ad
Deshabhimani

കപ്പ് നിറയെ 
കണ്ണീർ

Ipl Celebration Stampede
വെബ് ഡെസ്ക്

Published on Jun 06, 2025, 12:00 AM | 2 min read


ആരാധകരുടെ ആരവങ്ങൾ അതിർത്തികടത്തിയ പന്തുകളും അവരുടെ ആവേശത്തിലുയർന്ന ബാറ്റുകളുമാണ് ക്രിക്കറ്റ്. കാണികളുടെ, കളിയാരാധകരുടെ ആവേശമാണ് ഏതു ടീമിന്റെയും ഉയിരും ഊർജവും. എന്നിട്ടും വിജയലഹരിയിൽ വീണുമരിച്ച മനുഷ്യർക്കു മുന്നിൽ അവരുടെ ആരാധ്യപുരുഷർ അതേ വിജയത്തിന്റെ ആഘോഷം തുടരുന്ന കാഴ്‌ചയാണ് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ കണ്ടത്. ജയിച്ചവരെല്ലാം തോറ്റുപോയ ദിവസം. കളിക്കോപ്പുകൾ കണ്ണീരിൽ കുതിർന്നുപോയ നിമിഷം. ആഘോഷത്തിനുള്ള സുരക്ഷിതമായ അന്തരീക്ഷമൊരുക്കാതെ മനുഷ്യരെ, മനുഷ്യരുടെ കാലടിയിൽപ്പെട്ട് മരിക്കാൻ വിട്ടുകൊടുത്തവർ അതിന് മാപ്പും മറുപടിയും പറയേണ്ടതുണ്ട്. മരിച്ചവരിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നു.


പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ കിരീടം നേടുന്നത്. അതിനാൽ ആരാധകരുടെ സന്തോഷവും  വിജയാഘോഷവും പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. പ്രിയപ്പെട്ട ടീമിന്റെ വിജയാഘോഷത്തിനായി യുവജനങ്ങൾ ഒഴുകിയെത്തുമെന്ന് ഉറപ്പായിരുന്നു. അവർക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ കർണാടക സർക്കാരും അവിടത്തെ ക്രിക്കറ്റ് അസോസിയേഷനും പരാജയപ്പെട്ടു. സ്‌റ്റേഡിയത്തിലേക്ക് ആരാധകർ ഇരച്ചെത്തുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കാത്തത് തിരിച്ചടിയായി. ആവശ്യത്തിന് പൊലീസുകാരുടെ സേവനവും ലഭ്യമായില്ല. ദുരന്തമുണ്ടായിട്ടും സ്‌റ്റേഡിയത്തിൽ ആഘോഷ പരിപാടികൾ അരങ്ങേറിയതിന് ന്യായീകരണവുമില്ല.


ആഘോഷച്ചടങ്ങിന്‌ മുന്നൊരുക്കവും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 35,000 ഇരിപ്പിടശേഷിയുള്ള ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് അതിന്റെ ആറിരട്ടി ആളുകൾ കയറാൻ ശ്രമിച്ചെന്നാണ്‌ വിവരം. ഒരു കിലോമീറ്റർ ചുറ്റളവിൽമാത്രം അരലക്ഷം പേരുണ്ടായിരുന്നു. ചെറിയ ഗേറ്റുകളിലൂടെ എല്ലാവരും അകത്തേക്ക് പ്രവേശിക്കാൻ തിരക്കുകൂട്ടി. അതിനിടെ മഴ പെയ്തത് വീണ്ടും തിരക്ക് വർധിപ്പിച്ചു. അകത്ത് പരിപാടികൾ തുടങ്ങിയതോടെ ഉന്തും തള്ളുമായി. വൈകാതെ മനുഷ്യഗോപുരം വീഴുന്നപോലെ ദുരന്തമെത്തി.


ശ്വാസം കിട്ടാതെ മനുഷ്യർ പിടഞ്ഞു വീഴുമ്പോൾ സ്‌റ്റേഡിയത്തിനുള്ളിലെ സന്തോഷച്ചുവടുകൾ അശ്ലീലക്കാഴ്‌ചയായി. വിരാട് കോഹ്‌ലിയും സംഘവും കിരീടവുമായി മൈതാനത്ത് വലംവയ്‌ക്കുമ്പോൾ പുറത്ത് ആരാധകർ ജീവനായി പിടയുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി കൊടുത്തുവിടുക മാത്രമാണ് സർക്കാർ ചെയ്തത്. മറ്റൊരു പദ്ധതിയും ഉണ്ടായിരുന്നില്ല. സംഘാടകരായ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ശ്രദ്ധയും ആഘോഷത്തിലായി. പുറത്ത് ആംബുലൻസുകൾ മരണമണി മുഴക്കി പായുമ്പോൾ അകത്ത് കാണികൾക്കൊപ്പം സംഘാടകർ ആനന്ദ നൃത്തം ചവിട്ടി. സ്‌റ്റേഡിയത്തിനകത്തെ ഒരു പൂച്ചക്കുഞ്ഞുപോലും പുറത്തെ ദുരന്തവിവരം അറിഞ്ഞില്ലെന്നത്‌ വിശ്വസിക്കാനാകില്ല. അപ്പോൾ ക്രിക്കറ്റിനായി ജീവൻ നൽകേണ്ടി വന്നവരേക്കാൾ നിലയും വിലയും മറ്റ് പലതിനുമാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സിനും ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഇക്കുറി മത്സരങ്ങൾ രണ്ടര മാസത്തോളം നീണ്ടു. കളിക്കാർ ക്ഷീണിതരായിരുന്നു. ഫൈനലും സമ്മാനദാന ചടങ്ങും കഴിയാൻ അർധരാത്രിയായി. നേരം പുലർന്ന ഉടനെ കളിക്കാരെ അഹമ്മദാബാദിൽനിന്ന്‌ ബംഗളൂരുവിലെത്തിച്ചായിരുന്നു വിജയഘോഷയാത്ര ആസൂത്രണം ചെയ്തത്. ആ വേഗവും ശുഷ്കാന്തിയും ഒരുക്കത്തിനില്ലാതെപോയി. ബിസിസിഐയും ഐപിഎൽ ഭരണസമിതിയും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കൈയൊഴിയുകയാണ്‌ ചെയ്‌തത്‌. മത്സര നടത്തിപ്പിലും അതിന്റെ വിജയത്തിലും മാത്രമാകരുത്‌ കായിക സംഘടനകളുടെ ഉത്തരവാദിത്വം. അതുവരെ ഓരോ മത്സരത്തിനും കൈയടിച്ച മനുഷ്യരാണ്‌ മരിച്ചുവീണതെന്ന ചിന്തയെങ്കിലും ഉണ്ടാകേണ്ടതാണ്‌.


 ബാക്കിയാകുന്നത് ആർപ്പുവിളികളല്ല, നിലവിളികളാണ്. ഈ ദുരന്തം ഒരു പാഠമാകണം. വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയും ഉണ്ടാകണം. ത്രസിപ്പിക്കുന്ന വിജയങ്ങളും ആഘോഷങ്ങളും ഇനിയുമുണ്ടാകും. അതിരറ്റ സന്തോഷവുമായി ഇനിയും ഇതുപോലെ മഹാസംഗമങ്ങളുമുണ്ടാകും. അവിടെ എത്തുന്നവരുടെ ജീവൻ നഷ്‌ടപ്പെടാതിരിക്കണമെങ്കിൽ ആഘോഷങ്ങൾക്ക് സുരക്ഷയുണ്ടാകണം. അല്ലെങ്കിൽ മനുഷ്യനിർമിത ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും; വിക്ടറി പരേഡുകൾ കണ്ണീർ പരേഡുകളാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home