ad
Deshabhimani

print edition സമാധാനപ്രതീക്ഷ 
തകർക്കാൻ ഇസ്രയേലിനെ 
അനുവദിക്കരുത്‌

editorial.
വെബ് ഡെസ്ക്

Published on Jun 17, 2026, 12:00 AM | 2 min read

​അമേരിക്കയും ഇസ്രയേലും ചേർന്ന്‌ കഴിഞ്ഞ ഫെബ്രുവരി 28ന്‌ ഇറാനെതിരെ അടിച്ചേൽപ്പിച്ച യുദ്ധം അവസാനിപ്പിക്കാൻ ധാരണയായെന്ന വാർത്ത ലോകം ആശ്വാസത്തോടെയാണ്‌ കേട്ടത്‌. മൂന്നരമാസത്തിലേറെ നീണ്ട സംഘർഷത്തിന്റെ ആഘാതം ഇന്ധനക്ഷാമമായും ഭക്ഷ്യസാധനങ്ങൾക്കടക്കം രൂക്ഷമായ വിലക്കയറ്റമായും തൊഴിൽരംഗത്തെ അനിശ്ചിതത്വമായുമൊക്കെ ലോകം മുഴുവൻ അനുഭവപ്പെടുകയായിരുന്നു.


തൽക്കാലത്തേക്കെങ്കിലും സമാധാനം പുനഃസ്ഥാപിക്കപ്പെടുമെങ്കിലും യുദ്ധമുണ്ടാക്കിയ ദുരിതങ്ങൾക്ക്‌ ഉടനെ പരിഹാരമാകുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. യാങ്കി–സയണിസ്റ്റ്‌ സഖ്യത്തിന്റെ ആക്രമണത്തിന്‌ തിരിച്ചടിയായി ഇറാൻ അടച്ച ഹോർമുസ്‌ കടലിടുക്ക്‌ തുറക്കാൻ സമാധാനക്കരാർ ഇടയാക്കുമെങ്കിലും അതുവഴി കപ്പലുകൾ നീങ്ങാൻ പിന്നെയും ആഴ്‌ചകളെടുക്കും.


സംഘർഷത്തിന്റെ മറവിൽ പലരാജ്യങ്ങളിലും പാചകവാതകത്തിനും പെട്രോളിനും ഡീസലിനുംമറ്റും വില കുത്തനെ കൂട്ടിയത്‌ കുറയ്‌ക്കാൻ ഭരണാധികാരികൾ തയ്യാറാകാറില്ല എന്നതാണ്‌ അനുഭവം. ജനങ്ങളുടെമേൽ കൂടുതൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുന്നത്‌ സമാധാനപ്രതീതിമൂലം തൽക്കാലത്തേക്കെങ്കിലും നിർത്തിവയ്‌ക്കാൻ സർക്കാരുകൾ നിർബന്ധിതമായേക്കും.


മുന്പ്‌ പലരാജ്യങ്ങളിലും ചെയ്‌തതുപോലെ പച്ചക്കള്ളങ്ങൾ പറഞ്ഞാണ്‌ ഭരണമാറ്റം ലക്ഷ്യമിട്ട്‌ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സർവസന്നാഹങ്ങളും ഉപയോഗിച്ച്‌ ആക്രമണം ആരംഭിച്ചത്‌. കഴിഞ്ഞ ജൂണിൽ, കൃത്യം ഒരുവർഷംമുന്പ്‌ ഇതേ അക്രമിസഖ്യം ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. 12 ദിവസം നീണ്ട ആ ആക്രമണം അമേരിക്ക അവസാനിപ്പിച്ചത്‌ ഇറാന്റെ ആണവപദ്ധതി തീർത്തും ഇല്ലാതാക്കിയെന്ന്‌ അവകാശപ്പെട്ടാണ്‌.


എന്നാൽ, എട്ടുമാസം കഴിഞ്ഞ്‌ വീണ്ടും ആക്രമണം ആരംഭിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ആരോപിച്ചത്‌ ഇറാൻ അണുവായുധശേഷി കൈവരിക്കുന്നതിന്‌ തൊട്ടടുത്തെത്തി എന്നാണ്‌. അമേരിക്ക എവിടെ ആക്രമണം നടത്തുന്പോഴും ഇത്തരം നുണകളിലൂടെ ലോകത്തിന്റെ പൊതുബോധം സൃഷ്‌ടിക്കാൻ ശ്രമിക്കാറുള്ളതിനാൽ ഇതിൽ പുതുമയില്ല.


എന്നാൽ, ആദ്യദിവസംതന്നെ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയെയും സർക്കാരിലെയും സൈന്യത്തിലെയും പല ഉന്നതരെയും വധിച്ചതിലൂടെ ട്രംപിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ഖനിജ ഇന്ധനങ്ങളാൽ സന്പന്നമായ ഇറാനിൽ ഭരണമാറ്റമുണ്ടാക്കി ആ രാജ്യത്തിന്റെ എണ്ണ, പ്രകൃതിവാതക ശേഖരത്തിൽ പൂർണ ആധിപത്യം സ്ഥാപിക്കലായിരുന്നു പ്രധാന ലക്ഷ്യം. അതോടൊപ്പം മേഖലയിൽ ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ ചെറിയ ചെറുത്തുനിൽപ്പുപോലും ഉയരുന്നത്‌ തടയുക.


എന്നാൽ, ഗൂഢലക്ഷ്യങ്ങളൊന്നും സാക്ഷാൽക്കരിക്കാനാകാതെ ഇറാനിൽനിന്ന്‌ നാണംകെട്ട്‌ തലയൂരാൻ ട്രംപ്‌ നിർബന്ധിതനായിരിക്കുകയാണ്‌. മുന്പ്‌ ക്യൂബയിലും വിയറ്റ്‌നാമിലും അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുംമറ്റും അമേരിക്കയ്‌ക്കുണ്ടായ അപമാനത്തിന്റെ ആവർത്തനമാണ്‌ ഇറാനിലും സംഭവിച്ചിരിക്കുന്നത്‌. ഒറ്റദിവസംകൊണ്ട്‌ ഭരണം അട്ടിമറിച്ച്‌ ഇറാനിൽ പാവസർക്കാരിനെ സ്ഥാപിക്കാമെന്ന്‌ വ്യാമോഹിച്ചവർക്ക്‌, മേഖലയിൽ അമേരിക്കയ്‌ക്ക്‌ താവളം നൽകിയ രാജ്യങ്ങളിലെല്ലാം തിരിച്ചടി നൽകി സംഘർഷത്തെ മേഖലായുദ്ധമാക്കി മാറ്റിയാണ്‌ ഇറാൻ മറുപടി നൽകിയത്‌.


ഇസ്രയേൽ–അമേരിക്ക ആക്രമണത്തിൽ ഇറാനിലും ലെബനനിലുമായി കുഞ്ഞുങ്ങളടക്കം ഏഴായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. എന്നാൽ, 45 വർഷമായുള്ള പാശ്ചാത്യ ഉപരോധത്താൽ വലയുന്ന രാജ്യമായിട്ടും അക്രമികൾക്ക്‌ കനത്ത നാശമുണ്ടാക്കുന്നതിൽ ഇറാൻ വിജയിച്ചു. പാശ്ചാത്യരാജ്യങ്ങൾ ഉപരോധത്തിന്റെ ഭാഗമായി തടഞ്ഞുവച്ചിരിക്കുന്ന സന്പത്ത്‌ വിട്ടുകിട്ടുന്നതടക്കം ധാരണയിലെ വ്യവസ്ഥകൾ ഇറാന്റെ വിജയമാണ്‌. ഹോർമുസ്‌ കടലിടുക്ക്‌ ഇറാൻ തുറക്കുമെങ്കിലും അവിടെ ഫീസ്‌ ഇ‍ൗടാക്കാൻ ഇറാന്‌ സാധിച്ചേക്കും.


കരാറിന്റെ ഭാഗമായി ലെബനനിൽനിന്ന്‌ സൈന്യത്തെ പിൻവലിക്കില്ലെന്ന ഇസ്രയേൽ നിലപാടും അവിടെ ആക്രമണം തുടർന്നേക്കുമെന്ന സൂചനയും ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നതാണ്‌.


ഇറാനെതിരെ ആക്രമണം ആരംഭിക്കാൻ അമേരിക്കയെ കുത്തിയിളക്കുകയും പിന്നീട്‌ സമാധാനസാധ്യതകൾ ഉണ്ടായപ്പോഴെല്ലാം അട്ടിമറിക്കുകയും ചെയ്‌ത സയണിസ്റ്റ്‌ രാഷ്‌ട്രവും അതിന്റെ പ്രധാനമന്ത്രി നെതന്യാഹുവും ഇനിയും പ്രകോപനങ്ങൾക്ക്‌ മുതിർന്നാൽ ഒറ്റപ്പെടുത്താൻ സമാധാനം ആഗ്രഹിക്കുന്നവർക്കെല്ലാം ബാധ്യതയുണ്ട്‌. അമേരിക്ക അക്രമിരാഷ്‌ട്രം എന്ന ചീത്തപ്പേര്‌ വീണ്ടും ഉ‍ൗട്ടിയുറപ്പിച്ചു എന്നതല്ലാതെ ഇ‍ൗ യുദ്ധംകൊണ്ട്‌ എന്ത്‌ നേടിയെന്ന്‌ സ്ഥിരബുദ്ധിയുള്ള അമേരിക്കക്കാർ ചിന്തിക്കട്ടെ.


ട്രംപിന്റെ തോന്ന്യാസങ്ങൾക്കെതിരെ അമേരിക്കയിൽ വളർന്നുവരുന്ന വികാരം ഇപ്പോൾ തൽക്കാലത്തേക്കെങ്കിലും സമാധാനത്തിന്‌ പ്രേരിപ്പിച്ചിട്ടുണ്ട്‌. നവംബറിൽ അവിടെ കോൺഗ്രസിലേക്ക്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടക്കുകയാണല്ലോ. ഇറാനിലുണ്ടായ തോൽവിയുടെ നാണക്കേട്‌ മറയ്‌ക്കാൻ ട്രംപ്‌ ക്യൂബയ്‌ക്കെതിരെ ദുസ്സാഹസത്തിന്‌ മുതിർന്നേക്കും.


അത്തരം നീക്കങ്ങൾ തടയാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ട്‌. യുദ്ധം അവസാനിപ്പിക്കുന്നതിന്‌ മാധ്യസ്ഥ്യം വഹിച്ചതിലൂടെ പാകിസ്ഥാൻ കൈവരിച്ച നയതന്ത്രവിജയവും അമേരിക്കൻ വിധേയത്വത്താൽ പ്രതികരണശേഷി നഷ്‌ടപ്പെട്ട ഇന്ത്യൻ സർക്കാരിന്റെ കണ്ണ്‌ തുറപ്പിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home