ad
Deshabhimani

ബെർലിനിലെ 
പ്രകാശഗോപുരം

deshabhimani editorial
വെബ് ഡെസ്ക്

Published on Sep 24, 2026, 01:30 AM | 2 min read

ജർമനിയുടെ തലസ്ഥാന നഗരമായ ബെർലിനിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടിയായ ‘ഡീ ലിങ്കെ' നേടിയ വിജയം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. 1990-ൽ ഐക്യജർമനി നിലവിൽ വന്നശേഷം ആദ്യമായാണ് ബെർലിന്റെ ഭരണനേതൃത്വത്തിലേക്ക് ഇടതുപക്ഷ പ്രതിനിധി എത്തുന്നത്. വെറുപ്പിന്റെയും വംശീയതയുടെയും കോർപറേറ്റ് പ്രീണനത്തിന്റെയും രാഷ്ട്രീയത്തെ തറപറ്റിച്ചാണ്‌ സ്നേഹവും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച്‌ ബെർലിനിൽ ചെങ്കൊടി വിജയഭേരി മുഴക്കിയത്.


ഈ വിജയത്തിന്റെ ഏറ്റവും തിളക്കമുള്ള മുഖം ഡീ ലിങ്കെയുടെ മുഖ്യ സ്ഥാനാർഥിയായ എലിഫ് എറാൾപ് ആണ്. തുർക്കിയയിൽനിന്ന്‌ രാഷ്ട്രീയ അഭയാർഥികളായി ജർമനിയിലെത്തിയ ദന്പതികളുടെ മകളായ എലിഫ്, ബെർലിൻ ചരിത്രത്തിലെ പ്രഥമ ഇടതുപക്ഷ മേയറും കുടിയേറ്റ പശ്ചാത്തലമുള്ള ആദ്യത്തെ ഭരണാധികാരിയുമാകാൻ ഒരുങ്ങുകയാണ്. കുടിയേറ്റവിരുദ്ധതയും തീവ്രദേശീയതയും പ്രചരിപ്പിക്കുന്ന തീവ്ര വലതുപക്ഷ കക്ഷി പല മേഖലകളിലും കടന്നുകയറുന്നതിനിടെയാണ്‌ പ്രതീക്ഷാജനകമായ ഇ‍ൗ സംഭവവികാസം.

ശക്തമായ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ 25.70 ശതമാനം വോട്ട്‌ നേടിയാണ്‌ ഡീ ലിങ്കെ ഒന്നാം സ്ഥാനത്തെത്തിയത്‌. ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സിന്റെ വലതുപക്ഷ യാഥാസ്ഥിതിക പാർടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (സിഡിയു) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. 18.80 ശതമാനം വോട്ടാണ് സിഡിയു നേടിയത്. വംശീയ അധിക്ഷേപങ്ങളും കുടിയേറ്റവിരുദ്ധതയും മുഖമുദ്രയാക്കിയ തീവ്ര വലതുപക്ഷ കക്ഷി എഎഫ്ഡി 16.30 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. രാജിവയ്‌ക്കില്ലെന്നും ചെലവുചുരുക്കൽ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് മെഴ്‌സ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

യൂറോപ്പിലാകെ വലതുപക്ഷ കക്ഷികൾ തീവ്ര വംശീയതയും കുടിയേറ്റവിരുദ്ധതയും കുത്തിവച്ച് അധികാരം പിടിക്കാൻ ശ്രമിക്കുന്ന അത്യന്തം അപകടകരമായ അന്തരീക്ഷത്തിലാണ് ബെർലിനിലെ ജനകീയ മാതൃക പ്രസക്തമാകുന്നത്. നവഉദാരവൽക്കരണ സാന്പത്തികനയങ്ങളുടെ ഫലമായ പണപ്പെരുപ്പവും അനിയന്ത്രിത വാടകയും ജീവിതം പ്രതിസന്ധിയിലാക്കിയ സാധാരണക്കാരുടെ പ്രശ്നങ്ങളെയും നേരിട്ട് അഭിസംബോധന ചെയ്‌താണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ്‌ പ്രചാരണം നയിച്ചത്. ഉപരിപ്ലവമായ രാഷ്ട്രീയ സംവാദങ്ങൾക്കപ്പുറം പട്ടിണിക്കും പാർപ്പിടമില്ലായ്മയ്ക്കും കൃത്യമായ വർഗസമര വീക്ഷണത്തിലൂടെ പരിഹാരം നിർദേശിക്കാൻ ഡീ ലിങ്കെയ്ക്ക് കഴിഞ്ഞു.


കോർപറേറ്റ് റിയൽ എസ്റ്റേറ്റ് മാഫിയകളിൽനിന്ന്‌ പാർപ്പിടങ്ങൾ ഏറ്റെടുത്ത്‌ പൊതുമുതലാക്കുമെന്ന പ്രഖ്യാപനവും സാധാരണക്കാർക്ക് താങ്ങാനാകുന്നവിധം വീട്ടുവാടകയ്‌ക്ക്‌ പരിധി നിശ്ചയിക്കുമെന്ന ഉറപ്പും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായി. ജനകീയ കാഴ്‌ചപ്പാടിലുള്ള ഇ‍ൗ പ്രായോഗിക സമീപനമാണ് നഗരത്തിലെ തൊഴിലാളിവർഗത്തിനൊപ്പം മധ്യവർഗത്തെയും ഒന്നിച്ച് ചെങ്കൊടിക്കു കീഴിൽ അണിനിരത്തിയത്.


​ഇ‍ൗ തെരഞ്ഞെടുപ്പ് ഫലം വലിയ രാഷ്ട്രീയ ധ്രുവീകരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആഴ്‌ചകൾക്കുമുന്പ്‌ സാക്സണി-അൻഹാൽട്ടിലും ഇപ്പോൾ മെക്ലെൻബർഗ്- വെസ്റ്റേൺ പൊമറേനിയയിലും ഭരണകക്ഷിയായ സിഡിയു നേരിട്ട വൻ തിരിച്ചടി ചാൻസലർ മെഴ്‌സിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ കടുത്ത അമർഷമാണ് വ്യക്തമാക്കുന്നത്‌. ഭരണവിരുദ്ധവികാരം കൃത്യമായി മുതലെടുക്കാൻ മുഖ്യധാരാ കക്ഷികൾക്ക് കഴിയാതെ പോയപ്പോൾ, തീവ്ര വലതുപക്ഷ കക്ഷിയായ എഎഫ്‍ഡി വംശീയതയും വിദ്വേഷവും വിതറി രണ്ട്‌ സംസ്ഥാനങ്ങളിലും ജനവിധി അവർക്ക്‌ അനുകൂലമാക്കി. പൊമറേനിയയിൽ എഎഫ്ഡി 38.2 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മെഴ്‌സിന്റെ സിഡിയുവിന്‌ സഭയിൽ സീറ്റ് നേടാനുള്ള അഞ്ച്‌ ശതമാനം വോട്ടുപോലും കിട്ടിയില്ല.


രണ്ടാം ലോകയുദ്ധശേഷം ഫാസിസ്റ്റ് സ്വഭാവമുള്ള പാർടി ജർമനിയിൽ ഇത്രയും വലിയ ജനപിന്തുണ നേടുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. തീവ്ര വലതുപക്ഷം ജനങ്ങളിൽ ഭയവും വിദ്വേഷവും വളർത്തി വോട്ടുബാങ്ക് സൃഷ്‌ടിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ നവഉദാരവൽക്കരണ മുതലാളിത്ത നയങ്ങൾ തുടരുന്ന വലതുപക്ഷ കക്ഷികൾക്ക് കഴിയുന്നില്ല. അങ്ങേയറ്റം ഗൗരവതരവും ആശങ്കാജനകവുമായ ഈ രാഷ്ട്രീയ യാഥാർഥ്യംകൂടി ചേരുമ്പോഴാണ് ബെർലിനിലെ ഇടതുപക്ഷ വിജയത്തിന്റെ രാഷ്ട്രീയ പ്രസക്തി പൂർണമാകുന്നത്.


ഫാസിസത്തെയും തീവ്ര വലതുപക്ഷത്തെയും തടയാൻ കോർപറേറ്റ് പ്രീണന രാഷ്ട്രീയമല്ല, മറിച്ച് സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ രാഷ്ട്രീയബദൽതന്നെയാണ് വേണ്ടതെന്ന് ജനവിധി തെളിയിക്കുന്നു. ബെർലിനിലെ ചരിത്രവിജയം കേവലം ഒരു ജർമൻ നഗരത്തിലെ ഭരണമാറ്റമല്ല, മറിച്ച് ആഗോള മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രത്യാഘാതങ്ങളോടുള്ള ജനകീയ ചെറുത്തുനിൽപ്പിന്റെ പ്രഖ്യാപനമാണ്‌. ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുള്ള വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ രാഷ്ട്രീയത്തിന് ലോകമെമ്പാടും പ്രസക്തിയുണ്ടെന്ന്‌ ജനവിധി ആവർത്തിച്ച്‌ വ്യക്തമാക്കുന്നു. ജർമനിയിൽ മാത്രമല്ല, യൂറോപ്പിലാകെ ഉയരുന്ന വലിയ പോരാട്ടങ്ങൾക്ക് ഈ മുന്നേറ്റം ആവേശം പകരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home