വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

എസ്എഫ്ഐ ചെർപ്പുളശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കടീരി പിടിഎം ഹൈസ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
ചെർപ്പുളശേരി
തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആദിഷിനെ മുഖത്തടിച്ചെന്ന പരാതിയിൽ ഹിന്ദി അധ്യാപകൻ ഒറവിങ്ങൽ നൗഷാദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. എസ്എഫ്ഐ ചെർപ്പുളശേരി ഏരിയ കമ്മിറ്റി സ്കൂളിലേക്ക് മാർച്ചും ധർണയും നടത്തിയതിനെ തുടർന്നാണ് സ്കൂൾ മാനേജ്മെന്റ് നടപടിയെടുത്തത്. ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ ആദിഷിനെ നൗഷാദ് മുഖത്തടിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. പരിക്കേറ്റ വിദ്യാർഥിയെ ചെർപ്പുളശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്കൂളിലെത്തിയ വിദ്യാർഥിയുടെ അച്ഛൻ മോഹൻദാസിനെ അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു. നൗഷാദ് ചളവറ പഞ്ചായത്ത് ഒന്നാം വാർഡിലെ മുസ്ലിം ലീഗ് കൗൺസിലറാണ്. അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടും തുടക്കത്തിൽ സ്കൂൾ മാനേജ്മെന്റ് നടപടിയെടുത്തില്ല. എസ്‌എഫ്‌ഐ പ്രതിഷേധം ശക്തമായതോടെ മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാകുകയും നൗഷാദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. എസ്എഫ്ഐ പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാദുലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ടി വിഷ്ണുപ്രിയ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ടി മുഹമ്മദ് ഷിജാസ്, ജില്ലാ വൈസ് പ്രസിഡന്റ് എ മുഹമ്മദ് ഫായിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അക്ഷയ്, ടി അൻഷിബ് എന്നിവർ സംസാരിച്ചു.










0 comments