ad
Deshabhimani

ക്ഷേമ പെൻഷൻ അട്ടിമറിക്കാൻ ആസൂത്രിത നീക്കം

editorial.
വെബ് ഡെസ്ക്

Published on Aug 08, 2026, 12:00 AM | 2 min read

കോൺഗ്രസിനെയും ബിജെപിയെയും താരതമ്യംചെയ്‌ത്‌ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും ബിജെപി മുൻ നേതാവുമായ അരുൺ ഷൂരി നടത്തിയ പ്രയോഗമുണ്ട്‌, ‘കോൺഗ്രസും പശുവും കൂടിച്ചേർന്നാൽ ബിജെപിയായി’. ഇരുപാർടികളെയും നയിക്കുന്ന സാമ്പത്തിക പ്രത്യയശാസ്‌ത്രം ഒന്നുതന്നെയാണെന്നാണ്‌ ഷൂരി ചുരുങ്ങിയ വാക്കുകളിൽ സമർഥിച്ചത്‌. 1990കളുടെ ആദ്യം കോൺഗ്രസ്‌ തുടക്കമിട്ട നവഉദാര സാമ്പത്തികനയങ്ങൾ ബിജെപി വാശിയോടെ നടപ്പാക്കുകയാണ്‌. അതിന്റെ ആഘാതം സൃഷ്‌ടിച്ച ദുരിതപ്രളയത്തിൽ ഗതികിട്ടാതെ ഉഴറുകയാണ്‌ ഇന്ത്യൻ ജനത. കോർപറേറ്റ്‌സേവയിലും അതിനായി സാധാരണ മനുഷ്യരുടെ അവകാശങ്ങൾ ഹനിക്കുന്നതിലും രണ്ടു പാർടികളും തമ്മിൽ മത്സരിക്കുകയാണ്‌.


ഇതിൽ ഏറ്റവും പുതിയതാണ്‌ ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾവഴി വീടുകളിലെത്തിക്കില്ലെന്ന യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനം. കിടപ്പുരോഗികൾക്കുംമറ്റും ഒഴികെ, ബഹുഭൂരിപക്ഷം ഗുണഭോക്താക്കൾക്കും നേരിട്ട്‌ വാണിജ്യബാങ്ക്‌ അക്ക‍ൗണ്ടുകളിലേക്ക്‌ പണം നൽകിയാൽ മതിയെന്നാണ്‌ ധനവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്‌. രണ്ട്‌ ലക്ഷ്യങ്ങളാണ്‌ ഇതിനുപിന്നിൽ. ഒന്ന്‌, ഡയറക്‌ട്‌ ബെനിഫിറ്റ്‌ ട്രാൻസ്‌ഫർ (ഡിബിടി) വഴി ആധാറുമായി ലിങ്ക്‌ ചെയ്‌ത അക്ക‍ൗണ്ടുകളിലൂടെമാത്രം പെൻഷൻ വിതരണം ചെയ്യുന്നതുവഴി ക്ഷേമ പെൻഷൻ എന്ന സംവിധാനംതന്നെ ഘട്ടംഘട്ടമായി ഇല്ലാതാക്കുക. രണ്ട്‌, കേരളത്തിൽ നഗര–ഗ്രാമ വ്യത്യാസമില്ലാതെ ജനകീയമായ സഹകരണപ്രസ്ഥാനത്തെ തകർക്കുക. സഹകരണമേഖലയെ ലക്ഷ്യമിട്ട്‌ കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി അമിത്‌ ഷായുടെ നീക്കങ്ങളെയാണ്‌ ഇതുവഴി യുഡിഎഫ്‌ സർക്കാർ പിന്തുണയ്‌ക്കുന്നത്‌. വഖഫിലും പിഎം ശ്രീയിലുമെന്നപോലെ മോദിയും അമിത്‌ ഷായും പറയുന്നിടത്ത്‌ നിരുപാധികം ഒപ്പുവയ്‌ക്കാൻ വി ഡി സതീശൻ തയ്യാറാണെന്നതിന്റെ ഉച്ചത്തിലുള്ള പ്രഖ്യാപനംകൂടിയാണിത്‌.


മോദിസർക്കാർ ഗ്യാസ്‌ സബ്‌സിഡിയും വളം സബ്‌സിഡിയും ഇങ്ങനെ ഡിബിടി സംവിധാനംവഴി വിതരണംചെയ്‌തതിന്റെ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന്‌ മനുഷ്യരുള്ള രാജ്യമാണിത്‌. ബാങ്ക്‌ അക്ക‍ൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നതും ഇന്റർനെറ്റ്‌ സേവനം ലഭ്യമാകാത്തതുമടക്കമുള്ള നൂലാമാലകളിൽപ്പെട്ട്‌ ഗ്യാസിനും വളത്തിനുമുള്ള അർഹമായ സബ്‌സിഡികൾ നഷ്‌ടമാകുന്നത്‌ വാർത്തയല്ലാതായി മാറിയിരിക്കുന്നു. കോവിഡ്‌ കാലത്തിനുശേഷം ഗ്യാസ്‌ സബ്‌സിഡി കിട്ടുന്നവർ നാമമാത്രമായി.


കിടപ്പുരോഗികൾക്കുമാത്രമേ ഇനി ക്ഷേമാനുകൂല്യങ്ങൾ വീടുകളിലെത്തിക്കൂ എന്ന്‌ ഉത്തരവിൽ പറയുന്നുണ്ടെങ്കിൽ അത്‌ ആര്‌, എങ്ങനെ എത്തിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകുന്നില്ല. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡുകളാണ്‌ പെൻഷൻ വിതരണം ചെയ്യേണ്ടതെന്നും ഉത്തരവിലുണ്ട്‌. എൽഡിഎഫ്‌ സർക്കാർ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിച്ച്‌ കൃത്യമായി ക്ഷേമ പെൻഷനുകൾ എത്തിച്ച അവസ്ഥയാണ്‌ അട്ടിമറിക്കപ്പെടാൻ പോകുന്നത്‌. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ നൽകുന്ന ഒ‍ൗദാര്യമല്ല, അത്‌ അവശജനവിഭാഗങ്ങളുടെ അവകാശമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാനുള്ള നടപടികളായിരുന്നു എൽഡിഎഫ്‌ സർക്കാർ കൈക്കൊണ്ടത്‌.


ക്ഷേമ പെൻഷനുകളോടുള്ള യുഡിഎഫിന്റെ ഇ‍ൗ സമീപനം ഒരുതരത്തിലും ആശ്ചര്യപ്പെടുത്തുന്നതല്ല. കാരണം യുഡിഎഫ്‌ അധികാരത്തിലുള്ളപ്പോഴൊക്കെ പെൻഷനുകൾ ഇല്ലാതാക്കാനാണ്‌ ശ്രമിച്ചത്‌. 18 മാസത്തെ പെൻഷൻ കുടിശ്ശികയാക്കിയാണ്‌ ഉമ്മൻചാണ്ടി സർക്കാർ 2016ൽ അധികാരം വിട്ടൊഴിഞ്ഞത്‌. തുടർന്ന്‌ അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്‌ ഇ‍ൗ കുടിശ്ശിക അനുവദിച്ചത്‌. പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി പെൻഷൻ ഉയർത്തി 2000 രൂപയിലെത്തിക്കുകയും ചെയ്‌തു. ഒരിക്കൽപ്പോലും പെൻഷൻ വർധിപ്പിക്കാനോ ഉള്ള പെൻഷൻ കൃത്യമായി വിതരണംചെയ്യാനോ യുഡിഎഫ്‌ സർക്കാരുകൾ തയ്യാറായിരുന്നില്ല. ഉമ്മൻചാണ്ടി സർക്കാർ നാമമാത്രമായി പെൻഷൻ വർധിപ്പിച്ചതുമാത്രമാണ്‌ ഇതിനൊരു അപവാദം.


പെൻഷനുകളോടുള്ള കോൺഗ്രസുകാരുടെ സമീപനം എക്കാലത്തും നിഷേധാത്മകമായിരുന്നു. 1980ൽ നായനാർ സർക്കാരാണ്‌ ആദ്യമായി കർഷകത്തൊഴിലാളികൾക്ക്‌ പെൻഷൻ പദ്ധതി പ്രഖ്യാപിക്കുന്നത്. 45 രൂപയായിരുന്നു അന്ന്‌ അനുവദിച്ചത്‌. നടപ്പാക്കാൻ കഴിയാത്ത വെറും രാഷ്ട്രീയ അഭ്യാസമാണെന്ന് അന്നത്തെ പ്രതിപക്ഷനേതാവ്‌ കെ കരുണാകരൻ വാദിച്ചു. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയാൽ സംസ്ഥാന ട്രഷറി പൂട്ടിപ്പോകുമെന്നും അദ്ദേഹം നിയമസഭയിലും പുറത്തും ആരോപിച്ചിരുന്നു. കർഷകത്തൊഴിലാളികൾ കിട്ടുന്ന പണം മദ്യത്തിന്‌ ഉപയോഗിക്കുമെന്നു പറഞ്ഞ്‌ ആ വിഭാഗത്തെ അപമാനിക്കുകയും ചെയ്‌തു. അതിന്റെയെല്ലാം തുടർച്ചയായാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ പുതിയ തീരുമാനത്തെയും കാണേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home