ad
Deshabhimani

അനക്കമില്ലാതെ ബിആർഡിസി മാലിന്യംനിറഞ്ഞ് കോട്ടപ്പുറം ഹ‍ൗസ്‌ ബോട്ട് ടെർമിനൽ

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ പരിസരത്തെ മാലിന്യക്കൂമ്പാരം
വെബ് ഡെസ്ക്

Published on Aug 21, 2026, 03:01 AM | 1 min read

നീലേശ്വരം ദിവസേന വിദേശികളുൾപ്പെടെ നൂറ് കണക്കിന് സഞ്ചാരികളെത്തുന്ന കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ പരിസരത്തെ കായൽ നിറയെ മാലിന്യം. കായലോരത്തെ ടൂറിസംകേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന ഭാവത്തിലാണ് നടത്തിപ്പുകാരായ ബിആർഡിസി. കാലവർഷത്തിൽ തേജസ്വിനിയിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, മാലിന്യം കെട്ടിനിറച്ച പ്ലാസ്റ്റിക് ബാഗുകൾ മരച്ചില്ലകൾ തുടങ്ങി പുഴയിലൂടെ ഒഴുകിയെത്തിയ മാലിന്യം മുഴുവൻ ടെർമിനൽ പരിസരത്ത്‌ തങ്ങിനിൽക്കുകയാണ്. സീസൺ തുടങ്ങാറായിട്ടും മാലിന്യം നീക്കാത്തതിൽ വലിയ പ്രതിഷേധം ഉയരുകയാണ്‌. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിലെ ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ സ്വീകരണകേന്ദ്രവും ടെർമിനലിന്റെ കിഴക്ക് ഭാഗത്ത് കായലിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇവിടെ എത്തുന്നവർ പലരും വെള്ളക്കുപ്പികൾ വലിച്ചെറിയുന്നത് വലിയ ഭീഷണിയായി. ഉത്തര മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ടൂറിസം കേന്ദ്രത്തിനാണ്‌ ഇ‍ൗ ഗതികേട്‌. നിലവിൽ ടെർമിനലിന്റെ നിയന്ത്രണം രണ്ട് വകുപ്പുകളുടെ കീഴിലാണുള്ളത്. ടെർമിനൽ നിയന്ത്രിക്കുന്നത് ടൂറിസം വകുപ്പാണ്. സ്വീകരണകേന്ദ്രം ബേക്കൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിലുമാണ്. ഹൗസ്ബോട്ട് ടെർമിനലിലേക്ക് ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളായി നിരവധിപേരാണ് എത്തുന്നത്. മൂക്കുപൊത്തിയാണ് വിനോദ സഞ്ചാരികൾ കായലോരത്ത് സമയം തള്ളിനീക്കുന്നത്. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന്റെ നിയന്ത്രണം നീലേശ്വരം നഗരസഭയ്ക്ക് വിട്ടു കൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home