ഡിജിറ്റല്‍ പ്രതലത്തിലൂടെയുള്ള അനാവശ്യ പിന്തുടരലിനെ സ്ത്രീകള്‍ പ്രതികരിക്കണം

ദേശീയ വനിതാ കമ്മീഷന്റെയും സംസ്ഥാന വനിതാ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'സ്റ്റോക്കിങ്' വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ
ഭരണഘടന പ്രകാരം തുല്യതയ്ക്കുള്ള അവകാശം ശക്തമായി നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കുനേരെയുള്ള നാനാവിധത്തിലുള്ള അതിക്രമങ്ങള്‍ കൂടുകയാണെന്നും അതിക്രമങ്ങള്‍ക്കെതിരെയും ഡിജിറ്റല്‍ പ്രതലത്തിലൂടെയുള്ള അനാവശ്യ പിന്തുടരലിനെതിരെയും സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണമെന്നും വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. ദേശീയ – സംസ്ഥാന വനിതാ കമീഷനുകളുടെ നേതൃത്വത്തില്‍ വി കെ കൃഷ്ണമേനോന്‍ സ്‌മാരക ഗവ. വനിതാ കോളേജില്‍ നടന്ന സംസ്ഥാനതല സ്റ്റാക്കിങ് ബോധവൽക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒട്ടനവധി നിയമങ്ങള്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുണ്ട്. തുറന്നു പറയാനുള്ള ഭയംകൊണ്ടും ആരെ സമീപിക്കണം എന്നറിയാത്തതിനാലും സമൂഹം എങ്ങിനെ പ്രതികരിക്കുമെന്ന ആകുലതകൊണ്ടുമെല്ലാം സ്ത്രീകള്‍ നിശബ്ദരാകുന്നു. ഇത് അപകടകരമാണെന്നും പി സതീദേവി പറഞ്ഞു. കോളേജ് പ്രിന്‍സിപ്പൽ ഡോ. സിനുമോള്‍ തോമസ് അധ്യക്ഷയായി. വിവിധ വിഷയങ്ങളില്‍ സൈബര്‍, എഐ നിയമവിദ്ഗധന്‍ എസ് കെ മനുകൃഷ്ണ, കൗണ്‍സലിങ് സൈക്കോളജിസ്റ്റ് പി എം ബിനു തോട്ടത്തില്‍ എന്നിവര്‍ ക്ലാസ്സെടുത്തു. വനിതാ കമീഷനംഗം പി കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി വൈ ബി ബീന, വനിതാ കോളേജ് വിമെന്‍ സെല്‍ കോ–ഓഡിനേറ്റര്‍ വി പി ശ്രീകല, വനിതാ കമീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. സൈബര്‍ സ്റ്റാക്കിങ്ങ് ബോധവൽക്കരണവുമായി വനിതാ കമ്മീഷന്‍ അനുദിനം വളരുന്ന ഡിജിറ്റല്‍ ലോകം ചതിക്കുഴികളുടേതുംകൂടിയാണ്. ഇതിനെതിരെ ബോധവൽക്കരണം വ്യാപിപ്പിക്കുകയാണ് വനിതാ കമീഷന്‍. സമൂഹമാധ്യമങ്ങള്‍ വഴിയോ ഇ മെയില്‍ വഴിയോ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുക, ചിത്രങ്ങള്‍ മോര്‍ഫ്ചെയ്ത് പ്രചരിപ്പിക്കുക. വ്യാജ പ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുക, അധിക്ഷേപങ്ങള്‍, ഭീഷണികള്‍, ബോഡി ഷെയിമിങ്ങ്, റിവഞ്ച് പോണ്‍, സൈബര്‍ ബുള്ളിയിങ്ങ് എന്നിവയെല്ലാം സൈബര്‍ സ്റ്റാക്കിങ്ങില്‍ ഉള്‍പ്പെടുന്നു. ഐപിസി സെക്ഷന്‍ 75, 77, 351 (4) പ്രകാരവും 2000 ത്തിലെ സൈബര്‍ ആക്ട് പ്രകാരവും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവും കേസിന്റെ ഗൗരവത്തിനനുസരിച്ച് പിഴയും ഈടാക്കും. പരാതികള്‍ ഇങ്ങനെ നല്‍കാം പരാതിക്കിടയായ സംഭവം സേവ് ചെയ്‌ത് തെളിവായി ഹാജരാക്കണം. തീയതി, സമയം തുടങ്ങിയവയെല്ലാം കുറിച്ചുവയ്‌ക്കണം. ശല്യംചെയ്തയാളെ ബ്ലോക്ക് ചെയ്യുകയാണ് അടുത്ത നടപടി. ഇതിന്റെയെല്ലാം സ്ക്രീന്‍ഷോട്ട് സൂക്ഷിക്കാം. സംഭവത്തെക്കുറിച്ച് അടുത്ത ആരോടെങ്കിലും പറയണം. പൊലീസില്‍ പരാതി നല്‍കി എഫ്ഐആര്‍ കോപ്പി രശീതും വാങ്ങണം. മാനസികമായും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍ക്ക് ആവശ്യമായ പിന്തുണയുംതേടണം. ടോള്‍ ഫ്രീ നമ്പറായ 112, സൈബര്‍ ക്രൈം 1930, സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍ 181, ഹെല്‍പ്പ് ലൈന്‍ 1091, ദേശീയ വനിതാ കമീഷന്‍ 14490, കോണ്‍ഫിഡന്‍ഷ്യല്‍ കൗണ്‍സലിങ് 9152987821 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. കേസന്വേഷിക്കുന്നതില്‍ പൊലീസില്‍നിന്ന് വിമുഖതയുണ്ടായാല്‍ ദേശീയ വനിതാ കമീഷനോ സംസ്ഥാന വനിതാ കമീഷനോ പരാതി നല്‍കാം.









0 comments