ജില്ലയിൽ നൽകാനുള്ളത് 306 കോടി; സംസ്ഥാനത്താകെ അനുവദിച്ചത് 150 കോടിമാത്രം

പാലക്കാട്
സംഭരിച്ച നെല്ലിന്റെ വിലയായി ജില്ലയിലെ കർഷകർക്കുമാത്രം 306 കോടി രൂപ നൽകാനുള്ളപ്പോൾ സംസ്ഥാനത്തിന് അനുവദിച്ചത് പകുതിയിൽ താഴെ തുക. സംസ്ഥാത്തിനൊട്ടാകെ അനുവദിച്ച തുകയിൽ ഭൂരിപക്ഷം കർഷകരും ഉൾപ്പെടുന്ന പാലക്കാടിന് എത്രയാണെന്ന് പ്രത്യേക പരാമർശമില്ല. ജില്ലയിൽ 31,962 കർഷകർക്കാണ് തുക കിട്ടാനുള്ളത്. നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അർഹമായ വില ലഭിക്കാതെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രണ്ടാംവിള നെല്ല് സംഭരിച്ചയിനത്തിൽ സംസ്ഥാന സർക്കാരിന്റെ വിഹിതമായ 254 കോടി രൂപയിൽ മുമ്പ് 104 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് 150 കോടി രൂപകൂടി അനുവദിച്ചത്. എന്നാൽ, കേന്ദ്ര വിഹിതത്തെക്കുറിച്ച് മിണ്ടാട്ടമില്ല. അതിനാൽ പകുതി കർഷകർക്കുപോലും നെല്ലുവില ലഭിക്കില്ല. എൽഡിഎഫ് സർക്കാർ കേന്ദ്രവിഹിതംകൂടി ചേർത്ത് കർഷകർക്ക് നൽകിയിരുന്നു. കേന്ദ്രത്തിൽനിന്ന് തുക അനുവദിക്കുന്ന മുറയ്ക്ക് ഇതിലേക്ക് വരവുവയ്‌ക്കുകയായിരുന്നു പതിവ്. ഇനി വിതരണം ചെയ്യാനുള്ള കുടിശ്ശിക പൂർണമായും കേന്ദ്ര സർക്കാരിന്റെ വിഹിതമാണെന്നും തങ്ങൾക്ക് ബാധ്യതയില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഈ സീസണിലെ വിഹിതം 300 കോടി രൂപയും മുൻകാല കുടിശ്ശികയും സബ്സിഡിയുമടക്കം 1,600 കോടി രൂപയിലധികം കേന്ദ്ര സർക്കാരിൽനിന്ന് സപ്ലൈകോയ്ക്ക് ലഭിക്കാനുണ്ട്. ഈ തുക എപ്പോൾ ലഭിക്കുമെന്നതിലും വ്യക്തതയില്ല.










0 comments