print edition ഹൈക്കോടതി രജിസ്ട്രിയുടെ എതിർപ്പ് സിംഗിൾ ബെഞ്ച് പരിഗണിച്ചില്ല

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് വിഷയത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലുകൾ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക അനുമതി ഹർജിയിൽ വാദം പൂർത്തിയായി. കേസുമായി ബന്ധമില്ലാത്ത വ്യക്തി നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
പൊതുതാൽപ്പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നതും പാലിച്ചില്ല. ഹൈക്കോടതി രജിസ്ട്രി എതിർപ്പുയർത്തിയിട്ടും സിംഗിൾ ബെഞ്ച് പരിഗണിക്കുകയായിരുന്നു. പ്രാഥമികാന്വേഷണ നടപടി പുരോഗമിക്കവേ തിടുക്കത്തിലാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും വാദിച്ചു.
ഇഡി ഉന്നയിച്ച ആരോപണത്തിൽ നേരത്തേവന്ന ഹർജികൾ വിജിലൻസ് കോടതിയും ഹെെക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണ്. ഇഡിയുടെ റിപ്പോർട്ടിൽ പിണറായി വിജയൻ ആരോടെങ്കിലും പണം ആവശ്യപ്പെട്ടതായോ വാങ്ങിയതായോ മുഖ്യമന്ത്രി എന്നനിലയിൽ സിഎംആർഎലിന് ഏതെങ്കിലും സഹായം ചെയ്തതായോ പറയുന്നില്ല.
മകളുടെ കമ്പനിക്ക് ലഭിച്ച കൺസൾട്ടൻസി ഫീസിനെ കൈക്കൂലിയായി കാണാനാകില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നു.എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുമുന്പാണ് പ്രതികൾ അപ്പീൽ നൽകേണ്ടതെന്ന് ഇഡി വാദിച്ചു. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകരായ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ടി എ ഷാജി, കെ കെ രവീന്ദ്രനാഥ്, എസ് ശ്രീകുമാർ എന്നിവർ ഹാജരായി.









0 comments