print edition ഡൽഹിയിൽ കേന്ദ്രസേന തുടരും

പ്രതിഷേധിച്ച യുവാവിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്ന കേന്ദ്ര സേന
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെയും സിജെപിയുൾപ്പെടെയുള്ള മറ്റ് സംഘടനകളുടെയും മിന്നൽ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സായുധ പൊലീസ് സേനാവിഭാഗങ്ങളെ (സിഎപിഎഫ്) ഒരാഴ്‌ച കൂടി ഡൽഹിയിൽ നിലനിർത്താൻ കേന്ദ്രസർക്കാർ തീരുമാനം.
മൊത്തം 301 സിഎപിഎഫ് കന്പനികളെയാണ് ഡൽഹിയിൽ വിന്യസിക്കാൻ തീരുമാനിച്ചത്. ഇൗ മാസം ആറിന് 221 കന്പനികൾക്കും എട്ടിന് 80 കന്പനികൾക്കും അനുമതി നൽകി. അധികമായി അനുവദിച്ച 80 കന്പനികളിൽ 28 എണ്ണം ഇതുവരെ ഡൽഹി പൊലീസിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള സമാധാനപൂർണമായ പ്രതിഷേധങ്ങളെ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അമിതബലപ്രയോഗത്തിലൂടെ അടിച്ചമർത്താനാണ് മോദി സർക്കാരിന്റെ തീരുമാനം. ഇതിനുവേണ്ടിയാണ് ഡൽഹി പൊലീസിനൊപ്പം സിഎപിഎഫുകാരെയും വിന്യസിച്ചത്.
വരുംദിവസങ്ങളിലും ജന്തർമന്തർ, തെരഞ്ഞടുപ്പ് കമീഷൻ ആസ്ഥാനം, പാർലമെന്റ്, ഇന്ത്യാഗേറ്റ്, സുപ്രീംകോടതി തുടങ്ങിയ സ്ഥലങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. നിലവിൽ സമരരംഗത്തുള്ള സംഘടനകൾക്ക് പുറമേ ഭീം ആർമി പോലെയുള്ളവ കൂടി പ്രതിഷേധങ്ങളിൽ സജീവമാകാൻ സാധ്യതയുണ്ട്.
കണക്കുകൂട്ടലുകൾ തെറ്റിച്ച് വലിയ വിദ്യാർഥി, യുവജന പങ്കാളിത്തമാണ് പ്രതിഷേധങ്ങളിൽ ഉണ്ടാകുന്നത്. ഇൗ സാഹചര്യങ്ങൾ ഡൽഹി പൊലീസിന് ഒറ്റയ്‌ക്ക് നേരിടാൻ കഴിയാത്തതുകൊണ്ടാണ് സിഎപിഎഫ് വിന്യാസം തുടരാൻ തീരുമാനിച്ചത്. ജമ്മുകശ്‌മീരിൽ ഭീകരരെയും വിഘടനവാദികളെയും നേരിടാൻ വിന്യസിച്ചിരുന്ന കന്പനികളെയും ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളെ നേരിടാൻ വിന്യസിച്ചിരുന്ന കന്പനികളെയും ഡൽഹിയിലേക്ക് മാറ്റിയിട്ടുണ്ട്.









0 comments