Deshabhimani

print edition കേരള പൊലീസിന്റെ മാറിയ മുഖം ഭയാനകം

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 2 min read

ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയ ഇന്ത്യയിലെ പൊലീസ്‌ സംവിധാനം സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും മനുഷ്യാവകാശങ്ങൾക്ക്‌ പരിഗണനയൊന്നും നൽകിയിരുന്നില്ല. ജനങ്ങളെ അടിമകളായി കരുതാതെ സ്വതന്ത്രപ‍ൗരരായി കാണുന്ന പൊലീസ്‌ സംവിധാനമാണ്‌ ജനാധിപത്യവ്യവസ്ഥയിൽ വേണ്ടത്‌. ഇ‍ൗ ലക്ഷ്യം നേടാൻ ജനപങ്കാളിത്തത്തോടെ ജനങ്ങൾക്കായി പൊലീസ്‌നിയമം നടപ്പാക്കിയ സംസ്ഥാനമാണ്‌ കേരളം. എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ ഇ‍ൗ നയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും കാര്യക്ഷമവും സേവനസന്നദ്ധവുമായ സേനാവിഭാഗമായി കേരള പൊലീസ്‌ ഉയരുകയും ചെയ്‌തു.


​എന്നാൽ, യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ് അഞ്ചുമാസം തികയുംമുമ്പേ കറുത്ത നാളുകളിലേക്കുള്ള തിരിച്ചുപോക്കിലാണ്‌ പൊലീസ്‌ സംവിധാനം. ഒതുങ്ങിക്കഴിഞ്ഞിരുന്ന പൊലീസിലെ ക്രിമിനലുകളും അഴിമതിക്കാരും വീണ്ടും തലപൊക്കുകയാണ്‌. നിയമവും ന്യായവും നീതിയും പച്ചയായി തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്നു. ഏറ്റവും ഒടുവിൽ നെടുമ്പാശേരിയിൽ മദ്യലഹരിയിൽ മിനി കൂപ്പർ ഓടിച്ച്‌ മൂന്നു കുട്ടികളെ കൊന്ന കേസിലും പൊലീസിന്റെ അനാസ്ഥയും ഒളിച്ചുകളിയും പുറത്തുവരികയാണ്‌.


കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾക്ക്‌ നീതി തേടി മാധ്യമങ്ങളുടെ മുന്നിൽ കരയേണ്ടിവരുന്നത്‌ ദയനീയ കാഴ്‌ചയാണ്‌. പ്രതിയെ രക്ഷിക്കാൻ ലക്ഷ്യമിട്ട്‌ കേസ്‌ അട്ടിമറിക്കാൻ ദുർബലമായ എഫ്‌ഐആറാണ്‌ തയ്യാറാക്കിയതെന്ന്‌ തെളിവുകൾ സഹിതം ആരോപണം ഉയർന്നിരിക്കുന്നു. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല; കേരളത്തിൽ ഇന്ന്‌ അങ്ങോളമിങ്ങോളം പൊലീസിൽ ഇങ്ങനെയൊക്കെയാണ്‌ നടക്കുന്നത്‌. ചുരുങ്ങിയ കാലംകൊണ്ട്‌ വി ഡി സതീശൻ സർക്കാർ പൊലീസിനെ ഇങ്ങനെ മാറ്റിയെന്നു പറയുന്നതാണ്‌ സത്യം.


കസ്റ്റഡിയിലെടുത്തയാളെ തല്ലിക്കൊല്ലുക, 30 സെക്കൻഡിൽ വിദ്യാർഥിയുടെ മുതുകിൽ ലാത്തികൊണ്ട്‌ 27 അടി അടിക്കുക, മഫ്തിയിൽ‍‍ തോക്കുമായി വയോധികയെ ഭീഷണിപ്പെടുത്തുക, വിദ്യാർഥിനേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തുക, പൊലീസ്‌ ജീപ്പിന്റെ അകത്തിരുന്ന യൂട്യൂബറെ മർദിക്കാൻ മൂ‍ന്നു ബലാത്സംഗക്കേസിൽ പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ അവസരമൊരുക്കുക– ഇതൊക്കെയാണ്‌ പൊലീസിൽ നടക്കുന്നത്‌. എറണാകുളം മലയിടംതുരുത്ത്‌ പാരിയത്തുകാവിലെ ദളിതരെ തല്ലിച്ചതച്ചാണ്‌ യുഡിഎഫ്‌ സർക്കാർ നയംമാറ്റത്തിന്‌ തുടക്കമിട്ടത്‌.


കോഴിക്കോട്‌ കണ്ണൂക്കര മാടക്കര ജുമാമസ്‌ജിദിൽ വിശ്വാസികളെ വേട്ടയാടിയ പൊലീസ്‌, തിരുവനന്തപുരത്ത്‌ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ തല്ലിച്ചതച്ചു. കൂടൽ പൊലീസ് സ്റ്റേഷനിൽ ഹൃദ്‌രോഗിയായ 20 വയസ്സുകാരനെ കസ്റ്റഡിയിലെടുത്ത്‌ മർദിച്ചു. നെടുമങ്ങാട്ട്‌ മദ്യപിച്ചെത്തിയ ഇൻസ്‌പെക്‌ടർ സ്റ്റേഷനിലെത്തി ബന്ധുക്കളെ ലോക്കപ്പിൽനിന്ന്‌ ബലമായി മോചിപ്പിച്ചതും സേനയെ ബാധിച്ച അരാജകത്വത്തിന്‌ തെളിവാണ്‌. മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ എംഡിഎംഎയുമായി അറസ്റ്റിലായപ്പോൾ പൊലീസ്‌ സംരക്ഷണമൊരുക്കുകയാണ്‌.


അതേസമയം ചൊവ്വാഴ്ച തൃശൂർ നാട്ടികയിൽ അനധികൃത ടോൾ പിരിവിനെതിരെ സമരം ചെയ്ത ജനനേതാക്കളെ പൊലീസ് ഭീകരമായി തല്ലിച്ചതച്ചു. ആർഎസ്എസിനും ബിജെപിക്കുമുള്ള സംരക്ഷണം വേറെ. തെരഞ്ഞെടുപ്പിലും അധികാരത്തിലേറിയശേഷവും ബിജെപിയുമായി ഉണ്ടാക്കിയ ‘ഡീൽ’ പൊലീസിലും പൂർണമായി. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ജനാധിപത്യസമരങ്ങളെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടുമ്പോൾ, സംഘപരിവാർ ശക്തികളുടെ അക്രമങ്ങൾക്കും നിയമലംഘനങ്ങൾക്കുംനേരെ കണ്ണടയ്ക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ​


​മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന്‌ പിന്തുണയായി പാലക്കാട്ട്‌ പ്രകടനം നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ മദ്യപിച്ചെത്തിയ പൊലീസുകാരൻ ഇടിവളകൊണ്ടാണ്‌ നേരിട്ടത്‌. മന്ത്രിമാർക്കെതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കുമ്പോൾ, യുവമോർച്ചയുടെയും ബിജെപിയുടെയും നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നിസ്സാര വകുപ്പുകൾപോലും ചുമത്താൻ പൊലീസ് തയ്യാറാകുന്നില്ല.


തിരുവനന്തപുരത്ത് മന്ത്രി കെ എം ഷാജിയുടെ കാർ തടഞ്ഞ് റോഡിൽ ഇറക്കിവിട്ട ബിജെപിക്കാരെ സ്റ്റേഷൻജാമ്യം നൽകി രക്ഷപ്പെടുത്തി. കണ്ണൂരിലും കാസർകോട്ടും ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയപ്പോൾ, മന്ത്രിമാരെ തടഞ്ഞ് സംഘർഷമുണ്ടാക്കിയ ബിജെപിക്കാർക്ക് ലഭിച്ചത് നിസ്സാര വകുപ്പുകൾമാത്രമാണ്. കഴിഞ്ഞ ജൂലൈയിൽ നടന്ന ജന്തർ മന്തർ പ്രക്ഷോഭത്തിന്‌ പിന്തുണയായി കേരളത്തിൽ നടന്ന സമരങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിന്‌ വിദ്യാർഥികൾക്കെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌. കേസുകൾ പിൻവലിക്കണമെന്ന സുപ്രീംകോടതി നിർദേശംപോലും മാനിക്കുന്നില്ല.


കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കുണ്ടറയിലെ സിയാദിന്റെയും ചിറയിൻകീഴിൽ പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട സജിയുടെയും കുടുംബങ്ങൾക്ക്‌ നീതി ലഭ്യമാക്കാൻ നടപടിയില്ല. ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെ പ്രധാന പദവികളിൽ കുത്തിനിറച്ച് സംഘപരിവാർ പ്രീണനമാണ് സർക്കാർ നടപ്പാക്കുന്നത്. ​മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജനപക്ഷത്തുനിന്ന് മാതൃകാപരമായ ഇടപെടലുകൾ നടത്തിയ പൊലീസിനെയാണ്, യുഡിഎഫ് സർക്കാർ സ്വജനപക്ഷപാതം പുലർത്തുകയും ആർഎസ്എസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന വേട്ടക്കാരുടെ സേനയാക്കി മാറ്റിയത്. ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഇരട്ടനീതിക്കും പൊലീസ്‌ രാജിനുമെതിരെ ശക്തമായ ജനകീയപ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home