കേന്ദ്ര, കേരള സർക്കാരുകൾ പ്രവാസികളെ *പ്രതിസന്ധിയിലാക്കുന്നു: മുഹമ്മദ് റിയാസ്

പ്രവാസി സംഘം സെമിനാർ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
തിരൂർ
പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിഷയങ്ങളിൽ കേന്ദ്ര, കേരള സർക്കാരുകൾ ഒരേ നയമാണ് നടപ്പാക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രവാസി സെമിനാർ തിരൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു പി എ മുഹമ്മദ് റിയാസ്. പ്രവാസികളുടെ വകുപ്പായ നോർക്കയെ കുറിച്ച് ഒരു പരാമർശംപോലും ബജറ്റിൽ ഇല്ല.
ഇതരസംസ്ഥാന തൊഴിലാളിളെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി. അവർ കേരളത്തിന്റെ സമ്പത്ത് കടത്തിക്കൊണ്ടുപോകുന്നു എന്നാണ് പറയുന്നത്. മോദിയും വി ഡി സതീശനും പറയുന്ന ബന്ധായിക്ക് കുറവില്ല.
പ്രവാസികളെ പ്രതിസന്ധിയിലേക്ക് തള്ളുന്ന കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്. യുഡിഎഫ് സർക്കാരുകൾക്ക് ക്ഷേമ പ്രവർത്തനങ്ങൾക്ക് താല്‍പ്പര്യമില്ല. അവർ നവ ഉദാര വൽക്കരണ നയങ്ങൾ നടപ്പാക്കുന്നു. എന്നാൽ ഇടത് സർക്കാരുകൾ ബദൽ നയം നടപ്പാക്കിയെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
രക്ഷകരായത് പ്രവാസികൾ
ലോക സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ വൻ തകർച്ചയിൽനിന്ന് ഇന്ത്യ രക്ഷപ്പെട്ടത് പ്രവാസികൾ അയച്ച പണംകൊണ്ടാണെന്ന് പ്രവാസി സംഘം മുൻ ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. പ്രവാസികളുടെ ക്ഷേമകാര്യത്തിൽ കക്ഷി രാഷ്ടീയം നോക്കാതെ സർക്കാരുകൾ ഇടപെടണമെന്ന് പ്രവാസി ബിസിനസുകാരും തിരൂർ നഗരസഭാ ചെയർപേഴ്സണുമായ കീഴേടത്തിൽ ഇബ്രാഹിം ഹാജി പറഞ്ഞു. പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ജീവിതം നയിക്കുന്നവരെ ചിലർ അവഗണനയോടെയാണ് കാണുന്നത്. സമൂഹത്തിന്റെ വളർച്ചക്ക് പ്രവാസികൾ നൽകിയ സേവനങ്ങൾ വലുതാണെന്നും ഇബ്രാഹിം ഹാജി പറഞ്ഞു.
പുരോഗതിക്ക് താങ്ങായത് പ്രവാസം: കെ ടി ജലീൽ
കേരളത്തിന്റെ പുരോഗതിക്കായി വർത്തിച്ചത് പ്രവാസമാണെന്ന് മുൻ മന്ത്രി കെ ടി ജലീൽ പറഞ്ഞു. പ്രവാസം മലയാളിയുടെ സാമൂഹ്യ ജീവിതത്തെ മാറ്റിമറിച്ചു. കേരളത്തിലെ യാഥാസ്ഥിതികത്തിന്റെ പുറംതോട് പൊട്ടിച്ച് നാടിന്റെ കണ്ണ് തുറപ്പിച്ചത് പ്രവാസികളാണ്. ഇന്ത്യയുടെ പ്രവാസി വരുമാനത്തിലെ വലിയ പങ്ക് മലയാളികളുടേതാണെന്നും കെ ടി ജലീൽ പറഞ്ഞു. മതാന്ധതയും മതഭ്രാന്തും നുണപ്രചാരണവും നടത്തിയാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയത്. ഇടതു ഹിന്ദുത്വം എന്ന് പറഞ്ഞ് വർഗീയ ചേരിതിരിവ് നടത്തി. പിഎം ശ്രീയിൽ ഒപ്പിട്ടുവെന്ന കുപ്രചാരണത്തിന് മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ ക്ഷമാപണം നടത്തണമെന്നും കെ ടി ജലീൽ പറഞ്ഞു.









0 comments