ad
Deshabhimani

print edition ഇഡിയുടെ രാഷ്‌ട്രീയവേട്ട 
വിലപ്പോകില്ല

editorial.
വെബ് ഡെസ്ക്

Published on Aug 21, 2026, 01:30 AM | 3 min read

അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്ന പ്രവണത കേന്ദ്ര ഭരണാധികാരികളുടെ ഭാഗത്തുനിന്ന്‌ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. മോദിസർക്കാർ അധികാരത്തിലേറിയതോടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമായി കേന്ദ്ര അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുകയാണ്‌. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രതിപക്ഷം ശക്തമായ നിലപാടെടുക്കുമ്പോഴാണ്‌ ഇത്തരം സമീപനം മോദിസർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച്‌ നിശ്ശബ്ദമാക്കാൻ ശ്രമിച്ചതിന്റെ നിരവധി അനുഭവങ്ങളുമുണ്ട്‌. സിഎംആർഎൽ–എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ സിപിഐ എമ്മിനെയും പാർടി നേതാക്കളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ വീണ്ടും പ്രസക്തമാകുന്നത്. പാർടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന്‌ അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണ്‌. അപസർപ്പക കഥകൾ മെനയുന്നതും കേസ്‌ വലിച്ചുനീട്ടുന്നതും ദുരൂഹമാണ്‌.


​അന്വേഷണ ഏജൻസികളുടെ ചുമതല കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും തെളിവുകൾ ശേഖരിക്കുകയും നിയമാനുസൃതമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുക എന്നതാണ്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോടതികളിൽ റിപ്പോർട്ട്‌ സമർപ്പിക്കാറുണ്ടെന്നല്ലാതെ മാധ്യമങ്ങൾക്ക്‌ ഓരോന്ന്‌ പറഞ്ഞുകൊടുക്കാറില്ല. അന്വേഷണത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത് രാഷ്ട്രീയപ്രചാരണത്തിന് ഉപകരണമാക്കുന്നതിന്റെ ഭാഗമാണ്. ‘ഇഡി കണ്ടെത്തി’, ‘അന്വേഷണത്തിൽ തെളിഞ്ഞു’ തുടങ്ങിയ തലക്കെട്ടുകൾ പലപ്പോഴും കോടതി കണ്ടെത്തിയ വസ്തുതകളെന്ന മട്ടിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ചില സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സിപിഐ എം നേതാക്കളെമാത്രമല്ല, പാർടിയെത്തന്നെ പ്രതിചേർത്ത വിചിത്രസംഭവമുണ്ടായി. ഒരു സ്ഥാപനത്തിനോ വ്യക്തികൾക്കോ എതിരെ ഉയർന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്റെ പരിധി കടന്ന് ഒരു രാഷ്ട്രീയപാർടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകൾ നടക്കുന്നത്‌ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്‌. അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കണം. സാമ്പത്തിക ക്രമക്കേടുണ്ടെങ്കിൽ തെളിവുകൾ പുറത്തുകൊണ്ടുവരണം. എന്നാൽ, സമാനമായ ആരോപണം നേരിടുന്നവരെപ്പറ്റി അന്വേഷണം ഉണ്ടാകുന്നില്ല. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ബിജെപി നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളുടെ സമീപനം എന്താണെന്ന്‌ എല്ലാവർക്കും അറിയുന്നതാണ്‌. അന്വേഷണം നേരിടുന്നവർ ബിജെപിയിൽ ചേർന്നാൽ അവരുടെ പേരിലുള്ള കേസുകൾ ഇല്ലാതാകുന്ന പ്രവണതയ്‌ക്കും രാജ്യം സാക്ഷ്യംവഹിച്ചിട്ടുണ്ട്‌.


​ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടി രൂപയുടെ ക്രമക്കേടാണ്‌ കേന്ദ്ര ഏജൻസികൾ നേരത്തേ ആരോപിച്ചത്‌. നിലവിൽ ഒരാൾക്കെതിരെ പറയുന്ന രണ്ടുകോടി കഴിച്ച്‌, ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച്‌ ഇഡി അന്വേഷിച്ചോ? ബാങ്ക്‌ വഴി വാങ്ങുകയും ആദായനികുതി അടയ്‌ക്കുകയും ചെയ്‌തത്‌ സാമ്പത്തികത്തട്ടിപ്പാണെന്ന്‌ ആരോപിക്കുന്നു. അതേസമയം, യുഡിഎഫ്‌ നേതാക്കളും ഇപ്പോൾ ഇഡി പ്രചാരണം ഏറ്റെടുത്ത മാധ്യമങ്ങളും പലവിധത്തിൽ കോടികൾ വാങ്ങിയിട്ടുള്ളതായി പറയുന്നു. ഇതേക്കുറിച്ച്‌ അന്വേഷണവുമില്ല. ഈ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയും.


സിപിഐ എമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമെന്ന ലക്ഷ്യമിടുന്നുണ്ടെങ്കിൽ അത് ചരിത്രത്തെ അറിയാത്തവരുടെ കണക്കുകൂട്ടലാണ്. ജയിലറകൾ കണ്ടും നിരോധനങ്ങൾ നേരിട്ടും പൊലീസ് മർദനം സഹിച്ചും രക്തസാക്ഷിത്വങ്ങൾ ഏറ്റുവാങ്ങിയും വളർന്ന പ്രസ്ഥാനമാണിത്. കേരളത്തിൽ സിപിഐ എം കരുത്താർജിച്ചത്‌ ഏതെങ്കിലും അധികാരികളുടെയും മാധ്യമങ്ങളുടെയും പ്രോത്സാഹനംകൊണ്ടല്ല. തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും ജീവിതപ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് ദശാബ്ദങ്ങളിലൂടെ നേടിയെടുത്ത ജനകീയപിന്തുണയാണത്‌. അതുകൊണ്ടുതന്നെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ രാഷ്‌ട്രീയപ്രചാരണം നടത്തി സിപിഐ എമ്മിനെ ദുർബലപ്പെടുത്താമെന്ന്‌ ആരും വ്യാമോഹിക്കേണ്ട. ഇത്തരം ഏതു നീക്കത്തെയും ജനാധിപത്യപരമായും നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്തും ആർജവവും സിപിഐ എമ്മിനുണ്ട്‌. വിദ്യാഭ്യാസമേഖലയിലെ അഴിമതിക്കും തൊഴിലില്ലായ്‌മയ്ക്കും എതിരെ നടന്ന ജന്തർമന്തർ സമരത്തിൽ ആശയപരമായും ധാർമികമായും ഇടപെട്ട്‌ മോദിസർക്കാരിനെ മുട്ടുകുത്തിക്കുന്നതിൽ സിപിഐ എം നിർണായക പങ്കുവഹിച്ചു. ഇതിനുശേഷമാണ്‌ ഇഡിയുടെ പുതിയ വിളയാട്ടം.

അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിക്കുന്നതുകൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. എഫ്‌ഐആറിൽ പേര് വരുന്നതുകൊണ്ടും റെയ്ഡ് നടക്കുന്നതുകൊണ്ടും മാധ്യമങ്ങളിൽ വാർത്ത വരുന്നതുകൊണ്ടും കുറ്റം തെളിയുന്നില്ല. കുറ്റം തെളിയേണ്ടത് കോടതിയിലാണ്. ഡൽഹി മദ്യനയക്കേസിലും അന്വേഷണ ഏജൻസികളുടെ ആരോപണങ്ങൾ രാഷ്ട്രീയചർച്ചകളിൽ വലിയ പ്രചാരണം നേടിയിരുന്നു. പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന്‌ കണ്ടാണ്‌ കെജ്‌രിവാളിനെതിരായ കേസ്‌ ഡൽഹി കോടതി തള്ളിയത്‌. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരമാണ്‌ കേസെടുത്തതെന്നും വിശ്വസനീയ തെളിവൊന്നും മുന്നോട്ട്‌ വയ്‌ക്കാൻ അന്വേഷണ ഏജൻസിക്ക്‌ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിൽ കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പലതവണ കോടതികളിൽ തകർന്നടിഞ്ഞതാണ്‌.


ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ കടമ അന്വേഷണ ഏജൻസികളുടെ പത്രക്കുറിപ്പുകൾ പകർത്തി പ്രസിദ്ധീകരിക്കുക എന്നതല്ല. ആരോപണംതന്നെ വിധിയായി അവതരിപ്പിക്കുമ്പോൾ മാധ്യമപ്രവർത്തനം അധികാരത്തിന്റെ പ്രചാരണയന്ത്രമായി മാറുന്നു. ഇഡി, സിബിഐ, എസ്എഫ്ഐഒ തുടങ്ങി അന്വേഷണ ഏജൻസി ഏതായാലും ഭരണകൂടത്തിന്റെ രാഷ്ട്രീയ ആയുധങ്ങളല്ല; ഭരണഘടനയ്ക്കും നിയമത്തിനും മുന്നിൽ ഉത്തരവാദികളായ സ്ഥാപനങ്ങളാണ്. ആ ഉത്തരവാദിത്വം ഓർമിപ്പിക്കേണ്ടത് രാഷ്ട്രീയപാർടികളുടെമാത്രം കടമയല്ല. മാധ്യമങ്ങൾക്കും കോടതികൾക്കും ജനങ്ങൾക്കും ഒരുപോലെ അതിൽ പങ്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home