print edition ഹോർമുസിൽ ഒമാനുമായി കരാറിന് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും പ്രകോപനവും ഭീഷണിയും തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തി ഇറാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഹോർമുസിലെ കപ്പൽഗതാഗതത്തിന് കൃത്യമായ ചട്ടക്കൂടിന് രൂപംനൽകിയതായും അന്തിമ തീരുമാനം ഉന്നതതലത്തിൽ ഉടൻ ഉണ്ടാകുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് അയൽരാജ്യങ്ങളുമായി സഹകരണം ശക്തമാക്കാനുള്ള തെഹ്‌റാന്റെ തന്ത്രപരമായ നീക്കം. ഇറാനെതിരെയുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നും അവർക്ക് അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രകോപനപരമായി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, മേഖലയിലെ പുതിയ സൈനിക-പ്രതിരോധ ധ്രുവീകരണങ്ങൾക്ക് സാക്ഷ്യംവഹിച്ച് മക്കയിൽ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചു. ഏതെങ്കിലും ഒന്നിനുനേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്നു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് സൗദി കിരീടാവകാശി, തുർക്കി പ്രസിഡന്റ്, പാകിസ്ഥാൻ പ്രധാനമന്ത്രി എന്നിവർ ഒപ്പുവച്ച സംയുക്ത കരാറിൽ പറയുന്നു.
സൗദിയിലും യമനിലും ഹൂതി ആക്രമണം
മനാമ: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനിലും യമനിലെ സർക്കാർ–സൈനിക താവളങ്ങൾക്ക് നേരെയും ഹൂതികളുടെ കനത്ത ആക്രമണം. യമനിൽ മുപ്പതോളം സൈനികർ കൊല്ലപ്പെട്ടു. നജ്‌റാനിൽ നാലു വയസ്സുള്ള കുട്ടിയടക്കം 11 പേർക്ക് പരിക്കേറ്റു. യമൻ സർക്കാരിന്റെ ഹളർമൗത്ത്, മാരിബ്, അൽ ജൗഫ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തിയത്. സൗദി പിന്തുണയോടെ പ്രവർത്തിക്കുന്ന ഹോംലാൻഡ് ഷീൽഡ് ഫോഴ്‌സിന്റെയും എമർജൻസി ഫോഴ്‌സിന്റെയും താവളങ്ങൾ തകർന്നു.
തൊട്ടുപിന്നാലെയാണ് സൗദി–-യമൻ അതിർത്തി നഗരമായ നജ്‌റാറിൽ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണമുണ്ടായത്. സാധാരണക്കാർക്ക് നേരെ ഹൂതികൾ നടത്തുന്ന ഭീകരാക്രമണമാണിതെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും സൗദി സഖ്യസേന പ്രതികരിച്ചു. സൗദിയുടെ പ്രധാന എണ്ണശുദ്ധീകരണ ശാലകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ഹൂതികളുടെയും ഇറാഖ് മിലിഷ്യയുടെയും ഏകോപിത ആക്രമണഭീഷണി നിലനിൽക്കുന്നതായി സൗദി സുരക്ഷാകേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.










0 comments