ad
Deshabhimani

print edition ഡിബിടിയിൽ പുറത്താകുക ലക്ഷങ്ങൾ; ലക്ഷ്യം പെൻഷന്‌ താഴിടൽ

elderly persons welfare pension
വെബ് ഡെസ്ക്

Published on Aug 08, 2026, 01:53 AM | 1 min read

തിരുവനന്തപുരം: ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചുനൽകുന്നത്‌ നിർത്തി ഡയറക്ട്‌ ബെനഫിറ്റ്‌ ട്രാൻസ്‌ഫർ (ഡിബിടി) വഴിയാക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ കണ്ണിൽചോരയില്ലാത്ത തീരുമാനത്തിനുപിന്നിൽ പദ്ധതിക്ക്‌ താഴിടാനുള്ള നീക്കം. ഗുണഭോക്താക്കളെ കുറച്ച്‌ പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ്‌ ലക്ഷ്യം.


ബാങ്കിങ്‌ സേവനമേഖലയ്‌ക്കുപുറത്തുള്ള ലക്ഷക്കണക്കിന്‌ വയോജനങ്ങൾക്ക്‌ ഡിബിടി ഉടൻ നടപ്പാക്കുക അസാധ്യമാണ്‌. അക്ക‍ൗണ്ട്‌ തുടങ്ങുന്നതുൾപ്പെടെ നടപടിക്രമം പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. 62 ലക്ഷം ഗുണഭോക്താക്കളിൽ മുന്പ്‌ ഡിബിടി തെരഞ്ഞെടുത്തവർ ഒഴികെയുള്ള ബഹുഭൂരിപക്ഷത്തിനും വീട്ടിൽ പെൻഷൻ ലഭ്യമായിരുന്നു. ഇതാണ്‌ നിലയ്‌ക്കുന്നത്‌. പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന്‌ വാഗ്-ദാനം നൽകി അധികാരത്തിലെത്തിയവർ പദ്ധതിയുടെ കടയ്‌ക്കൽ തന്നെ കത്തിവയ്‌ക്കുകയാണ്‌.


രാജ്യത്ത്‌ ഡിബിടി ഏർപ്പെടുത്തിയ പല പദ്ധതികളിൽനിന്നും ലക്ഷക്കണക്കിന്‌ ഗുണഭോക്താക്കളാണ്‌ പുറത്തായത്‌. ബാങ്ക്‌ അക്ക‍ൗണ്ടില്ലാത്തവർ, അക്ക‍ൗണ്ട്‌ വിവരങ്ങളിൽ പിശകുള്ളവർ, നിഷ്‌ക്രിയ അക്ക‍ൗണ്ടുകൾ, ഡാറ്റാബേസിൽ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയവർ എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ മൂലമാണ്‌ പുറത്താക്കപ്പെട്ടത്‌. നേരിട്ടുകൊടുത്തിരുന്ന ആനുകൂല്യങ്ങൾ ഡിബിടി വഴിയാക്കിയതുകാരണം മൂന്നിലൊന്ന്‌ പേർക്ക്‌ ലഭിക്കാതെ പോയിട്ടുണ്ടെന്ന്‌ സിഎജി കണ്ടെത്തിയിട്ടുണ്ട്‌.


കേന്ദ്രസഹായം നഷ്ടപ്പെടുമെന്ന വാദമുയർത്തുന്നതും ബാലിശം. ആകെ നൽകുന്ന സാമൂഹ്യസുരക്ഷ പെൻഷൻ തുകയുടെ ഒരു ശതമാനമേ കേന്ദ്രവിഹിതമുള്ളൂ. 86 ശതമാനം പേർക്കും സംസ്ഥാനമാണ് പെൻഷൻ നൽകുന്നത്‌. കേന്ദ്രവിഹിതത്തിന്റെ പേരുപറഞ്ഞ്‌ ഒരുഘട്ടത്തിലും എൽഡിഎഫ്‌ സർക്കാർ പെൻഷൻ മുടക്കിയിട്ടില്ല. മുൻ യുഡിഎഫ്‌ സർക്കാരുകളും പാവങ്ങൾക്കുള്ള ക്ഷേമ, സഹായ പദ്ധതികളോട്‌ നിഷേധ നിലപാടാണ്‌ സ്വീകരിച്ചത്‌. ചെറിയ തുകയായിരുന്നിട്ടും 18 മാസം പെൻഷൻ കുടിശ്ശികയാക്കിയിട്ടാണ്‌ 2016 ൽ ഉമ്മൻചാണ്ടി സർക്കാർ പടിയിറങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home