ad
Deshabhimani

print edition ജനരോഷത്തിന്റെ താക്കീതായി ജൻ ആക്രോശ് റാലി

editorial.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 12:00 AM | 2 min read

രാജ്യത്തിന്റെ മനുഷ്യവിഭവവും സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ അടിയറ വയ്ക്കുന്ന, ഹിന്ദുത്വരാഷ്ട്രീയം നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിനെതിരായ ജനരോഷം പ്രതിഫലിക്കുന്നതായി ഡൽഹിയിലെ രാംലീലാ മൈതാനത്ത് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൻ ആക്രോശ് റാലി. ജനങ്ങളെ ഭിന്നിപ്പിക്കുകയും ജനസാമാന്യത്തെ കൊള്ളയടിക്കുകയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനും അതിന്റെ സാമ്പത്തികനയങ്ങൾക്കും ബദൽ ഇടതുപക്ഷം മാത്രമാണെന്ന സന്ദേശമാണ് റാലിയിലെ വൻ ജനപങ്കാളിത്തത്തിലൂടെ വടക്കേ ഇന്ത്യ മുന്നോട്ടുവച്ചത്.


വിരലിലെണ്ണാവുന്ന കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുകയും അതിന്റെ ഫലമായി വഴിയാധാരമാകുന്ന ജനകോടികളുടെ രോഷം വഴിതിരിക്കാൻ വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിജെപിയുടെ പൊയ്‌മുഖം അവർ സ്വന്തമെന്ന് അവകാശപ്പെടുന്ന ‘വടക്കേ ഇന്ത്യൻ ഹൃദയഭൂമി' തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണ് ജൻ ആക്രോശ് റാലിയിലെ ജനപങ്കാളിത്തം. എൻഡിഎ സർക്കാർ പിന്തുടരുന്ന നവ ഉദാരസാമ്പത്തിക നയങ്ങൾ ആദ്യമായി രാജ്യത്ത് നടപ്പാക്കിയ കോൺഗ്രസിന് ആ ജനവിരുദ്ധ നയങ്ങൾക്ക് ബദലുയർത്താൻ കഴിയില്ലെന്ന് ജനങ്ങൾക്ക് ബോധ്യമാകുന്നു. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർക്കുന്നതിന് കൂട്ടുനിന്ന്‌ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കുതിപ്പിന് കുടപിടിക്കുകയും മൃദുഹിന്ദുത്വം തുടരുകയും ചെയ്യുന്ന കോൺഗ്രസിന് ഹിന്ദുത്വരാഷ്ട്രീയത്തിനും ബദലാകാനാകില്ല. രാജ്യത്തെ ഗ്രസിച്ച കരാളരാഷ്ട്രീയത്തിനു ബദൽ ഇടതുപക്ഷം മാത്രമാണെന്ന ഗർജനമായിരുന്നു രാംലീലാ മൈതാനത്തെ ത്രസിപ്പിച്ച റാലി.

പതിറ്റാണ്ടുകൾ നീണ്ട അവകാശപ്പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ കവർന്ന് അവരെ തൊഴിലുടമകളുടെ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡുകൾ തികച്ചും ഏകപക്ഷീയമായി കേന്ദ്ര സർക്കാർ നടപ്പാക്കിയിരിക്കുകയാണ്. തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന, തൊഴിൽ സമയം വർധിപ്പിക്കുന്ന, പണിമുടക്ക് ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന നാല് പുതിയ ലേബർ നിയമങ്ങളും തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ജൻ ആക്രോശ് റാലി കരുത്തുപകരും.


ഇന്ത്യൻ ഗ്രാമങ്ങൾക്ക് ജീവശ്വാസമായി മാറിയ ഇടതുപക്ഷത്തിന്റെ സമ്മർദത്താൽ യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ചിറകരിയുന്നതിന് മോദി സർക്കാർ ആവിഷ്കരിച്ച വിബി ജി ആർഎഎംജി നിയമം റദ്ദാക്കണമെന്നതായിരുന്നു റാലി ഉയർത്തിയ മറ്റൊരു പ്രധാന ആവശ്യം. വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ എന്ന പേരിൽ തൊഴിലുറപ്പുണ്ടെങ്കിലും ഫലത്തിൽ തൊഴിലുറപ്പ് അട്ടിമറിക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥകളെന്ന് പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമീണ ഇന്ത്യയിലെ ദരിദ്രലക്ഷങ്ങളെ നഗരങ്ങളിലെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നതാണ് പുതിയ നിയമം. തൊഴിൽ ശക്തിയെ ചൂഷണത്തിന് കാഴ്ചവയ്ക്കുന്ന രാഷ്ട്രീയ സാമ്പത്തികനയത്തിന്റെ സന്തതിയാണ് ഈ നിയമമെന്ന യാഥാർഥ്യം അതിന്റെ തിക്തഫലം കൂടുതൽ അനുഭവിക്കുന്ന വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞ മാസം മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവന്ന ജൻ ആക്രോശ് ജാഥകൾക്ക് കഴിഞ്ഞിരുന്നു.


​വൈദ്യുതി വിതരണത്തിലെ സ്വകാര്യവൽക്കരണത്തിനും അതുവഴി ലാഭക്കൊള്ളയ്ക്കും നിരക്കുവർധനയ്ക്കും കാരണമാകുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബിൽ. കാർഷികാവശ്യങ്ങൾക്കും ഗാർഹിക ഉപയോക്താക്കൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നതിന് കാരണമാകുന്ന സബ്സിഡികൾ ഒക്കെയും ഒഴിവാക്കി സ്വകാര്യമേഖലയ്ക്ക് വൈദ്യുതി വിതരണം വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്നു ഈ ഭേദഗതി. സ്വകാര്യ കുത്തക കമ്പനികൾക്ക് വിത്തുവിപണിയിൽ നിയന്ത്രണം ലഭ്യമാക്കുന്ന ചെറുകിട കർഷകർക്ക് വിത്തിന്മേൽ അവകാശം ഇല്ലാതാക്കുന്ന വിത്ത് നിയമ ഭേദഗതിക്കെതിരെയും റാലിയിൽ പ്രതിഷേധമുയർന്നു. ഇന്ത്യയുടെ ആഭ്യന്തരവിപണിയിൽ യുഎസ് നിർമിത ഉൽപ്പന്നങ്ങൾ കുന്നുകൂട്ടാനും ഇന്ത്യയുടെ കൃഷിയും വ്യവസായവും വാണിജ്യവും തകർക്കാനും ഇടയാക്കുന്ന ഇന്തോ–യുഎസ് വ്യാപാര കരാർ റദ്ദാക്കണമെന്ന ആവശ്യം റാലി മുന്നോട്ടുവച്ചു.


പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വിലവർധനയും ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിലക്കയറ്റവും ചെറുകിട വ്യാപാര മേഖലയുടെ തകർച്ചയും ഉൾപ്പെടെ ഇന്ത്യയിലെ സാധാരണക്കാർ നേരിടുന്ന ദൈനംദിന പ്രശ്നങ്ങളും റാലിയിൽ ഉന്നയിക്കപ്പെട്ടു.

ജമ്മു കശ്മീർമുതൽ ജാർഖണ്ഡുവരെയുള്ള സംസ്ഥാനങ്ങളിൽനിന്ന് റാലിയിൽ അണിനിരന്ന ലക്ഷങ്ങൾ കൈയിലേന്തിയ ചെങ്കൊടികൾ രാംലീലാ മൈതാനത്തെ ചെങ്കടലാക്കിയപ്പോൾ തലസ്ഥാനനഗരി കണ്ടത് പുതിയൊരു സൂര്യോദയമായിരുന്നു. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വത്താൽ പ്രതിരോധിക്കാൻ ശ്രമിച്ച് ഉത്തരേന്ത്യയിൽനിന്ന് തൂത്തെറിയപ്പെട്ട കോൺഗ്രസിന്റെ സ്ഥാനം ഇനി സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷം ഏറ്റെടുക്കും. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, യുപി, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ പതിനായിരങ്ങൾ ഏന്തിയ ചെങ്കൊടിയും അവരുയർത്തിയ മുദ്രാവാക്യങ്ങളും അതിന്റെ സാക്ഷ്യമായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home