ad
Deshabhimani

എലിഞ്ഞിപ്ര സാമൂഹ്യാരോഗ്യ കേന്ദ്രം അവഗണനയുടെ വക്കില്‍

എലിഞ്ഞിപ്ര സാമൂഹ്യാരോഗ്യ കേന്ദ്രം

വെബ് ഡെസ്ക്

Published on Aug 08, 2026, 12:47 AM | 1 min read

ചാലക്കുടി

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എലിഞ്ഞിപ്രയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ജനങ്ങൾക്ക്‌ ഉപകാരമില്ലാതാകുന്നു. ഭരണനിര്‍വഹണാധികാരമുള്ള ബ്ലോക്ക് പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നൽകിയതോടെ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായെന്നാണ് ആക്ഷേപം. കിടത്തി ചികിത്സയ്‌ക്കുള്ള സൗകര്യങ്ങളുണ്ടെങ്കിലും രാവിലെ ഒമ്പത്‌ മുതല്‍ വൈകിട്ട് 5.30 വരെയുള്ള ഒപിയില്‍ മാത്രമായി ഒതുങ്ങി പ്രവര്‍ത്തനം. സൂപ്രണ്ടടക്കം അഞ്ച് ഡോക്ടര്‍മാരുമുണ്ട്. എന്നാല്‍, ഭൂരിഭാഗം ദിവസങ്ങളിലും മൂന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകാറില്ല. 300ഓളം പേരാണ് പ്രതിദിനം ഇവിടത്തെ ഒപിയിലെത്തുന്നത്. ഇതിനനുസരിച്ചുള്ള സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഒപി, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, പ്രീചെക്കപ്പ്, ലാബ്, ഫിസിയോതെറാപ്പി, പൊതുജനാരോഗ്യ വിഭാഗം, നവീകരിച്ച ഫാര്‍മസി, ഇമ്യൂtണൈസേഷന്‍ സെന്റര്‍, അത്യാഹിത വിഭാഗം, സാന്ത്വന പരിചരണം, നിരീക്ഷണ കേന്ദ്രം, നെബുലൈസേഷന്‍ ഏരിയ, ഓഫീസ് ബ്ലോക്ക് തുടങ്ങി 18രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഐപി സൗകര്യമടക്കം ഇവിടെയുണ്ട്‌. എന്നാൽ, ജനങ്ങള്‍ക്ക് പ്രയോജനമില്ലെന്നാണ് പരാതി. കിടത്തി ചികിത്സ ആരംഭിക്കാനും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താനും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്ന് പ്രതിപക്ഷ അംഗങ്ങളായ ലിജോ ജോസ്, കെ കെ റിജേഷ്, എം ആര്‍ രവി, സൗമ്യ ഷിബു എന്നിവര്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home