പകർച്ചവ്യാധികൾക്കെതിരെ പടപൊരുതാൻ ചിറ്റാറ്റുകരയിൽ ആരോഗ്യഭേരി

ചിറ്റാറ്റുകര പഞ്ചായത്തിൽ നടപ്പാക്കുന്ന ആരോഗ്യഭേരി പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, രോഗനിരീക്ഷണം, രോഗനിയന്ത്രണം എന്നിവയുടെ സമഗ്രത ഉറപ്പാക്കുന്നതിനായി ചിറ്റാറ്റുകര പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ‘ആരോഗ്യഭേരി’ കർമപദ്ധതിക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എ ഐ നിഷാദ് അധ്യക്ഷനായി. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ എസ് മഞ്ജു മുഖ്യപ്രഭാഷണം നടത്തി. ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ്നൈൽ പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുക, രോഗനിരീക്ഷണ -രോഗനിയന്ത്രണ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുക, ജലജന്യ-ആഹാരജന്യ രോഗങ്ങളുടെ നിയന്ത്രണത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇതിനായി വാർഡ് തലത്തിലുള്ള ആരോഗ്യ, ശുചിത്വ, പോഷണ സമിതികളുടെ നിലവിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഡോ. ബിന്ദു ഭാസ്കർ, സി സി അനിരുദ്ധൻ, കെ ബി ശൈലജ, കെ കെ ജോജോ, പി ജി ആന്റണി, കെ എ ബഷീർ തുടങ്ങിയവർ സംസാരിച്ചു.










0 comments