ഒപെക്കിൽനിന്ന് യുഎഇ പിന്മാറുമ്പോൾ

മെയ് ഒന്നിന്, പെട്രോളിയം കയറ്റുമതി രാഷ്‌ട്രങ്ങളുടെ സംഘടനകളായ ഒപെക്കിൽനിന്നും ഒപെക് പ്ലസിൽനിന്നും പിൻവാങ്ങാൻ ഇവയിലെ പ്രധാന അംഗങ്ങളിലൊന്നായ യുഎഇ തീരുമാനിച്ചത് സമീപഭാവിയിൽ അല്ലെങ്കിലും ലോക രാഷ്‌ട്രീയ–സാന്പത്തിക രംഗങ്ങളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭൂമിക്കടിയിലെ എണ്ണസന്പത്തിൽ ലോകത്ത് മൂന്നാംസ്ഥാനവും പ്രകൃതിവാതകസന്പത്തിൽ രണ്ടാംസ്ഥാനവുമുള്ള ഇറാനെതിരെ യാങ്കി–സയണിസ്റ്റ് സഖ്യം ആരംഭിച്ച യുദ്ധം രണ്ടുമാസം പിന്നിടുന്പോഴാണ് അറബ്, ഗൾഫ് രാഷ്‌ട്രത്തിന്റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ ഭൗമരാഷ്‌ട്രീയത്തിലും ലോക സാന്പത്തികരംഗത്തും ആഘാതങ്ങളുണ്ടാക്കുന്നതാണ് തീരുമാനം. എണ്ണ ഉൽപ്പാദനം ലക്കില്ലാതെ കൂട്ടണമെന്ന തന്റെ ആവശ്യത്തിന് വഴങ്ങാത്ത ഒപെക്കിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവരുന്ന നിലപാടുകളുടെ തുടർച്ചയിലാണ് യുഎഇയുടെ പ്രഖ്യാപനത്തെ കാണേണ്ടത്. ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിനുമുന്പ് ജനുവരിയിൽത്തന്നെ ട്രംപ് ഒപെക്കിനെ നയിക്കുന്ന സൗദി അറേബ്യയോടും സംഘടനയിലെ മറ്റ് അംഗങ്ങളോടും എണ്ണ ഉൽപ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
യുഎഇ ഒപെക്കിൽനിന്ന് പിൻവാങ്ങാനുള്ള പ്രധാന കാരണം സംഘടനയുടെ നിയന്ത്രണമില്ലാതെ ഭാവിയിൽ എത്രവേണമെങ്കിലും ഉൽപ്പാദനം കൂട്ടാമെന്നതാണ്. 2020ൽ ട്രംപിന്റെ മാധ്യസ്ഥ്യത്തിൽ അബ്രഹാം കരാറുകളിലൂടെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച രണ്ടു പശ്ചിമേഷ്യൻ അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ആദ്യഭരണകാലം അവസാനിക്കുന്നതിന് തൊട്ടുമുന്പ് ട്രംപിന് വിദേശനയനേട്ടമായി അവകാശപ്പെടുന്നതിന് തട്ടിക്കൂട്ടിയതായിരുന്നു ആ ബന്ധം. യമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ 2015ൽ സൗദി അറേബ്യൻ നേതൃത്വത്തിലുണ്ടാക്കിയ സൈനിക സഖ്യത്തിലും പ്രധാന പങ്കാളിയായിരുന്നു യുഎഇ. എന്നാൽ, യുഎഇയുടെ പിന്തുണയുള്ള യമനി വിഘടനവാദികൾക്ക് ആയുധങ്ങളുമായി യമനിലെ മുകല്ല തുറമുഖത്തെത്തിയ കപ്പൽ, കഴിഞ്ഞ ഡിസംബറിൽ സൗദി ബോംബിട്ട് തകർത്തതിനെ തുടർന്ന് സഖ്യം പൊളിഞ്ഞിരുന്നു.
യഥാർഥത്തിൽ എന്തിനുവേണ്ടിയാണ് ഒപെക് രൂപീകരിച്ചതെന്നുപോലും പരിഗണിക്കാതെയാണ് യുഎഇയുടെ നടപടി. സപ്തസഹോദരിമാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പാശ്ചാത്യ എണ്ണക്കന്പനികൾക്ക് ലോകത്തെ എണ്ണവ്യവസായത്തിലുണ്ടായിരുന്ന ആധിപത്യം അവസാനിപ്പിച്ച് എണ്ണ ഉൽപ്പാദകരാഷ്‌ട്രങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് 1960ൽ അഞ്ചു രാജ്യങ്ങൾ ചേർന്ന് ഒപെക് രൂപീകരിച്ചത്. സ്വതന്ത്രരാജ്യമായി യുഎഇ സ്ഥാപിക്കുന്നതിന് നാലുവർഷംമുന്പ് 1967ൽ അബുദാബി എമിറേറ്റ് അംഗമായതുമുതൽ ആറുപതിറ്റാണ്ടോളമായി ഒപെക്കുമായി അതിന് ബന്ധമുണ്ട്. അത് അവസാനിപ്പിക്കാനുള്ള യുഎഇയുടെ തീരുമാനം ഒപെക്കിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്നാണ് വിപണിനിരീക്ഷകർ വിലയിരുത്തുന്നത്. മുന്പ് ചില ചെറിയ അംഗരാജ്യങ്ങൾ ഒപെക് വിട്ടിട്ടുണ്ടെങ്കിലും അതുപോലെയായിരിക്കില്ല യുഎഇയുടെ പിൻവാങ്ങൽ. ഒപെക് രാഷ്‌ട്രങ്ങളുടെ ആകെ എണ്ണ ഉൽപ്പാദനത്തിൽ 15 ശതമാനമാണ് ഇൗ രാജ്യത്തിന്റെ വിഹിതം. സൗദി അറേബ്യ കഴിഞ്ഞാൽ വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഏറ്റവുമധികം എണ്ണ ലഭ്യമാക്കാൻ സാധിക്കുന്ന രാജ്യവും യുഎഇയാണ്.
ഇൗ സാഹചര്യത്തിലാണ് യുഎഇയുടെ നടപടി, ഒപെക്കിനെ തകർക്കുകയെന്ന ട്രംപിന്റെ താൽപ്പര്യത്തിന്റെ സാക്ഷാൽക്കാരമാകുന്നത്. ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിനുമുന്പ് അസംസ്‌കൃത എണ്ണവില ബാരലിന് 73 ഡോളറോളം ആയിരുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച വില 116 ഡോളറോളമായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണയിടപാട് സ്‌തംഭിച്ചിരിക്കുന്നതിനാൽ യുഎഇയുടെ തീരുമാനം എണ്ണലഭ്യതയിൽ ഉടനെ മാറ്റമൊന്നും ഉണ്ടാക്കില്ല. എന്നാൽ, യുദ്ധം അവസാനിക്കുന്പോൾ വില നിയന്ത്രണത്തിൽ ഒപെക്കിന്റെ പങ്ക് ദുർബലമാകുമെന്നാണ് സൂചന. ലോകം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നതിനാൽ എണ്ണയുടെ ഉപയോഗം കുറയുന്നുണ്ട്. ഇൗ സാഹചര്യത്തിൽ പരമാവധി വേഗത്തിൽ പരമാവധി എണ്ണ വിറ്റ് പണമുണ്ടാക്കുകയെന്ന ‘ട്രംപിയൻ അത്യാർത്തി’യും യുഎഇയെ സ്വാധീനിച്ചിരിക്കാമെന്ന് നിരീക്ഷണമുണ്ട്. എന്തായാലും അരനൂറ്റാണ്ടുമുന്പ് ഉണ്ടായിരുന്ന സ്വാധീനത്തിന്റെ പകുതിമാത്രം ഇന്നുള്ള, ഒപെക്കിനെ കൂടുതൽ ദുർബലമാക്കുന്ന തീരുമാനം അത്യാർത്തിക്കാരായ വൻകിട മുതലാളിമാർക്കുമാത്രമാകും ഗുണമാകുക. പ്രകൃതിക്കും ഭൂമിയിലെ ജീവജാലങ്ങൾക്കുമെല്ലാം ഇത് ദോഷകരമായിരിക്കും.











0 comments