Deshabhimani

print edition ഏപ്രിലിൽ വിലക്കയറ്റത്തോത്‌ 3.77, സെപ്‌തംബറിൽ 5.26; സർക്കാർ നോക്കുകുത്തി: വില കുതിക്കുന്നു

Price hike

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 14, 2026, 12:48 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിലക്കയറ്റത്തോത്‌ അതിരൂക്ഷമെന്ന്‌ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പിന്റെ കണക്ക്‌. ഏപ്രിലിൽ 3.77 ശതമാനമായിരുന്ന വിലക്കയറ്റത്തോത്‌ സെപ്‌തംബറിൽ 5.26 ആയി.


എൽഡിഎഫ്‌ ഭരണകാലത്ത്‌ ജനുവരിയിൽ 3.68 ആയിരുന്നു വിലക്കയറ്റത്തോത്‌. ചെറിയ ഏറ്റക്കുറച്ചിലുകളും വർധനയുമേ ഏപ്രിൽ വരെയുണ്ടായുള്ളൂ. വിഷുക്കാലത്ത്‌ എൽഡിഎഫ്‌ സർക്കാർ പൊതുവിപണിയിൽ നടത്തിയ ഇടപെടലാണ്‌ കാരണം.


യുഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന മെയ്‌ മുതൽ വില കയറി തുടങ്ങി. ഓണക്കാലം ലക്ഷ്യമിട്ട്‌ വിപണി ഇടപെടൽ നടത്തിയിരുന്നെങ്കിൽ വിലക്കയറ്റം പിടിച്ചുനിർത്താമായിരുന്നു. അതുണ്ടായില്ല. ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ സാധനങ്ങൾക്ക്‌ വില കൂടി. സംസ്ഥാനത്ത്‌ നഗരപ്രദേശങ്ങളെ (4.97%), അപേക്ഷിച്ച് ഗ്രാമങ്ങളിലാണ്‌ (5.61%) വിലക്കയറ്റം കൂടുതൽ രൂക്ഷം.


ഭക്ഷ്യവസ്‌തുക്കൾ, വ്യക്തിഗത പരിചരണം, വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും എന്നിവയുടെ നിരക്കിലാണ്‌ വർധന. ഭക്ഷണ, പാനീയ വിഭാഗത്തിൽ ആഗസ്‌തിൽ 6.53 ശതമാനമായിരുന്ന വിലക്കയറ്റത്തോത്‌ സെപ്‌തംബറിൽ 7.87 ആയി. സവാള, നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക്‌, മല്ലി എന്നിവയുടെ വില കുത്തനെ ഉയർന്നു. സവാളയ്‌ക്ക്‌ മാത്രം 117.96 ശതമാനമാണ്‌ വില വർധിച്ചത്‌. വില നിയന്ത്രിക്കുന്നതിൽ യുഡിഎഫ്‌ സർക്കാർ പൂർണമായി പരാജയപ്പെട്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home