തുറക്കുളം മാർക്കറ്റ് 8 മാസത്തിനകം പൂർത്തിയാക്കും
നിർമാണം പുനരാരംഭിക്കാൻ ഐകകണ്ഠ്യേന തീരുമാനം

കുന്നംകുളം കുന്നംകുളം നഗരസഭയുടെ മുടങ്ങിക്കിടന്നിരുന്ന പദ്ധതി, തുറക്കുളം മാർക്കറ്റിന്റെ നിർമാണം പുനരാരംഭിക്കുന്നു. പുതുക്കിയ പദ്ധതിരേഖ തയ്യാറാക്കാൻ നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. ബിഒടി വ്യവസ്ഥയിൽ നിർമാണം ആരംഭിച്ച തുറക്കുളം മാർക്കറ്റ് കോടതി വ്യവഹാരങ്ങളെത്തുടർന്ന് പാതിവഴിയിൽ നിലയ്‌ക്കുകയായിരുന്നു. മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിന് തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. ഇതുവരെ നടത്തിയ നിർമാണങ്ങൾക്ക് പുറമെ, ഫ്ലോറിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ്, സെന്‍ട്രലൈസ്ഡ് എസി, പാര്‍ക്കിങ് സൗകര്യം, ഡ്രൈനേജ് ഉള്‍പ്പടെയുള്ള പണികൾ പൂർത്തീകരിക്കുന്നതിനായി ഏകദേശം അഞ്ചരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വായ്പയിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ഈ തുക കണ്ടെത്തി പണി പൂർത്തിയാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്ന ചുമതല സർക്കാർ അംഗീകൃത ഏജൻസിയെ ഏൽപ്പിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. രണ്ടുമാസത്തിനകം ഡിപിആർ തയ്യാറാക്കും. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി എട്ടു മാസത്തിനുള്ളിൽ മാർക്കറ്റിന്റെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി. വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ്, ഷാജി ആലിക്കൽ, ശ്രീജിത്ത് ആവേൻ, ബിനീഷ് കക്കാട് എന്നിവർ സംസാരിച്ചു.










0 comments