ഗൗതമിനെ കണ്ടെത്താൻ തിരച്ചിൽ ഉൗർജിതമാക്കണം: ഡിവൈഎഫ്‌ഐ

കൊല്ലം
മീൻപിടിക്കാൻ പോയി അപകടത്തിൽപ്പെട്ട് കാണാതായ ഗൗതം കൃഷ്‌ണനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട സർക്കാരിനും ഫിഷറീസ് വകുപ്പിനുമെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിര. ഗൗതമിനെ കണ്ടെത്താൻ തിരച്ചിൽ ഉൗർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ പൊലീസിന്റെ ബാരിക്കേഡ് തകർത്ത് അകത്തുകയറി പ്രതിഷേധിച്ചു. വിപുലമായ സൗകര്യങ്ങൾ ഉറപ്പാക്കി തിരച്ചിൽ നടത്തുന്നതിൽ പരാജയപ്പെട്ട ജില്ലാ ഭരണകേന്ദ്രത്തിനെതിരെയും പ്രതിഷേധമുയർന്നു. ഗേറ്റ് അടച്ച് പൊലീസ് തീർത്ത വലയം ഭേദിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം. അലകടലായി എത്തിയ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിൽ പൊലീസും മുട്ടുകുത്തി. തുടർന്ന് പ്രതിഷേധ യോഗം നടത്തിയതും കലക്ടറേറ്റിനുള്ളിൽ തന്നെയായിരുന്നു. സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് മാർച്ച് ആരംഭിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു പ്രതിഷേധം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ ശ്രീനാഥ്, കേന്ദ്ര കമ്മിറ്റി അംഗം ചിന്താജറോം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ് ഷബീർ, ജില്ലാ ട്രഷറർ യു പവിത്ര, ജില്ലാ ജോയിന്റ് സെക്രട്ടറി എം എസ് ശബരിനാഥ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി പി അഭിമന്യൂ, അമീഷ് ബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അബാദ് പാഷ, ഐ നിഷാദ്, മനു എസ് ദാസ്,എൽ ലോയിഡ്, ദേവിക രാമചന്ദ്രൻ, ആശാ രാജ് എന്നിവർ സംസാരിച്ചു.










0 comments