥം.


മുജ്ജന്മ പാപങ്ങളുടെ ഫലമായാണ്‌ ദളിതരായി ജനിക്കേണ്ടിവരുന്നതെന്നു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന മനുപ്രോക്തമായ പ്രത്യയശാസ്‌ത്രത്തിന്‌ മേൽക്കോയ്‌മ ലഭിക്കുന്പോൾ രാജ്യത്ത്‌ ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കും. ക്യാന്പസുകളിൽ രോഹിത്‌ വെമുലമാരും പായൽ തദ്‌വിമാരും ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കും. അവരുടെ ആത്മഹത്യകൾ വാർത്തയല്ലാതായി മാറുകയും ചെയ്യും. എല്ലാവർക്കും തുല്യത ഉറപ്പാക്കണമെന്ന ഭരണഘടനാപരമായ ബാധ്യതയാണ്‌ ഇ‍ൗ വിവേചനങ്ങളിലൂടെ ലംഘിക്കപ്പെടുന്നത്‌.


ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർഥി രോഹിത്‌ വെമുല 2016ലും മുംബൈയിലെ ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പിജി വിദ്യാർഥിനി ഡോ. പായൽ തദ്‌വി 2019ലും ജാതിനിന്ദകൾക്ക്‌ ഇരയായി ആത്മഹത്യ ചെയ്‌തതഎന്നാൽ, ഇതുകൊണ്ടൊന്നും വിവേചനം അവസാനിച്ചില്ല. 2025-ൽ വിദ്യാഭ്യാസത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ നൽകിയ കണക്കുപ്രകാരം, അഞ്ചുവർഷത്തിനിടയിൽ വിദ്യാഭ്യാസ ക്യാമ്പസുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജാതിവിവേചന പരാതികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. 2019-–20 കാലയളവിൽ 173 പരാതികളായിരുന്നത് 2023–-24 ആയപ്പോഴേക്കും 378 ആയി ഉയർന്നു.


രോഹിത്‌ വെമുലയുടെയും പായൽ തദ്‌വിയുടെയും അമ്മമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഇടപെടുന്നത്‌ ഇ‍ൗ പശ്ചാത്തലത്തിലാണ്‌. പരാതി പരിഗണിച്ച സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ്‌ ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ 2026’ എന്ന പേരിൽ യുജിസി വിജ്ഞാപനം പുറപ്പെടുവിച്ചത്‌.


ഇതിന്‌ തൊട്ടുപിന്നാലെ ശക്തമായ പ്രതിഷേധമാണ്‌ സംഘപരിവാർ വടക്കേ ഇന്ത്യയിലാകമാനം സംഘടിപ്പിക്കുന്നത്‌. സവർണവിഭാഗങ്ങളുടെ ആശങ്കകളെ ഇത് അവഗണിക്കുന്നുവെന്ന്‌ ആരോപിച്ചാണ്‌ പ്രതിഷേധങ്ങൾ. എബിവിപിയും മുതിർന്ന ബിജെപി നേതാവ്‌ കൽരാജ്‌ മിശ്ര ഉൾപ്പെടെയുള്ളവരും വിജ്ഞാപനത്തിനെതിരെ രംഗത്തുവന്നു.


1990ൽ വി പി സിങ്‌ സർക്കാർ മണ്ഡൽ കമീഷൻ റിപ്പോർട്ട്‌ രാജ്യത്ത്‌ നടപ്പാക്കിയപ്പോൾ ഉണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക്‌ ബിജെപിയുടെ പരോക്ഷമായ പിന്തുണയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന്‌ ബിജെപി വളരെ പ്രകടമായിത്തന്നെ യുജിസി ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുന്നു. പിന്നാക്കവിഭാഗങ്ങൾക്ക്‌ 27 ശതമാനം സംവരണം നിർദേശിക്കുന്ന മണ്ഡൽ കമീഷൻ ശുപാർശകൾ ഹിന്ദുസമൂഹത്തിൽ തങ്ങൾക്കുള്ള സ്വാധീനം നഷ്‌ടമാക്കുമെന്ന്‌ ഭയപ്പെട്ടു. മണ്ഡലിനെതിരെ കമണ്ഡൽ എന്ന പേരിൽ ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട്‌ അയോധ്യ രാമക്ഷേത്രപ്രസ്ഥാനം ശക്തമാക്കിയതും എൽ കെ അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നതും ഇതേ കാലയളവിലാണ്. സമാനമായ ഒരു പ്രതിഷേധം യുജിസിക്കെതിരെ രൂപപ്പെടാനുള്ള സാധ്യത രാജ്യത്ത്‌ നിലനിൽക്കുന്നുണ്ട്‌.


യുജിസി വിജ്ഞാപനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞദിവസം സുപ്രീംകോടതി ഇ‍ൗ ചട്ടങ്ങൾ സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌. ചട്ടത്തിലെ ചില വ്യവസ്ഥകൾ പ്രഥമദൃഷ്‌ട്യാ വ്യക്തതയില്ലാത്തതാണെന്നും ദുരുപയോഗസാധ്യത ഉള്ളതാണെന്നും വാക്കാൽ നിരീക്ഷിച്ചാണ്‌ സ്‌റ്റേ. അവ്യക്തവും ദുരുപയോഗസാധ്യതയുള്ളതുമായ വ്യവസ്ഥകൾ ഒഴിവാക്കാനാണ്‌ ആലോചിക്കുന്നതെന്നും അത്‌ സൂക്ഷ്‌മമായി പരിശോധിക്കുന്നതിനായി പ്രമുഖ നിയമജ്ഞർ അംഗങ്ങളായ സമിതി ഉണ്ടാക്കുമെന്നുമാണ്‌ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞത്‌.


സംഘപരിവാറിന്റെ അക്രമാസക്ത സമരഭീഷണിയുടെ പശ്ചാത്തലത്തിൽ വളരെ സുപ്രധാനമായ ഒരു വിജ്ഞാപനത്തിന്‌ സ്‌റ്റേ നൽകിയത്‌ തീർച്ചയായും വിവേചനം നേരിടുന്നവരെ നിരാശപ്പെടുത്തുന്നതാണ്‌. സാന്പത്തികവും സാമൂഹ്യവുമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികളെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്‌ അകറ്റിനിർത്താൻമാത്രമേ ഇത്തരം പ്രതിഷേധങ്ങൾ ഇടവരുത്തൂ. സഹസ്രാബ്‌ദങ്ങളായി വിവേചനത്തിന്റെ ഇരകളായി തുടരുന്നവരുടെ തലമുറയുടെ ഭാവി മോദിഭരണത്തിൽ ശോഭനമല്ലെന്ന്‌ തീർച്ച.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home