print edition ബാങ്കോക്കിൽ വിദ്യാർഥി 7 പേരെ വെടിവച്ചുകൊന്നു

ബാങ്കോക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ സ്‌കൂളിൽ പതിനാലുകാരൻ നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. അക്രമിയായ വിദ്യാർഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. സ്വന്തം വീട്ടിൽ മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ചു കൊന്നശേഷമാണ് തോക്കുമായി കുട്ടി സ്‌കൂളിലെത്തിയതതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ബാങ്കോക്കിന് വടക്കുപടിഞ്ഞാറ് നോന്താബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്താബുരി സ്കൂളിൽ വെള്ളി രാവിലെ പത്തിനാണ് ഞെട്ടിക്കുന്ന സംഭവം. സ്കൂളിൽ അധ്യാപകരും ജീവനക്കാരുമാണ് വെടിയേറ്റ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേരിൽ 10 പേരുടെ നില അതീവ ഗുരുതരം.
മുത്തച്ഛന്റെ പേരിൽ രജിസ്റ്റർചെയ്ത തോക്കാണ് കുട്ടി അക്രമത്തിന് ഉപയോഗിച്ചത്. മുത്തച്ഛനെയും മുത്തശ്ശിയെയും വധിച്ച ശേഷം സാധാരണ രീതിയിലാണ് കുട്ടി സ്കൂളിലെത്തിയത്. ക്ലാസുകൾ ആരംഭിച്ചയുടൻ സ്വന്തം ക്ലാസ് മുറിയിൽ വെടിവെയ്പ് ആരംഭിച്ചശേഷം പുറത്തിറങ്ങിയും വെടിയുതിർക്കുകയായിരുന്നു. ഇരുപതിലധികം തവണ വെടിവച്ച കുട്ടി, സ്വയം ജീവനൊടുക്കുമ്പോഴും മുപ്പതോളം വെടിയുണ്ടകൾ ബാക്കിയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഠനവുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദ്ദമാകാം കുട്ടിയെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി അനുതിൻ ചാരൺവിരാകുൽ പറഞ്ഞു. അതേസമയം, കുട്ടിക്ക് അസ്വാഭാവികമായ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
പാകിസ്ഥാൻ കഴിഞ്ഞാൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ തോക്ക് ഉടമസ്ഥതയുള്ള രാജ്യം തായ്‌ലൻഡാണ്. നൂറുപേർക്ക് 15.1 തോക്കുകൾ എന്നതാണ് നിരക്ക്.അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ വെടിയേറ്റുള്ള മരണനിരക്കും കൂടുതലാണ്.










0 comments