ഓണക്കച്ചവടം കുളമാക്കി റോഡ് അറ്റകുറ്റപ്പണി

പൂവത്തുശേരിയിലെ വ്യാപാരികളുടെ ഓണക്കച്ചവടം പ്രതിസന്ധിയിലാക്കി പൊതുമരാമത്തുവകുപ്പിന്റെ റോഡ് അറ്റകുറ്റപ്പണി
നെടുമ്പാശേരി
പൂവത്തുശേരിയിലെ വ്യാപാരികളുടെ ഓണക്കച്ചവടം പ്രതിസന്ധിയിലാക്കി പൊതുമരാമത്ത് വകുപ്പിന്റെ റോഡ് അറ്റകുറ്റപ്പണി. മാള അത്താണി റോഡിൽ പൂവത്തുശേരി ജങ്‌ഷനിൽ ചിങ്ങം ഒന്നിനാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അപ്രതീക്ഷിതമായി റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചത്.
ഇതോടെ പ്രദേശത്തെ ജനങ്ങളുടേയും, വ്യാപാരികളുടേയും ഓണം മുന്നൊരുക്കങ്ങളും, ഓണക്കച്ചവടവും ആകെ താറുമാറായി. വിദ്യാർഥികൾ അടക്കം ദുരിതത്തിലായതോടെ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് 22, 23, 24 ദിവസങ്ങളിൽ റോഡ് പൂർണമായും അടച്ചിട്ട് ഗതാഗത നിയന്ത്രണം നടത്തി നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കുമെന്നാണ് കരാറുകാരൻ പറയുന്നത്. ഇതോടെ പ്രദേശത്തെ ഈ വർഷത്തെ ഓണക്കച്ചവടങ്ങൾ ഇല്ലാതാക്കി വ്യാപാരികളുടെ വയറ്റത്തടിക്കുന്ന നിലപാടാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഓണം ഉൽസവ കച്ചവടം പ്രതീക്ഷിച്ച് പ്രദേശത്തെ വ്യാപാരികൾ ഇറക്കിയിരിക്കുന്ന ലക്ഷകണക്കിന് രൂപ വെള്ളത്തിലാകും. അനവസരത്തിലെ റോഡ് അറ്റകുറ്റപണികൾക്കെതിരെ ബന്ധപ്പെട്ട അധികൃതർക്ക് പ്രദേശത്തെ വ്യാപാരികൾ പരാതിയും നൽകി. തിരക്കുകൾ മാനിച്ച് പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും തടസ്സമില്ലാതെ അറ്റകുറ്റപണികൾ ഓണത്തിനുശേഷം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അറ്റകുറ്റപ്പണി ഓണം കഴിയുന്നവരെ നീട്ടിവയ്‌ക്കണമെന്ന് കർഷകസംഘം പൂവത്തുശേരി യൂണിറ്റ് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻഞ്ചിനിയറോട് ആവശ്യപ്പെട്ടു.










0 comments