ഇഎസ്‌എ മാപ്പ്
സർവത്ര ആശയക്കുഴപ്പം, ആശങ്കയൊഴിയാതെ മലയോരം

സ്വന്തം ലേഖകൻ
കോഴിക്കോട്
പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച മാപ്പ് പ്രസിദ്ധീകരിച്ചിട്ടും ആശങ്ക ഒഴിയാതെ മലയോര ജനത. മാപ്പിൽ സർവത്ര ആശയക്കുഴപ്പമാണെന്നും ഏത് പ്രദേശമാണ് ഒഴിവാക്കിയതെന്നും ഉൾപ്പെടുത്തിയതെന്നും തിരിച്ചറിയാനാവുന്നില്ലെന്നും കർഷക സംഘടനകൾ പറയുന്നു. സാങ്കേതിക ജ്ഞാനമില്ലാത്തവർക്കും പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവർക്കും മാപ്പ് പരിശോധിക്കാനാവില്ല. വനഭൂമിയും കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. ഇത് കൃത്യമായി വേർതിരിക്കാതെയാണ് കാലാവസ്ഥ, പരിസ്ഥിതി വ്യതിയാന ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. മൊബൈൽ ഫോണുകളിൽ മാപ്പ് ലോഡ് ചെയ്യാനാവുന്നില്ല. കംപ്യൂട്ടറിൽനിന്ന് വെബ്‌സൈറ്റിൽ പ്രവേശിച്ചാലേ മാപ്പിലെ വിവരങ്ങൾ വ്യക്തമായി കാണാനാകൂ. കൃത്യമായ അതിർത്തി വിവരങ്ങൾ മനസ്സിലാകണമെങ്കിൽ ജിയോ കോ–ഓർഡിനേറ്റ്‌സ് ഉപയോഗിക്കുകയോ നേരിട്ടെത്തി ഫീൽഡ് പരിശോധന നടത്തുകയോ വേണം. സാധാരണക്കാരുടെ പക്കൽ ജിയോ കോ– ഓർഡിനേറ്റ്‌സ് ലഭ്യമല്ല. സാങ്കേതിക വിദഗ്ധരുടെ സഹായമില്ലാതെ മാപ്പിലെ വിവരങ്ങൾ സാധാരണക്കാരന് മനസ്സിലാക്കാനാവില്ല. സർവേ നമ്പർ ഉപയോഗിച്ച് ഇഎസ്‌എ സ്റ്റാറ്റസ് പരിശോധന നടക്കില്ല. ഇത് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയിൽ ചക്കിട്ടപാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, കാവിലുംപാറ, തിണൂർ വില്ലേജുകളാണ് ഇഎസ്‌എ വില്ലേജുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. വില്ലേജുകളെ ഇഎസ്‌എ യൂണിറ്റായി കാണരുതെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്. വില്ലേജുകൾക്കുള്ളിൽ പരിസ്ഥിതിലോല മേഖലയുണ്ടെങ്കിൽ ആ പ്രദേശം മാത്രമേ ഇഎസ്‌എ പരിധിയിൽ വരുത്താവൂ എന്നുമായിരുന്നു സർക്കാർ നിലപാട്. ജില്ലയിൽ 11 വില്ലേജുകളാണ് നേരത്തെ ഇഎസ്‌എ പരിധിയിൽ ഉൾപ്പെട്ടിരുന്നത്. ഇത് എൽഡിഎഫ് സർക്കാർ പത്തായി കുറച്ചിരുന്നു.
മാപ്പിൽ വനവിസ്‌തൃതി കൂടിയെന്ന് പരാതി
കോഴിക്കോട്
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച ജിഐഎസ് മാപ്പിൽ വനമേഖലയുടെ വിസ്‌തൃതി മുമ്പുള്ളതിനേക്കാൾ വർധിച്ചെന്ന് ആക്ഷേപം. സംസ്ഥാന സർക്കാരിന്റെ മുൻ രേഖകൾ പ്രകാരം കോടഞ്ചേരിയിൽ 9 ചതുരശ്ര കിലോമീറ്റർ വനമാണുണ്ടായിരുന്നത്. പുതിയ റിപ്പോർട്ടിൽ ഇത് 14.73 കിലോമീറ്ററായി. 1500 ഓളം ഏക്കർ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും വനമായാണ് കാണിച്ചിരിക്കുന്നത്. തിണൂരിൽ വനവിസ്‌തൃതി 3.57 ചതുരശ്ര കിലോമീറ്ററിൽനിന്ന് 10.63 ചതുരശ്ര കിലോമീറ്ററായി വർധിപ്പിച്ചു. വയനാട്ടിലെ ചുണ്ടേൽ വില്ലേജിൽ നേരത്തെ വനം അടയാളപ്പെടുത്തിയിരുന്നില്ല. പുതിയ റിപ്പോർട്ട് പ്രകാരം 6.95 ചതുരശ്ര കിലോമീറ്ററാക്കി ഉയർത്തിയിട്ടുണ്ടെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.
സർക്കാർ കബളിപ്പിക്കുന്നെന്ന് കർഷക സംഘടനകൾ
കോഴിക്കോട്
സർക്കാർ പുറത്തുവിട്ടിരിക്കുന്ന മാപ്പ് എല്ലാ അർഥത്തിലും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് കർഷക സംഘടനകൾ. വനത്തിന്റെ വില്ലേജ് തിരിച്ചുള്ള കണക്കുകൾ നൽകാനായിട്ടില്ല. വില്ലേജുകൾ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ പ്രസിദ്ധീകരിച്ച മാപ്പുപയോഗിച്ച് തങ്ങളുടെ ഭൂമി ഇഎസ്‌എ പരിധിയിലാണോ എന്ന് പരിശോധിക്കുന്നത് ദുഷ്‌കരമാകും. ജിഐഎസ് മാപ്പ് ഗൂഗിൾ മാപ്പുമായി ലിങ്ക് ചെയ്തിട്ടില്ല. യാതൊരുവിധ ലാൻഡ്മാർക്കുകളും രേഖപ്പെടുത്തിയിട്ടുമില്ല. സാധാരണക്കാരന് പരിശോധിക്കാവുന്ന രീതിയല്ല ഉപയോഗിച്ചിരിക്കുന്നതെന്നും കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു.
ശക്തമായ പ്രതിഷേധമുയർത്തും
സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ മറ്റ് കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭം ഉയർത്തുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി. വില്ലേജ് അടിസ്ഥാനത്തിലുള്ള ഫോറസ്റ്റ് മാപ്പുകൾ പുറത്തുവിടുകയും കേന്ദ്രത്തിന് സംസ്ഥാന സർക്കാരിൽ നിന്ന് തെറ്റായി സമർപ്പിക്കപ്പെട്ട ഫോറസ്റ്റ് വിസ്തീർണം അടിയന്തരമായി തിരുത്തുകയും വില്ലേജുകളുടെ പേര് പൂർണമായും ഇഎസ്എയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതുവരെ സമരം തുടരാനും സമിതി തീരുമാനിച്ചു. യോഗത്തിൽ സംരക്ഷണ സമിതി ചെയർമാൻ എബ്രഹാം വയലിൽ, ജനറൽ കൺവീനർ ഡോ. ചാക്കോ കാളംപറമ്പിൽ, ട്രഷറർ ടെന്നിസൺ ചാത്തംകണ്ടത്തിൽ, ജോയി കണ്ണഞ്ചിറ, ഷിനോയി അടയ്ക്കാപാറ എന്നിവർ സംസാരിച്ചു.
കർഷകസംഘം പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്
പശ്ചിമഘട്ടത്തിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തുന്നതിനെതിരെ കർഷകസംഘം പ്രക്ഷോഭത്തിലേക്ക്. മലയോര മേഖലയെ വഞ്ചിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരെ ജില്ലയിലും ശക്തമായ പ്രതിഷേധമുയരും. ശനിയാഴ്ച മുതൽ ഇഎസ്‌എ പരിധിയിൽ വരുന്ന വില്ലേജുകളിൽ ബഹുജന ധർണകൾ ആരംഭിക്കും. 25 വരെയാണ് ബഹുജന കൂട്ടായ്മകൾ നടക്കുക. ഇതിന്റെ തുടർച്ചയായി 31 മുതൽ നവംബർ രണ്ട് വരെ പ്രക്ഷോഭ ജാഥയും സംഘടിപ്പിക്കും. കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ക്യാപ്റ്റനും ലിന്റോ ജോസഫ് വൈസ് ക്യാപ്റ്റനുമായ ജാഥ 31ന് വൈകിട്ട് നാലിന് തിണൂർ വില്ലേജിലെ കുമ്പളച്ചോലയിൽ നിന്നാരംഭിക്കും. വൈകിട്ട് നാലിന് കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.

ആശങ്ക പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകണം
കൃഷി, ജനവാസ കേന്ദ്രങ്ങൾ ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുത്തരുത് എന്ന പ്രഖ്യാപിത നിലപാടാണ് കർഷക സംഘത്തിനുള്ളത്. കർഷർക്കും അവരുടെ കൃഷിക്കും ദോഷംചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പ് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച് ആശങ്ക പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.
ബാബു പറശേരി,
കർഷകസംഘം ജില്ലാ സെക്രട്ടറി.









0 comments