ad
Deshabhimani

print edition രാജേഷിനോട് റവന്യു, ആരോഗ്യ വകുപ്പുകളുടെ അനാദരം

രാജേഷ്
വെബ് ഡെസ്ക്

Published on Aug 08, 2026, 02:41 AM | 1 min read

കണ്ണൂർ: അതിതീവ്ര മഴയിൽ പുളിങ്ങോം മീന്തുള്ളിയിൽ തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷിച്ചശേഷം ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിനെ കണ്ടെത്തുന്നതിലും മൃതദേഹം നാട്ടിലെത്തിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്‌ കൊടിയ അനാസ്ഥ. യുഡിഎഫ്‌ എംഎൽഎയും പഞ്ചായത്ത്‌ ഭരണസമിതിയും റവന്യു, ആരോഗ്യ വകുപ്പുകളും തികഞ്ഞ അവഗണനയാണ്‌ കാട്ടിയത്‌.


രാജേഷിനെ ഒഴുക്കിൽപ്പെട്ട്‌ കാണാതായെന്ന വിവരമറിഞ്ഞ്‌ വാർഡംഗം കെ മഹേഷും സുഹൃത്തുക്കളും ബന്ധുക്കളും തിരുവനന്തപുരത്തുനിന്ന്‌ ഞായറാഴ്‌ച രാവിലെ പുളിങ്ങോത്ത്‌ എത്തിയിട്ടും വി കുഞ്ഞിക്കൃഷ്‌ണൻ എംഎൽഎയോ തഹസിൽദാരോ ഉത്തരവാദിത്വപ്പെട്ടവരോ അവിടെ വന്നില്ല. തിരച്ചിൽ ഏകോപിപ്പിക്കാൻ ആലോചനായോഗം ചേർന്നില്ല. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊപ്പം സജീവമായി ഉണ്ടായിരുന്നത്‌ നാട്ടുകാരും രാജേഷിന്റെ സുഹൃത്തുക്കളുമാണ്‌. രാജേഷിനെ കാണാതായി രണ്ടുദിവസം കഴിഞ്ഞാണ്‌ താൻ അറിഞ്ഞതെന്നാണ്‌ എംഎൽഎ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


സ്ഥലത്ത്‌ ക്യാന്പ്‌ ചെയ്യേണ്ട തഹസിൽദാരാകട്ടെ, ഞായറാഴ്‌ച വിവാഹസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. തിരച്ചിലിന്‌ മതിയായ സജ്ജീകരണങ്ങൾ ഒരുക്കാതിരുന്നവർ, നാലു ദിവസത്തിനുശേഷം മൃതദേഹം കണ്ടെത്തിയപ്പോൾ നാട്ടിലെത്തിക്കുന്നതിലും മര്യാദ കാട്ടിയില്ല. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കൊണ്ടുപോകാൻ മൊബൈൽ മോർച്ചറി സംവിധാനമില്ലാത്ത ആംബുലൻസാണ്‌ ഏർപ്പാടാക്കിയത്‌. ഇതിൽ റവന്യൂ, ആരോഗ്യ വകുപ്പുകൾ കുറ്റകരമായ അനാസ്ഥയാണ്‌ കാട്ടിയത്‌. ബന്ധുക്കൾ പരാതി പറഞ്ഞിട്ടും എംഎൽഎയും ഇടപെട്ടില്ല.


കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ്‌ മൃതദേഹം വെറുമൊരു പ്ലാസ്റ്റിക്‌ കവറിൽ പൊതിഞ്ഞാണ്‌ നൽകിയത്‌. മെഡിക്കൽ കോളേജിന്‌ മൊബൈൽ മോർച്ചറി സംവിധാനമില്ലെന്ന്‌ വ്യക്തമായിട്ടും ഇ‍ൗ സ‍ൗകര്യമുള്ള ആംബുലൻസ്‌ ഏർപ്പെടുത്താൻ റവന്യുവകുപ്പ്‌ തയ്യാറായില്ല. സ്വന്തം അധികാരമുപയോഗിച്ച്‌ സ്വകാര്യ ഫ്രീസർ ആംബുലൻസ്‌ ഏർപ്പെടുത്താമെന്നിരിക്കെ, തഹസിൽദാർ നിഷേധനിലപാടാണ്‌ സ്വീകരിച്ചത്‌. അതെല്ലാം കലക്ടറുടെ ഉത്തരവാദിത്വമാണെന്ന്‌ പറഞ്ഞ്‌ എംഎൽഎയും കൈകഴുകി.


​എഡിഎം അന്വേഷിക്കും: കലക്ടർ


പുളിങ്ങോം മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയതിൽ വീഴ്‌ച സമ്മതിച്ച്‌ കണ്ണൂർ കലക്ടർ പി വിഷ്‌ണുരാജ്‌. ഫ്രീസർ ആംബുലൻസ്‌ സ‍ൗകര്യം ഒരുക്കുന്നതിന്‌ പണം തടസ്സമായിരുന്നില്ല. സംവിധാനങ്ങളെല്ലാം ഒരുക്കാൻ വ്യക്തമായ നിർദേശം നൽകിയതാണ്‌. എന്നിട്ടും എന്തുകൊണ്ട്‌ വീഴ്‌ചയുണ്ടായി എന്നതിനെക്കുറിച്ച്‌ എഡിഎ അന്വേഷിക്കുന്നുണ്ട്‌. വെള്ളിയാഴ്‌ച പയ്യന്നൂർ തഹസിൽദാരിൽനിന്ന്‌ എഡിഎം വിശദീകരണം തേടി. റിപ്പോർട്ട്‌ കിട്ടിയാൽ കർശന നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home