വീട്ടുപടിയിലെ പെൻഷൻ മുടക്കി യുഡിഎഫ്
വാഗ്ദാനം 3,000; തന്നത് ഇരുട്ടടി

വേണു കെ ആലത്തൂർ
Published on Aug 08, 2026, 01:26 AM | 2 min read
പാലക്കാട്
സാമൂഹ്യസുരക്ഷാ പെൻഷൻ ജനങ്ങളുടെ അവകാശമാക്കിയ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം യുഡിഎഫ് സർക്കാർ മൂന്നുമാസം തികയുംമുന്പ് അട്ടിമറിച്ചു. എല്ലാമാസവും 25നും 30നും ഇടയിൽ കൈകളിലെത്തിയ പെൻഷൻ ഇനി വീടുകളിൽ നേരിട്ടെത്തില്ല. സർക്കാരിന്റെ ഒൗദാര്യംപോലെ ഇനി ഏതെങ്കിലും സമയത്ത് ബാങ്കുകളിലെത്തും. 10 വർഷത്തെ രീതി പൊളിച്ചുള്ള യുഡിഎഫിന്റെ ഉത്തരവ് ജില്ലയിൽമാത്രം മൂന്നരലക്ഷം ഗുണഭോക്താക്കളെ ദുരിതത്തിലാക്കും. 4.75 ലക്ഷം പേരാണ് ജില്ലയിൽ ക്ഷേമപെൻഷൻ വാങ്ങുന്നത്. അതിൽ 1.25 ലക്ഷം പേർക്കുമാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ എത്തുന്നത്. വാർധക്യകാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പര്യാപ്‌തമാക്കുന്ന ക്ഷേമപെൻഷൻ അവകാശമായി പ്രഖ്യാപിച്ചത് എൽഡിഎഫ് സർക്കാരാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 600 രൂപയുണ്ടായിരുന്ന പെൻഷൻ ഒന്നാം പിണറായി സർക്കാരാണ് 1,000 രൂപയാക്കി സഹകരണബാങ്കുകൾ മുഖേന വീടുകളിൽ എത്തിക്കാൻ തുടങ്ങിയത്. 2016ൽ യുഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുന്പോൾ 18 മാസത്തെ കുടിശ്ശികയുണ്ടായിരുന്നു. അത് മുഴുവൻ എൽഡിഎഫ് സർക്കാർ കൊടുത്തുതീർത്തു. പിന്നീട് പടിപടിയായി 2,000 രൂപയാക്കി. പ്രളയകാലത്തുപോലും തോണിയിൽ പോയി പെൻഷൻ എത്തിച്ചിരുന്നു. ഗുണഭോക്താക്കളിൽ 70 ശതമാനം പേർക്കും എടിഎം കാർഡ് ഉപയോഗിക്കാൻ അറിയില്ല. പെൻഷൻ വന്നോ എന്നറിയാൻ പലരുടെയും കൈവശം മൊബൈലുമില്ല. ഉള്ളവർക്ക് മെസേജ് നോക്കാനും അറിയില്ല. ഇനി എല്ലാ ഗുണഭോക്താക്കളും എടിഎം കാർഡ് എടുക്കേണ്ടിവരും. ഫലത്തിൽ പെൻഷൻ തുക യഥാർത്ഥ ഗുണഭോക്താവിന് ലഭിക്കില്ല. അധികാരത്തിലേറിയാൽ ക്ഷേമ പെൻഷൻ 3,000 രൂപയാക്കുമെന്ന് വാഗ്‌ദാനം നൽകിയ യുഡിഎഫ്, ഭരണം കിട്ടി മൂന്നുമാസം തികയുംമുമ്പേ പദ്ധതി അട്ടിമറിക്കുകയാണ്.
നിർജീവ അക്കൗണ്ടുകളിൽ പിഴ ഇൗടാക്കും
ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 50 ശതമാനത്തോളം പേരുടെ ബാങ്ക് അക്കൗണ്ടുകൾ വർഷങ്ങളായി നിർജീവമാണ്. ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്കുകൾ പിഴയീടാക്കും. പെൻഷൻ തുക എത്തിയാൽ അത് പൂർണമായും പിഴയായി ബാങ്കുൾ ഇൗടാക്കും. വർഷം 250 രൂപ നിരക്കിൽ കണക്കാക്കിയാൽ പലർക്കും ആയിരക്കണക്കിന് രൂപ നഷ്ടമാകും. പണം പിൻവലിക്കാൻ പോകുന്പോഴായിരിക്കും ചതി മനസ്സിലാകുക.
തുച്ഛവരുമാനം നഷ്ടമായി 1790 ഏജന്റുമാർ
അശരണർക്ക് ആശ്രയമായ ക്ഷേമപെൻഷൻ സഹകരണ ബാങ്കുകളിൽനിന്ന് തട്ടിപ്പറിച്ച് ദേശസാൽകൃത ബാങ്കുവഴിയാക്കി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കം ജില്ലയിലെ 1,790 പാവപ്പെട്ട ഏജന്റുമാർക്കുള്ള തുച്ഛവരുമാനവും നഷ്ടപ്പെടുത്തി. 99 സഹകരണ ബാങ്കുകൾ വഴിയാണ് ജില്ലയിൽ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചിരുന്നത്. മാസം 2,000 മുതൽ 6,000 രൂപവരെ ഏജന്റുമാർക്ക് വരുമാനം ലഭിച്ചിരുന്നു. ആ വരുമാനമാണ് യുഡിഎഫ-് സർക്കാർ ഇല്ലാതാക്കിയത്.
10 വർഷം; രണ്ടുമാസത്തെ പെൻഷനില്ലാത്ത ആദ്യ ഓണം
കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ചുവരാത്ത ആദ്യത്തെ തിരുവോണമാണിത്. ആഘോഷവേളകളിൽ ഒരു മാസത്തെ മുൻകൂർ ഉൾപ്പെടെ രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് എൽഡിഎഫ് സർക്കാരുകൾ വീട്ടിലെത്തിച്ചിരുന്നു. വിഷു, ഓണം, പെരുന്നാൾ, ക്രിസ്‌മസ് തുടങ്ങിയ ആഘോഷവേളകളിലാണിത്. സർക്കാർ പണം അനുവദിച്ച് ഉത്തരവായാൽ ട്രഷറിയിൽനിന്ന് എടുക്കാൻ അവധിദിവസങ്ങൾമൂലം കാലതാമസം നേരിടുകയാണെങ്കിൽ സഹകരണ ബാങ്കുകൾ സ്വന്തം അക്കൗണ്ടിൽനിന്ന് പണമെടുത്ത് അന്നുരാത്രി മുതൽ വീടുകളിലെത്തിച്ചിരുന്നു. ഓരോ ഗുണഭോക്താവിനും രണ്ട് രശീതുകൾ വീതം പ്രിന്റ് എടുക്കാൻ തന്നെ സമയം ഏറെ വേണം. രാത്രിതന്നെ ഇൗ പ്രക്രിയ പൂർത്തിയാക്കി അവധിദിവസം നോക്കാതെ ഏജന്റുമാർ മുഖേന പെൻഷൻ എത്തിക്കാൻ സഹകരണ ബാങ്കുകളും ആത്മാർഥമായി രംഗത്തുവന്നിരുന്നു.










0 comments