print edition ഭൂഗോളം ഇനിയൊരു പന്ത്

ഒരു പന്ത് കഥ പറയും. കവിതയെഴുതും. ആടും പാടും. ചരിത്രമെഴുതും. പകരം വീട്ടും. അധിനിവേശത്തിനെതിരെ സംഘം ചേരും. സാമ്രാജ്യത്തെ പിടിച്ചുകുലുക്കും. കോട്ടകൾ തകർക്കും. പുതിയ ഗാഥകൾ രചിക്കും. അതിശയോക്തിയല്ല, ഫുട്‌ബോൾ ലോകകപ്പ് സമാഗതമായിരിക്കുന്നു. യുദ്ധങ്ങളുടെയും വിലാപങ്ങളുടെയും കാലത്താണ് ഇത്തവണ ലോകകപ്പ്. അമേരിക്കയും കാനഡയും മെക്‌സിക്കോയും ആതിഥേയരാകുമ്പോൾ ഒട്ടേറെ സവിശേഷതകളുണ്ട്. മൂന്നു രാജ്യങ്ങൾ ഒരുമിച്ച് ലോകകപ്പ് നടത്തുന്നത് ആദ്യമായാണ്. ടീമുകളുടെ എണ്ണത്തിലും വർധനയുണ്ട്. 32ന് പകരം 48 ടീമുകൾ. ജൂലൈ 19ന്റെ ഫൈനൽ അടക്കം 104 മത്സരങ്ങൾ.
ലോകത്തെ ഏറ്റവും ജനപ്രിയ കളിയാണ് ഫുട്‌ബോൾ. ജീവിതത്തിന്റെ സമസ്‌ത വികാരങ്ങളും സാഹചര്യങ്ങളും കുടികൊള്ളുന്നതാണ് കാറ്റുനിറച്ച തുകൽപ്പന്തെന്നു പറയാം. കളിയിൽ ജയമുണ്ട്, തോൽവിയുണ്ട്. തിരിച്ചടിയും വൻ വീഴ്‌ചകളും സാധാരണം. പരാജയപ്പെട്ടിടത്തുനിന്ന് ഉയിർത്തെഴുന്നേൽക്കലുണ്ട്. മനുഷ്യജീവിതവുമായി അത്രയേറെ ഇൗ കളി ഇഴുകിച്ചേർന്നിരിക്കുന്നു. പലകാര്യങ്ങളിലും സർവകാല റെക്കോഡിട്ട കഴിഞ്ഞതവണത്തെ ഖത്തർ ലോകകപ്പ് നേരിട്ടും വിവിധ മാധ്യമങ്ങൾവഴിയും 500 കോടിപ്പേർ കണ്ടതായാണ് കണക്ക്. ലോക ജനസംഖ്യയുടെ പകുതിയേക്കാൾ കാഴ്‌ചക്കാരുണ്ടായി. ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീന ചാമ്പ്യൻമാരായ ഫൈനൽ വീക്ഷിച്ചത് 150 കോടിപ്പേർ.
ഇത്തവണ മൂന്നു രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളിലാണ് കളി. അതിൽ പതിനൊന്നും അമേരിക്കയിലാണ്. മെക്‌സിക്കോയിൽ മൂന്നും കാനഡയിൽ രണ്ടും. അമേരിക്കയിൽ 78 മത്സരങ്ങൾ, മെക്‌സിക്കോയിലും കാനഡയിലും 11 വീതം. ഇതിഹാസതാരങ്ങളായ പെലെയും മറഡോണയും ലോകകപ്പ് നേടിയ മെക്‌സിക്കോയിലെ അസ്‌റ്റെക സ്റ്റേഡിയത്തിലാണ് കിക്കോഫ്. 1970ൽ ഇറ്റലിയെ തോൽപ്പിച്ച് ബ്രസീൽ ചാമ്പ്യൻമാരായി. 1986ൽ പശ്ചിമജർമനിയെ പരാജയപ്പെടുത്തി മറഡോണയും അർജന്റീനയും ലോകകപ്പ് നേടി.
ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ തലവൻ ജിയാന്നി ഇൻഫാന്റീനോ ചരിത്രത്തിലെ ഏറ്റവും മനോഹര ലോകകപ്പാകുമെന്ന് പറയുന്നുണ്ടെങ്കിലും ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും കാർമേഘങ്ങളുണ്ടെന്നതാണ് യാഥാർഥ്യം. എല്ലാം അത്ര സന്തോഷകരവും തൃപ്‌തികരവുമല്ലെന്ന് പറയേണ്ടിവരും. ഇറാൻ ടീമിന്റെ പ്രതിഷേധമാണ് പ്രധാനം. അമേരിക്കയും ഇസ്രയേലും നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളോടുള്ള ആദരസൂചകമായി കോട്ടിൽ ‘168’ എന്ന് ആലേഖനം ചെയ്‌താണ് ഇറാൻ ടീം മെക്‌സിക്കോയിൽ എത്തിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കളിക്കാൻ ഇറാൻ തയ്യാറായിരുന്നില്ല. മത്സരങ്ങൾ മെക്‌സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫിഫ അംഗീകരിച്ചില്ല. ഇറാന്റെ എല്ലാ സംഘത്തിനും ഇപ്പോഴും വിസ ലഭിച്ചിട്ടില്ല. പല രാജ്യങ്ങളിലെ ആരാധകർക്കും യാത്രാവിലക്കുണ്ട്. അതിനിടെ സൊമാലിയൻ റഫറിയെ വിലക്കി. അമേരിക്കൻ നടപടികളിൽ ഫിഫയുടെ മൗനം അത്ഭുതപ്പെടുത്തുന്നു. കനത്ത ചൂടും ടിക്കറ്റിന്റെ പൊള്ളുന്ന വിലയും കാണികളെ അകറ്റുമോയെന്ന ആശങ്കയുമുണ്ട്.
ലോകകപ്പ് എക്കാലവും പാരമ്പര്യശക്തികളുടെ ആധിപത്യത്തിന്റേതാണ്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള ബലാബലത്തിൽ ഏഷ്യയും ആഫ്രിക്കയും പിന്തള്ളപ്പെടാറാണ് പതിവ്. എട്ടു രാജ്യങ്ങൾക്കുമാത്രമാണ് ഇതുവരെ ലോകകപ്പ് നേടാൻ കഴിഞ്ഞതെന്നോർക്കുക. ബ്രസീൽ അഞ്ചുതവണ ജേതാക്കളായപ്പോൾ ജർമനിയും ഇറ്റലിയും നാലുവട്ടവും കഴിഞ്ഞതവണത്തേതടക്കം അർജന്റീന മൂന്നുതവണയും കിരീടം ചൂടി. ഫ്രാൻസും ഉറുഗ്വേയും രണ്ടുതവണയും ഇംഗ്ലണ്ടും സ്‌പെയിനും ഓരോതവണയും ജേതാക്കളായി. ഇത്തവണയും ഇൗ രാജ്യങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രവചനം. തുടർച്ചയായി മൂന്നാംതവണയും ഇറ്റലി യോഗ്യത നേടിയില്ലെന്നത് ഫുട്‌ബോൾ ആരാധകർക്ക് നിരാശയുണ്ടാക്കുന്നതാണ്.
ഓരോ ലോകകപ്പുകാലത്തും ഉയരുന്ന ചോദ്യമാണ് ഇന്ത്യ എന്നു കളിക്കുമെന്നത്. ഫിഫ റാങ്കിങ്ങിൽ 139–ാംസ്ഥാനത്താണ് ഇന്ത്യ. നാലുവർഷം മുന്പത്തെ ലോകകപ്പുകാലത്ത് 106 ആയിരുന്നു റാങ്ക്.
അനിശ്ചിതത്വത്തിലായ ദേശീയ ലീഗുകളും ദീർഘവീക്ഷണമില്ലാത്ത ഫുട്‌ബോൾ ഫെഡറേഷനും ലോകകപ്പ് കളിക്കാനുള്ള സാധ്യതയെ പിറകോട്ടടിക്കുന്നു. ലോകകപ്പ് ആരവത്തിനൊപ്പം കേരളവുമുണ്ട്. നാടെങ്ങും ഇഷ്‌ട ടീമുകളുടെ കമാനങ്ങളും ബോർഡുകളും താരങ്ങളുടെ കട്ടൗട്ടുകളും ഉയർന്നു. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്‌മറുമൊക്കെ കളമൊഴിയുന്ന ലോകകപ്പാണ്. പുതിയ താരങ്ങളും ടീമുകളും ഉദിച്ചുയരുമെന്ന പ്രതീക്ഷയാണുള്ളത്.










0 comments