Deshabhimani

print edition ഐഡിബിഐ കൈമാറ്റം കേന്ദ്രം ഒരുക്കുന്ന കൊള്ള

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 16, 2026, 12:01 AM | 2 min read

കേരളത്തിൽ വേരുകളുള്ള കാത്തലിക്‌ സിറിയൻ ബാങ്കിനെ 2018ൽ വിഴുങ്ങിയ ഫെയർഫാക്‌സ്‌ ഫിനാൻഷ്യൽ ഹോൾഡിങ്‌സ്‌ എന്ന കനേഡിയൻ കോർപറേറ്റ്‌ ഇപ്പോഴിതാ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ)യുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പോകുന്നു. ഐഡിബിഐയുടെ ഭൂരിപക്ഷം ഓഹരികൾ -െഫയർഫാക്‌സിന്‌ വിൽക്കാൻ കഴിഞ്ഞ രാത്രി കേന്ദ്ര മന്ത്രിസഭായോഗം പച്ചക്കൊടി വീശി. കേന്ദ്രസർക്കാരിന്റെ 30.48 ശതമാനവും എൽഐസിയുടെ 30.24 ശതമാനവും ചേർന്ന 60.72 ശതമാനം ഓഹരിയാണ്‌ -െഫയർഫാക്‌സിന്‌ കൈമാറുക. ഒരു ഓഹരിക്ക്‌ 81 രൂപ വച്ച്‌ 52,878 കോടി രൂപയുടെ ഇടപാടാണ്‌ നടക്കുക.


ഇന്ത്യയുടെ വ്യാവസായികവളർച്ചയ്ക്ക്‌ അടിത്തറയിടാൻവേണ്ടി രൂപകൽപ്പന ചെയ്ത്‌ 1964ൽ ധനകാര്യസ്ഥാപനമായി ആരംഭിച്ച ഐഡിബിഐ പിന്നീട് വാണിജ്യ ബാങ്കായി മാറുകയായിരുന്നു. പിന്നീട്‌ 2005ൽ ബാങ്കിനെ ഐഡിബിഐ ലിമിറ്റഡിൽ ലയിപ്പിച്ചു. ഇങ്ങനെ നവഉദാരവൽക്കരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പല കസർത്തുകൾക്കും ഇ‍ൗ പൊതുമേഖല സ്ഥാപനം വിധേയമായി.


നിലവിൽ കേന്ദ്രസർക്കാരിന്റെയും എൽഐസിയുടെയും നിയന്ത്രണത്തിലുള്ള ഇ‍ൗ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും ഒരു വിദേശ കോർപറേറ്റ്‌ ധനകാര്യസ്ഥാപനത്തിന്‌ കൈമാറുന്ന കേന്ദ്ര മന്ത്രിസഭാതീരുമാനം വാസ്‌തവത്തിൽ സർക്കാർ സ്‌പോൺസർ ചെയ്‌ത കോർപറേറ്റ്‌ കൊള്ളതന്നെയാണ്‌. റിസർവ് ബാങ്കിന്റെ അനുമതി ഉൾപ്പെടെയുള്ള ഒ‍ൗപചാരികതകൾ പൂർത്തിയാകുന്നതോടെ ഐഡിബിഐ എന്ന സ്ഥാപനം പൂർണമായും വിദേശകുത്തകയുടെ നിയന്ത്രണത്തിലാകും.


ഇത്‌ രാജ്യത്തിന്റെ പൊതുമേഖലയുടെ ആസ്‌തിവിൽപ്പനയുടെ ക്ലാസിക്‌ ഉദാഹരണമാണ്‌. ഒരു ബാങ്കിനെ വിശ്വസിച്ചവരെമാത്രമല്ല, ഐഡിബിഐയെ ഒരു പ്രതിസന്ധിയിൽനിന്ന്‌ കരകയറ്റിയ ലൈഫ്‌ ഇൻഷുറൻസ് കോർപറേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തെക്കൂടിയാണ്‌ കേന്ദ്രസർക്കാർ ചതിച്ചത്‌. 2019 ജനുവരിയിലാണ്‌ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികൾ എൽഐസി സ്വന്തമാക്കിയത്‌. 2019 ജനുവരി 21 മുതൽ എൽഐസിയുടെ ഓഹരിപങ്കാളിത്തം 51 ശതമാനമായി ഉയർന്നു. എൽഐസിയിൽ വിശ്വാസമർപ്പിച്ച കോടിക്കണക്കിന്‌ ഇന്ത്യക്കാരെക്കൂടിയാണ്‌ മോദിസർക്കാർ വഞ്ചിച്ചത്‌.


ഒരു ബാങ്കിനെ സ്വകാര്യവൽക്കരിക്കുമ്പോൾ അതിന്റെ ഉടമസ്ഥാവകാശം മാത്രമല്ല മാറുന്നത്; വായ്‌പ വിതരണത്തിന്റെ മുൻഗണനകൾ, നിക്ഷേപതന്ത്രങ്ങൾ, ലാഭത്തെക്കുറിച്ചുള്ള സമീപനം എന്നിവയിലും മാറ്റം വരും. ഒരു സ്വകാര്യ ബാങ്കിന്റെ പ്രവർത്തനത്തിൽ ലാഭവും ഓഹരിയുടമകൾക്ക് ലഭിക്കുന്ന വരുമാനവും പ്രധാന പരിഗണനകളാണ്. അതേസമയം, പൊതുമേഖലാ ബാങ്കുകൾക്ക് ലാഭം നേടുന്നതിനൊപ്പം സാമൂഹികവും വികസനപരവുമായ ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ടതുണ്ട്.


ഐഡിബിഐ ഓഹരിവിൽപ്പനയിലൂടെ കേന്ദ്രസർക്കാരിനും എൽഐസിക്കും ഗണ്യമായ തുക ലഭിക്കും. എന്നാൽ, ഒരിക്കൽ വിറ്റഴിച്ച് പണം നേടുന്ന പൊതുസമ്പത്ത്, ഭാവിയിൽ ഉണ്ടാക്കുമായിരുന്ന വരുമാനത്തെയും പൊതുനയങ്ങൾ നടപ്പാക്കാനുള്ള ശേഷിയെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന്‌ രാജ്യം ഭരിക്കുന്നവർക്ക്‌ ഉത്തരമുണ്ടാകില്ല. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരിവിൽപ്പനയിൽ ലഭിക്കുന്ന തുക ഒറ്റത്തവണ വരുമാനമാണ്. അതേസമയം, ആ സ്ഥാപനത്തിന്റെ ഭാവിയിലെ ലാഭവിഹിതം, സാമ്പത്തികതീരുമാനങ്ങളിലെ നിയന്ത്രണം, വികസന മുൻഗണനകൾ നിർണയിക്കാനുള്ള ശേഷി എന്നിവയടക്കം ദീർഘകാല മൂല്യമുള്ള കാര്യങ്ങളാണ്‌ ഇതോടെ നഷ്‌ടമാകുന്നത്‌. കാത്തലിക്‌ സിറിയൻ ബാങ്ക്‌ ഏറ്റെടുത്തശേഷം അതിന്റെ തനിമ നഷ്ടപ്പെടുത്തുന്നവിധത്തിൽ പേരും പ്രവർത്തനരീതിയും മാറ്റിയ ഫെയർഫാക്‌സ്‌ പിന്നീട്‌ ഓഹരികൾ വിറ്റ്‌ കൊള്ളലാഭവും നേടി.


ഒരുവശത്ത്‌ 13 കോടിയിലധികം ഇന്ത്യൻ പ‍ൗരരുടെ വോട്ടവകാശം റദ്ദാക്കിക്കൊണ്ട്‌ ജനാധിപത്യക്കശാപ്പ്‌ നടത്തുകയും അതിനെതിരെ ചെറുത്തുനിൽപ്പ്‌ സംഘടിപ്പിക്കുന്നവരുടെ തല തല്ലിത്തകർക്കുകയും ചെയ്യുന്ന മോദിസർക്കാർതന്നെയാണ്‌ രാജ്യത്തിന്റെ ആസ്‌തികൾ ഒരു മറയുമില്ലാതെ വിറ്റുതുലയ്ക്കുന്നത്. തീവ്രമായ ദേശസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാരായി രാജ്യത്തിനുമുന്നിൽ അവതരിക്കുന്ന മോദി–അമിത്‌ ഷാ സഖ്യത്തിന്റെ കപടമുഖംതന്നെയാണ്‌ പൊതുമേഖലാ ബാങ്കിന്റെ വിദേശവൽക്കരണം അടക്കമുള്ള നടപടികളിലൂടെ വെളിപ്പെടുന്നത്‌. രാജ്യത്തിന്റെ സമ്പത്ത്‌ സംരക്ഷിക്കുന്ന ച‍ൗക്കിദാറുടെ വേഷം എടുത്തണിയുന്ന നരേന്ദ്ര മോദിയുടെ മുഖത്ത്‌ നോക്കി, നിങ്ങളുടെ പ്രവൃത്തികൾ രാജ്യതാൽപ്പര്യങ്ങൾക്ക്‌ എതിരാണെന്നും കോർപറേറ്റുകളുടെ ദല്ലാളാണെന്നും ആവർത്തിച്ച്‌ വിളിച്ചുപറയേണ്ട അവസരംകൂടിയാണ്‌ ഐഡിബിഐ ഓഹരിവിൽപ്പന സൃഷ്‌ടിച്ചുതന്നിരിക്കുന്നത്‌.


ദേശസാൽക്കരണത്തിൽനിന്നുള്ള പിന്മടക്കം എത്രമാത്രം ആപൽക്കരമാണെന്ന്‌ വ്യക്തമാകുന്ന സംഭവങ്ങളാണ്‌ ഇ‍ൗ മേഖലയിൽ സമീപവർഷങ്ങളിൽ കാണുന്നത്‌. ആഗോള സാമ്പത്തികപ്രതിസന്ധിയും മറ്റും ഉരുണ്ടുകൂടുന്ന സന്ദർഭത്തിൽ പൊതുആസ്‌തികൾ വിദേശമൂലധനത്തിന്‌ കൈമാറുന്നത്‌ രാജ്യത്തിന്റെ തന്ത്രപ്രധാന താൽപ്പര്യങ്ങൾക്ക്‌ ഹാനികരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home