ad
Deshabhimani

തളരാത്ത തൻഷാൻ പറക്കുന്ന ചിന്തകൾ

തൻഷാൻ കണ്ണൂർ
വെബ് ഡെസ്ക്

Published on Aug 21, 2026, 03:00 AM | 1 min read

എടക്കാട്‌ കുറ്റിക്കകം മുനമ്പിനടുത്തുള്ള വീട്ടിലെ മുറിയിലിരുന്ന് തൻഷാൻ കണ്ണൂർ എന്ന മുപ്പത്തിരണ്ടുകാരൻ പുതിയലോകം തീർക്കുകയാണ്‌. ചലനശേഷിയില്ലെങ്കിലും, അദ്ദേഹത്തിന്റെ ചിന്തകൾ പക്ഷേ, പറപറക്കുകയാണ്‌. വീൽചെയറിലിരുന്ന്‌ തൻഷാൻ കാണുന്ന കിനാവുകൾക്ക്‌ അതിവേഗമുണ്ട്‌. അദ്ദേഹത്തിന്റെ സംസാരത്തിനും ദ്രുതചലനമുണ്ട്‌. കേരളത്തിനകത്തും പുറത്തുമായി മോട്ടിവേഷൻ സ്പീക്കറായി തൻഷാൻ എത്തിയത് നൂറിലധികം വേദികളിൽ. കേരളം കടന്ന് തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിലായി തൻഷാൻ സംസാരിച്ചത് ആയിരങ്ങളോട്. വ്ലോഗർ, ഗൈഡൻസ് കൗൺസിലർ, ഡിജിറ്റൽ മാർക്കറ്റിയർ, യൂട്യൂബർ... തൻഷാന്റെ റോളിനും അറ്റമില്ല. വെല്ലുവിളികൾ നിറഞ്ഞ ബാല്യം. ഉമ്മയുടെ കരങ്ങളുടെ സുരക്ഷ നൽകിയ കരുത്തിൽ അടുത്തുളള സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർപഠനത്തിൽ തുണയായി അനിയനും കൂട്ടുകാരും. ആരെയും പ്രയാസപ്പെടുത്തരുതെന്ന ഉദ്ദേശ്യത്തിൽ പ്ലസ്ടു കഴിഞ്ഞതോടെ പഠനത്തിന് താൽക്കാലിക അവധി. പരിഹാസങ്ങളിൽ ജീവിതം തന്നെ മടുത്തുപോയ നാളുകൾ തൻഷാൻ ഓർത്തെടുക്കുന്നുണ്ട്‌. താൻമൂലം പെങ്ങളുടെ വിവാഹം നടക്കിലെന്ന കുത്തുവാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞിട്ടുണ്ട്‌. പഠനത്തിന് താൽക്കാലിക അവധി നൽകി അടുത്തുള്ള ജനസേവനകേന്ദ്രത്തിൽ നാലുമാസം ജോലി ചെയ്തു. പിന്നീട് ബാങ്കിൽനിന്ന് വായ്പയെടുത്ത് വീടിനടുത്ത് ഫോട്ടോസ്റ്റാറ്റും പലചരക്കുകടയും തുടങ്ങി. നടത്തിക്കൊണ്ടുപോകാനാകാതെ ഒരുവർഷത്തിനുള്ളിൽ നഷ്ടത്തോടെ ആദ്യ സംരംഭത്തിന് താഴിട്ടു. പിന്നീട്‌, ആരോഗ്യ സ‍ൗഖ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലേക്ക് തിരിഞ്ഞു. നിലവിൽ അഞ്ഞൂറിലധികം ഏജന്റുമാരുള്ള കച്ചവടം തകൃതിയാണ്‌. അതിനിടയ്‌ക്കാണ്‌ യൂട്യൂബ്‌ ചാനൽ തുടങ്ങിയത്‌. തൻഷാൻ കണ്ണൂർ എന്ന യൂട്യൂബ് ചാനലിന് നിലവിൽ മൂന്നുലക്ഷം വരിക്കാരുണ്ട്‌. യാത്ര ഇഷ്ടപ്പെടുന്ന തൻഷാൻ, കൂട്ടുകാരുടെ കൈയിൽ തൂങ്ങി മൂന്നുമണിക്കൂറിലേറെ ട്രക്കിങ്‌ നടത്തിയിട്ടുണ്ട്‌. രണ്ടുവർഷം മുമ്പ് ഉംറ നിർവഹിക്കാനായി മക്കയിലും മദീനയിലും പോയി. യൂത്ത് ഇൻഫ്ലുവൻസർ അവാർഡ്, റൈസിങ്‌ സ്റ്റാർ അവാർഡ്, ഡബ്ലുസിസി ഇൻഫ്ലുവൻസേഴ്‌സ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ തൻഷാൻ നേടി കൗൺസലിങ്‌ സൈക്കോളജിയിൽ ഡിപ്ലോമ, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് കോഴ്സ് പൂർത്തിയാക്കി ബേസിക് പ്രാക്ടീഷണർ സർട്ടിഫിക്കറ്റ് എന്നിവയും നേടി. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിബിഎക്ക്‌ രജിസ്‌റ്റർ ചെയ്‌ത്‌ പഠിക്കുകയാണിപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home