ഒൗട്ടർ റിങ് റോഡ് വന്നാലും കുരുക്കഴിയില്ല
ഇടപ്പള്ളി–അരൂർ ഉയരപ്പാത കൈയൊഴിഞ്ഞ് കേന്ദ്രം

ഗതാഗതത്തിരക്കേറിയ ഇടപ്പള്ളി–അരൂർ ബൈപാസ്
കൊച്ചി
സംസ്ഥാനത്തെ ഏറ്റവും വാഹനത്തിരക്കേറിയ ഇടപ്പള്ളി– അരൂർ (എൻഎച്ച് 66) ബൈപാസിലെ നിർദിഷ്‌ട ആറുവരി ഉയരപ്പാത പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലിന് ആവശ്യം ശക്തമാകുന്നു. അങ്കമാലിയിൽനിന്ന് അരൂരിലേക്ക് കൊച്ചി ഒൗട്ടർ റിങ് റോഡ് വരുന്നതിനാൽ ഉയരപ്പാത പദ്ധതി തൽക്കാലമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇൗ ആവശ്യമുയരുന്നത്. ഒൗട്ടർ റിങ് റോഡിന്റെ പേരിൽ ഇടപ്പള്ളി– അരൂർ ഭാഗത്തെ ഗതാഗതത്തിരക്കിന് പരിഹാരമാകുന്ന പദ്ധതി ഉപേക്ഷിക്കുന്നത് കൊച്ചി നഗരത്തിന്റെ ഭാവിവികസനത്തെയും ശ്വാസം മുട്ടിക്കും.
നാലുവരിയായി തുടരുന്ന ഇടപ്പള്ളി–അരൂർ പാതയിലെ ഗതാഗതത്തിരക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ആറുവരി ഉയരപ്പാത നിർദേശിക്കപ്പെട്ടത്. പ്രദേശത്ത് സ്ഥലമേറ്റെടുക്കലിന് പ്രയാസമുള്ളതിനാലാണ് ഒറ്റത്തൂണിൽ 14.5 കിലോമീറ്റർ ഉയരപ്പാതതന്നെ തീരുമാനിച്ചത്. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില ജങ്ഷനുകളിൽ മെട്രോറെയിലിന് മുകളിലൂടെയാണ് പാത രൂപകൽപ്പന ചെയ്‌തത്. ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരം ഹൈവേ എൻജിനിയറിങ് കൺസൾട്ടൻസി പദ്ധതിയുടെ വിശദപഠനവും റിപ്പോർട്ടും തയ്യാറാക്കി. അതിന് കേന്ദ്രാനുമതി കാത്തിരിക്കെയാണ് കൊച്ചി റിങ് റോഡ് പദ്ധതിയുടെ പേരിൽ ഉയരപ്പാത തൽക്കാലമില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പ്രസ്‌താവിച്ചത്. പകരം അങ്കമാലിയിൽനിന്ന് ആരംഭിച്ച് അരൂരിലെത്തുന്ന 49.5 കിലോമീറ്റർ എട്ടുവരിപ്പാത പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
അങ്കമാലിയിൽനിന്ന് ആലുവ, കുന്നത്തുനാട്, കണയന്നൂർ വില്ലേജുകളിലൂടെ അരൂരിലെത്തുന്ന റിങ് റോഡ്, ദേശീയപാത 544 ലെ അങ്കമാലി–ആലുവ–ഇടപ്പള്ളി റോഡിലെ ഗതാഗതത്തിരക്കിന് ആശ്വാസമാകുമെങ്കിലും ഇടപ്പള്ളി–അരൂർ ബൈപാസിലെ കുരുക്ക് പരിഹാരമില്ലാതെ തുടരും. മൂത്തകുന്നം–ഇടപ്പള്ളി ദേശീയപാത 66 ആറുവരിയായി പൂർത്തിയാകുന്നതോടെ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് വാഹനങ്ങളാകും ബൈപാസിലേക്ക് എത്തുക. അപ്പോഴും നാലുവരിയായി ബൈപാസിലെ ഗതാഗതക്കുരുക്ക് ഉൗഹിക്കാവുന്നതിലുമപ്പുറമായിരിക്കും.
ഒൗട്ടർ റിങ് റോഡ് പദ്ധതിക്കൊപ്പം ബൈപാസിലെ ഉയരപ്പാതകൂടി പൂർത്തിയാകാത്തപക്ഷം 6000 കോടിയോളം ചെലവിടുന്ന പദ്ധതിയുടെ പ്രയോജനം കൊച്ചിക്ക് ലഭിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു. അരൂരിൽനിന്ന് തുറവൂരിലേക്ക് നീളുന്ന ഉയരപ്പാതയുടെ നിർമാണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം 3000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇടപ്പള്ളി–അരൂർ ഉയരപ്പാത സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.










0 comments