print edition വയോജന ബിൽ സബ്‌ജക്ട് കമ്മിറ്റിക്ക്; അവതരണത്തിലെ ചട്ടലംഘനം എതിർത്ത് പ്രതിപക്ഷം

തിരുവനന്തപുരം: മുതിർന്ന പൗരൻമാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബിൽ നിയമസഭ സബ്‌ജക്ട് കമ്മിറ്റിക്കുവിട്ടു. ബില്ലിനെ എതിർക്കുന്നില്ലെന്നും അവതരിപ്പിക്കുന്നതിൽ ഗുരുതര ചട്ടലംഘനങ്ങളും നിയമപ്രശ്നവുമുള്ളതിനാൽ അവതരണം നീട്ടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി വയോജന നയത്തിനും വയോജന കമീഷനും രൂപം നൽകിയത് എൽഡിഎഫ് സർക്കാരാണെന്ന് ക്രമപ്രശ്‌നം ഉന്നയിച്ച സിപിഐ എമ്മിലെ എൻ കെ അക്ബർ ചൂണ്ടിക്കാട്ടി.
അവതരിപ്പിക്കുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും ബില്ലിന്റെ പകർപ്പ് അംഗങ്ങൾക്ക് നൽകണം. ക്രിമിനൽ നടപടിച്ചട്ടം സംബന്ധിച്ച കേന്ദ്ര നിയമത്തെ മറികടക്കാൻ രാഷ്ട്രപതിയുടെ മുൻകൂർ അനുമതിവേണം. അല്ലാത്തപക്ഷം ഭരണഘടനാ ലംഘനമാണെന്നും അക്‌ബർ പറഞ്ഞു. 20–-ാം വകുപ്പിൽ സൈബർ പൊലീസ് സ്റ്റേഷനുകളിൽ മുതിർന്ന പൗര സൈബർ സെൽ സ്ഥാപിക്കുമെന്നും, 5, 6, 8 വകുപ്പുകൾ പ്രകാരം സംസ്ഥാന, -ജില്ലാ തലങ്ങളിൽ പുതിയ യൂണിറ്റുകളും ഫോറങ്ങളും രൂപീകരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, ബില്ലിന്റെ ധനകാര്യ മെമോറാണ്ടത്തിൽ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നില്ല.
കൃത്യമായ സാമ്പത്തിക ബാധ്യത കാണിക്കാത്തത് ചട്ടവിരുദ്ധമാണ്. ബില്ലിലെ 28–-ാം വകുപ്പിലെ ‘ലിവിങ് വിൽ' തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ അഡ്വാൻസ്ഡ് മെഡിക്കൽ ഡയറക്ടീവ് സംബന്ധിച്ച് സുപ്രീംകോടതി ഇറക്കിയ മാർഗനിർദേശത്തിന് വിരുദ്ധമാണ്. മറുപടി പറഞ്ഞ മുഖ്യമന്ത്രി സബ്‌ജക്ട് കമ്മിറ്റി പരിശോധിക്കട്ടെ എന്ന നിലപാടെടുത്തു. ബില്ലിന്റെ പകർപ്പ് മൂന്നുദിവസം മുമ്പ് നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ലെങ്കിലും അവതരിപ്പിക്കുന്നതിൽ തടസ്സമില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും റൂളിങ് നൽകി.
100 സർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസ് കേസ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 100 സർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസ് കേസെടുത്തു. കേസുകളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഹമ്മദ് മുഹ്‌സിന്റെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി.









0 comments