ad
Deshabhimani

മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു

മാലൂരിൽ  കൃഷിയിടത്തിലെ പന്നിക്കെണിയിൽ പുലി കുടുങ്ങിയപ്പോൾ
വെബ് ഡെസ്ക്

Published on Aug 21, 2026, 03:00 AM | 1 min read

കൂത്തുപറമ്പ് മാലൂർ പെരുവങ്ങാട്ടയിൽ ജനവാസമേഖലയിൽ സ്ഥാപിച്ച പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടിവച്ച്‌ പിടികൂടി വനത്തിൽ തുറന്നുവിടാൻ കൊണ്ടുപോകുംവഴിയാണ്‌ ചത്തത്‌. വ്യാഴം പുലർച്ചെ നാലോടെയാണ് കെ പി ആർ നഗർ സ്വദേശി രാമകൃഷ്ണന്റെ പറമ്പിൽ സ്ഥാപിച്ച പന്നിക്കെണിയിൽ ആറുവയസോളം പ്രായം തോന്നിക്കുന്ന ആൺപുലി കുടുങ്ങിയത്. പശു നിർത്താതെ ഭയന്ന്‌ കരയുന്ന ശബ്ദംകേട്ട് സമീപവാസികളെത്തി പരിശോധിച്ചപ്പോഴാണ് പശുത്തൊഴുത്തിന് സമീപത്തെ പറമ്പിൽ പുലി കെണിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. പുലിയുടെ വയറിന്റെ ഭാഗത്താണ് പന്നിക്കെണി കുടുങ്ങിയിരുന്നത്. രാവിലെ ഒമ്പതരയോടെ കണ്ണവം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥരും വനംവകുപ്പ് സംഘവും സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവച്ച് പിടികൂടാൻ വെറ്ററിനറി സർജൻ ഡോ. എലിയാസ് റാവുത്തരും എത്തി. സുരക്ഷ കണക്കിലെടുത്ത് പുലി കുടുങ്ങിയ പ്രദേശത്തിന് ചുറ്റും വലകെട്ടി സുരക്ഷിതമാക്കിയാണ്‌ മയക്കുവെടിവച്ചത്‌. ഡോക്ടറുടെ നേതൃത്വത്തിൽ രാവിലെ 9.30ന്‌ ആദ്യ മയക്കുവെടിയുതിർത്തു. പുലി മയങ്ങാത്തതിനെ തുടർന്ന് രണ്ട് വെടി കൂടി ഉതിർത്തു. ഒന്നരമണിക്കൂറിനുശേഷം പുലി മയങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കറുത്ത തുണിയിൽ പൊതിഞ്ഞ് വാഹനത്തിലെ കൂട്ടിലേക്ക് മാറ്റി. പിന്നീട് ആറളം ഫാമിലെ ആർആർടി ഓഫീസിലേക്ക്‌ മാറ്റി. അവിടെവച്ചാണ്‌ ചത്തത്‌. ഒരു ഫോറസ്‌റ്റ്‌ വെറ്ററിനറി സർജനും രണ്ട്‌ മൃഗസംരക്ഷണ വകുപ്പ്‌ വെറ്ററിനറി സർജന്മാരും ജില്ലാ ഫോറസ്‌റ്റ്‌ റേഞ്ചറും വാർഡംഗവും ഉൾപ്പെടുന്ന ഏഴംഗസമിതിയുടെ നേതൃത്വത്തിലാണ്‌ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്‌. തുടർന്ന്‌ കണ്ണവം വനത്തിൽ സംസ്‌കരിച്ചു. ആന്തരികാവയവങ്ങൾക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. വിശദമായ റിപ്പോർട്ട്‌ പിന്നീട്‌ വനംവകുപ്പിന്‌ കൈമാറും. സംഭവത്തിൽ വനംവകുപ്പ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌. ആരെയും പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തി കെണിവച്ചയാളെ കണ്ടെത്തി കേസിൽ പ്രതിചേർക്കുമെന്നും വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ചുമാസംമുമ്പ്‌ ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി മാലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു കരിപ്പായി പറഞ്ഞു. പുലിയെ പിടികൂടിയ വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി. മാലൂർ പൊലീസും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home