ad
Deshabhimani

അൽപ്പായുസ്സായ 
അന്വേഷണ നാടകങ്ങൾ

editorial.
വെബ് ഡെസ്ക്

Published on Jun 12, 2026, 12:30 AM | 2 min read

​പ്രതീക്ഷിച്ചതുതന്നെ ഒടുവിൽ സംഭവിച്ചു. ന്യൂസ്‌ ക്ലിക്ക്‌ എന്ന വാർത്താ പോർട്ടലിനുനേരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ തുടർന്നുവരുന്ന കടന്നാക്രമണങ്ങൾക്ക്‌ ജുഡീഷ്യറി തടയിട്ടിരിക്കുന്നു. മോദിസർക്കാരിന്റെ രാഷ്‌ട്രീയ പകപോക്കലുകൾക്ക്‌ അൽപ്പായുസ്സേ ഉള്ളൂ എന്ന്‌ തെളിയിക്കുന്നു ഡൽഹി ഹൈക്കോടതി ഇടപെടൽ. വിദേശ ധനസഹായം സ്വീകരിച്ചെന്ന ആരോപണം സൃഷ്ടിച്ച്‌ ന്യൂസ്‌ ക്ലിക്കിനും ചീഫ് എഡിറ്റർ പ്രബിർ പുർകായസ്തയ്‌ക്കുമെതിരെ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രഥമവിവര റിപ്പോർട്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ എൻഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇൻഫർമേഷൻ റിപ്പോർട്ടും (ഇസിഐആർ) റദ്ദാക്കിയ വിധി, രാജ്യത്ത്‌ സ്വതന്ത്ര മാധ്യമപ്രവർത്തനം പുലരണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യവാദികൾക്കും ആശ്വാസകരമാണ്‌. സ്വതന്ത്രവും നിഷ്‌പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരായ അധികാരദുരുപയോഗവും അന്യായമായ ആക്രമണവുമായിരുന്നു ഇഡിയുടെ നടപടികളെന്ന കോടതിനിരീക്ഷണം അങ്ങേയറ്റം സ്വാഗതാർഹവുമാണ്‌. ​​

ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ്‌ കെജ്‌രിവാളിനെയും ധനമന്ത്രിയായിരുന്ന മനീഷ്‌ സിസോദിയയെയും കൽത്തുറുങ്കിലടയ്‌ക്കാൻ കാരണമായ ഡൽഹി മദ്യനഅൽപ്പായുസ്സായ 
അന്വേഷണ നാടകങ്ങൾ അൽപ്പായുസ്സായ 
അന്വേഷണ നാടകങ്ങൾ യക്കേസിൽ എല്ലാ പ്രതികളെയും ഡൽഹി പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയതിന്റെ ക്ഷീണം സിബിഐക്ക്‌ മാറുംമുന്പാണ്‌ കേന്ദ്രസർക്കാർ തുടലഴിച്ചുവിട്ട മറ്റൊരു അന്വേഷണ ഏജൻസിയായ ഇഡിക്ക്‌ പുതിയ ആഘാതം. എഫ്‌ഐആറിലെ ആരോപണങ്ങൾ മുഴുവനായും ശരിയാണെന്ന് അംഗീകരിച്ചാലും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406–-ാംവകുപ്പിലെയും 420–-ാംവകുപ്പിലെയും കുറ്റകൃത്യങ്ങളുടെ അടിസ്ഥാന ഘടകങ്ങൾപോലും തെളിയുന്നില്ലെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കണ്ടെത്തി. ഇത്തരമൊരു എഫ്‌ഐആർ തുടരുന്നത് നിയമ നടപടിക്രമങ്ങളുടെ ഗുരുതര ദുരുപയോഗംമാത്രമാണെന്ന്‌ നിരീക്ഷിച്ചുകൊണ്ടാണ്‌ കോടതി എഫ്‌ഐആറും ഇഡി രജിസ്റ്റർ ചെയ്‌ത ഇസിഐആറും റദ്ദാക്കിയത്‌. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ)ത്തിന്റെ നാലാംവകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം നടന്നുവെന്ന് സൂചിപ്പിക്കുന്ന ഒരാരോപണംപോലും രേഖകളിലില്ലെന്നും കോടതി നിരീക്ഷിച്ചു. ​രാഷ്‌ട്രീയ എതിരാളികളെയെന്നപോലെ വിമതശബ്‌ദങ്ങളെയും വിമർശാത്മക മാധ്യമപ്രവർത്തനത്തെയും അടിച്ചൊതുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു മോദിസർക്കാർ ന്യൂസ്‌ ക്ലിക്കിനെതിരെ ഇഡിയുടെ വേട്ടപ്പട്ടികളെ അഴിച്ചുവിട്ടത്‌. അടിയന്തരാവസ്ഥക്കാലത്തേതുപോലെ പത്രങ്ങളുടെയും പത്രപ്രവർത്തകരുടെയും വായമൂടിക്കെട്ടിയ കുപ്രസിദ്ധമായ സംഭവങ്ങളുടെ പുതിയ വകഭേദമായിരുന്നു ന്യൂസ്‌ ക്ലിക്കിനെതിരെയുള്ള അടിച്ചമർത്തൽ. പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലും ഡൽഹിയിലുമായി നടന്ന ഐതിഹാസികമായ കർഷകപ്രക്ഷോഭത്തെ പ്രചോദിപ്പിച്ചുകൊണ്ട്‌ നിരവധി ന്യൂസ്‌ സ്റ്റോറികളും അഭിമുഖങ്ങളും തയ്യാറാക്കിയതിന്റെ പേരിലായിരുന്നു ന്യൂസ്‌ ക്ലിക്കിനുമേൽ ഇഡിയുടെ ബുൾഡോസർ ഇരന്പിപ്പാഞ്ഞത്‌. ഇന്ത്യയിൽ അട്ടിമറിപ്പണി ചെയ്യാൻ ചൈനയിൽനിന്നടക്കം ന്യൂസ്‌ ക്ലിക്ക്‌ പണം വാങ്ങിയെന്ന കല്ലുവച്ചനുണയുടെ അകന്പടിയോടെയായിരുന്നു നിരന്തരവേട്ട.

പ്രബിർ പുർകായസ്ത സിപിഐ എം സഹയാത്രികനാണെന്നതും മോദിസർക്കാരിനെ പ്രകോപിപ്പിച്ച ഘടകമാണ്‌. മുതിർന്ന സിപിഐ എം നേതാവ്‌ പ്രകാശ്‌ കാരാട്ടിനെയും ഇടതുപക്ഷചിന്തകൻ വിജയ്‌ പ്രഷാദിനെയും അടക്കം കുടുക്കാനും ശ്രമം നടത്തി. ​അമേരിക്ക ആസ്ഥാനമായ വേൾഡ്‌വൈഡ് മീഡിയ ഹോൾഡിങ്‌സ്‌ എന്ന കമ്പനി, വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ മറികടക്കാനായി ഓഹരികളുടെ മൂല്യം കൃത്രിമമായി ഉയർത്തിക്കാണിച്ച ഇടപാടിലൂടെ ന്യൂസ്‌ ക്ലിക്കിന് 9.59 കോടി രൂപയുടെ വിദേശനിക്ഷേപം നൽകിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ 2020 ആഗസ്‌തിലാണ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. തുടർന്ന്‌ 2021 ഫെബ്രുവരിയിൽ ന്യൂസ്‌ ക്ലിക്കിന്റെ ഓഫീസുകളിലും എഡിറ്റർമാരുടെ വസതികളിലും റെയ്ഡ് നടത്തുകയും പരിശോധനയും രേഖകൾ പിടിച്ചെടുക്കലും നടത്തുകയും ചെയ്‌തു. അതൊന്നും തിരിച്ചേൽപ്പിക്കാൻ ഇതുവരെ ഇഡി തയ്യാറായിട്ടില്ല. 2023 ഒക്‌ടോബറിൽ പ്രബിറിനെ ഡൽഹി പൊലീസ്‌ അറസ്റ്റ് ചെയ്‌ത്‌ തടവിലിട്ടു. അറസ്റ്റ്‌ നിയമവിരുദ്ധമാണെന്ന്‌ വിധിച്ച്‌ സുപ്ര‍‍ീംകോടതി 2024 മേയിൽ അദ്ദേഹത്തെ മോചിപ്പിച്ചു. പ്രബിറിനെ ഇതിനുമുമ്പും നിയമവിരുദ്ധതടവിൽ അടച്ചിട്ടുണ്ട്‌. ഡൽഹി പൊലീസ്‌ 51 വർഷംമുമ്പ്‌ അറസ്റ്റ്‌ ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ 25 വയസ്സ്‌. ഇടതുപക്ഷ പ്രവർത്തകൻ എന്നനിലയിൽ അമിതാധികാരവാഴ്-ചയെ എതിർത്തതായിരുന്നു അന്നും കുറ്റം. പൊലീസിന്റെ കൈയിൽ തെളിവും ഉണ്ടായിരുന്നില്ല. വിചാരണപോലുമില്ലാതെ ഒരുവർഷം ജയിലിലടച്ചു. ജെഎൻയുവിൽ ഗവേഷകവിദ്യാർഥിയായിരുന്നു പ്രബിർ. അന്ന് രാജ്യത്ത്‌ കോൺഗ്രസ്‌ അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയായിരുന്നു.

ഇന്നാകട്ടെ മോദിസർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയും. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ രാജ്യത്ത്‌ ഏറ്റവും പരിഹാസ്യമാംവിധം താഴ്-ന്ന ശിക്ഷാനിരക്കുള്ള അന്വേഷണ ഏജൻസിയാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. ഇപ്പോൾ അന്വേഷണം നടക്കുന്ന ഇഡി കേസുകളുടെ ഗതിയും ഇതുതന്നെയാകുമെന്ന്‌ ഉറപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home