കടൽക്ഷോഭ മേഖല കലക്ടർ സന്ദർശിച്ചു

വാടാനപ്പള്ളി ബീച്ചിലെ കടൽക്ഷോഭ മേഖല കലക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിക്കുന്നു
വാടാനപ്പള്ളി
സി രവീന്ദ്രനാഥ് എംഎൽഎയുടെ ആവശ്യത്തെ തുടർന്ന് വാടാനപ്പള്ളി ബീച്ചിലെ കടൽക്ഷോഭ മേഖല കലക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു.വീടും ഭൂമിയും കൃഷിയും നശിച്ചവരോട് വിവരങ്ങൾ ചോദിച്ചു. അടിയന്തരമായി കടൽഭിത്തി കെട്ടുകയും പൊളിഞ്ഞു പോയ റോഡ് നിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂളിലേക്ക് പോകാനുള്ള ഏക ആശ്രയമായ റോഡ് കടലെടുത്തതോടെ സ്കൂൾ വണ്ടിയോ ഓട്ടോയോ വരാതെ കുട്ടികളും ദുരിതത്തിലാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പിലൂടെ വെള്ളം വരാത്തത് കാരണം കുടിവെള്ളവും ലഭിക്കുന്നില്ല. വാടാനപ്പള്ളി പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് മുൻ കലക്ടർ ഉത്തരവിട്ടതനുസരിച്ച് 5 ദിവസം വെള്ളം ടാങ്കർ ലോറിയിൽ കൊണ്ടുവന്നിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്. ഏങ്ങണ്ടിയൂരിനും തളിക്കുളത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വാടാനപ്പള്ളി പഞ്ചായത്തിലെ 1, 17, 18, വാർഡുകളാണ് തീരം തൊട്ട് കിടക്കുന്നത്. ടെട്രാപോഡ് കടൽഭിത്തി കെട്ടി തീരവും തീരദേശവാസികളേയും സംരക്ഷിക്കണമെന്ന് സിപിഐ എം തൃത്തല്ലൂർ - വാടാനപ്പളളി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സുരേഷ് മഠത്തിൽ, വി എ ഷാജുദീൻ എന്നിവർ ആവശ്യപ്പെട്ടു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഐ എൻ സുധീഷ്, വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചിലഗിരി , വൈസ് പ്രസിഡന്റ് സി എം നൗഷാദ്, പഞ്ചായത്തംഗങ്ങൾ, ചാവക്കാട് തഹസിൽദാർ, ഇറിഗേഷൻ, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.










0 comments