Deshabhimani

വൈദ്യുതിമേഖലയിൽ പൂർണ അരാജകത്വം

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 11, 2026, 12:00 AM | 2 min read

നാഥനില്ലാകളരിയെന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. വിയോജിക്കാതെ ഇക്കാര്യം സ്ഥിരീകരിക്കാവുന്ന വിധത്തിലാണ്‌ വിവിധ വകുപ്പുകളെക്കുറിച്ച് ദിവസവും വാർത്തകൾ പുറത്തുവരുന്നത്. ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും പരസ്‌പരവിശ്വാസത്തോടെ ഭരണനടപടികള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം അധികാരത്തിലേറി ആറുമാസത്തിനകം യുഡിഎഫ്‌ സര്‍ക്കാരിൽ ഇല്ലാതായി. പരസ്‌പരം പഴിചാരുന്നു. മന്ത്രിമാർക്ക് ഉദ്യോഗസ്ഥരെ വിശ്വാസമില്ല. മന്ത്രിമാർ തമ്മിലും അവിശ്വാസം. എല്ലാം തന്നില്‍ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി. ഒരുവിധ ഏകോപനവും സര്‍ക്കാരിലില്ല. കൈയിട്ടുവാരാന്‍ ലഭിക്കുന്ന ഏതവസരവും പരമാവധി ഉപയോഗിക്കുക എന്നമട്ടിലായി ഭരണം.

​ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതിമേഖലയിൽ പ്രകടമാകുന്നത്‌. യുഡിഎഫ് സർക്കാർ അധികാരമേറ്റ്‌ ആഴ്‌ചകള്‍ക്കുള്ളില്‍ വൈദ്യുതിക്ഷാമമായി. വൈദ്യുതിലഭ്യത ഉറപ്പാക്കുന്നതിന് വിദഗ്‌ധ ആസൂത്രണത്തോടെ നടപടി കൈക്കൊള്ളാതിരുന്നതിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായി. അപ്പോഴും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ചർച്ചകൾക്കുപോലും വകുപ്പുമന്ത്രി തയ്യാറായിരുന്നില്ല. മുന്‍ സർക്കാരിനെ പഴിച്ച്‌ രക്ഷപ്പെടാനായിരുന്നു ശ്രമം. സര്‍ക്കാരിന്റെ നിരുത്തരവാദിത്വം ആഴ്‌ചകൾ നീണ്ട പവർകട്ടിന്‌ ഇടയാക്കി. ആശുപത്രികളിൽ ശസ്ത്രക്രിയകൾ മുടങ്ങി, ഓക്‌സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതെ രോഗികൾ മരിച്ചു. ഇത്തരത്തിൽ നിരവധി അത്യാഹിതങ്ങള്‍ നാം നേരിട്ടു. ഒടുവിൽ ഹിമാചല്‍പ്രദേശിൽനിന്ന്‌ കുറഞ്ഞ വിലയ്ക്ക്‌ വൈദ്യുതി ലഭ്യമാകുമെന്നായിരുന്നു പ്രചരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് വാർത്തകൾ പ്രചരിച്ചു; എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇക്കാര്യത്തിൽ ഇടപെട്ടതായും വാർത്തകൾ വന്നു.


​ഇതിനിടയിലാണ് ജിഎന്‍എ കമ്പനിയുമായി വൈദ്യുതി കരാറിനുള്ള നീക്കം തുടങ്ങിയത്. കരാര്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തുമെന്ന്‌ കെഎസ്ഇബി രേഖാമൂലം അറിയിച്ചിട്ടും മുഖ്യമന്ത്രി ജിഎൻഎ ഓഫറിൽ ഉറച്ചുനിന്നത്‌ അഴിമതി ലക്ഷ്യമിട്ടാണെന്ന്‌ ആരോപണം ഉയർന്നു. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുമതി തേടാതെയും ലേലത്തിന്‌ പോകാതെയും ജിഎൻഎ ഇടപാടിനെ ആശ്രയിക്കാനായിരുന്നു തീരുമാനം. എന്തുവന്നാലും വിവാദമായ ഇടപാടില്‍ ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും മാധ്യമങ്ങളും ജിഎൻഎ ഇടപാടിലെ നിയമലംഘനവും സുതാര്യതയില്ലായ്‌മയും തുറന്നുകാട്ടിയതോടെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയായി. അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോൾ മുൻ കെഎസ്ഇബി ചെയർമാന്റെ റിപ്പോർട്ടിന്മേൽ അന്വേഷണം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കി ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഗൗരവതരമായ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്. കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ച് വൻ അഴിമതിക്ക് കളമൊരുക്കിയതിന് പിന്നിലെ യഥാർഥ ഗുണഭോക്താക്കൾ ആരാണെന്നും വൈദ്യുതിമന്ത്രിയെപ്പോലും ഒഴിവാക്കി എടുത്ത തീരുമാനങ്ങൾക്ക് പിന്നിലെ താൽപ്പര്യങ്ങൾ എന്താണെന്നും പുറത്തുവരണം.


തട്ടിപ്പുകൾ പുറത്തുവന്നതോടെ തൽക്കാലം വൈദ്യുതിക്ഷാമമില്ലെന്ന്‌ റിപ്പോർട്ട്‌ തയ്യാറാക്കുകയും ജിഎൻഎ ഇടപാട്‌ മരവിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുകയാണ്‌. അതിനിടെ‍ വൈദ്യുതിക്ഷാമമുണ്ടെന്ന് റിപ്പോർട്ട് നൽകിയ മുൻ ചെയർമാനെതിരെ അന്വേഷണം നടത്തുമത്രേ. മാധ്യമങ്ങൾവഴിയാണ്‌ ഇതെല്ലാം അറിഞ്ഞതെന്ന്‌ വൈദ്യുതിമന്ത്രി പറയുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ പൊതുവികസനത്തിന്‌ മുടക്കമില്ലാതെ‍, മികച്ച നിലവാരത്തിൽ വൈദ്യുതിവിതരണം അനിവാര്യമാണ്‌. യുഡിഎഫ്‌ ഭരണത്തിലെ അരാജകത്വം നിക്ഷേപകരെ ഉൾപ്പെടെ പിന്തിരിപ്പിക്കും.


​ഒക്‌ടോബറിൽ വിഇഎൻ ഗ്ലോബൽ എന്ന കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപയ്-ക്ക് വാങ്ങിയതും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തരമാണെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്‌. ഇതിനും ടെൻഡറോ റെഗുലേറ്ററി കമീഷന്റെ അനുമതിയോ ഉണ്ടായിരുന്നില്ല. ചെലവ് കുറഞ്ഞതും വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ സംരക്ഷിക്കുന്നതുമായ കാപെക്‌സ്‌ (ക്യാപിറ്റൽ എക്‌സ്‌പെൻഡിച്ചർ) സ്‌മാർട്ട്‌ മീറ്റർ പദ്ധതിയിൽ സർക്കാർ തീരുമാനം വൈകുന്നതും സംശയകരമാണ്‌. ടെൻഡറിലെ ബിഡ്‌ കാലാവധി അവസാനിച്ചിട്ട്‌ ദിവസങ്ങളായി. കാലതാമസം ഉണ്ടായാൽ ടെൻഡർ റദ്ദാക്കേണ്ടിവരും. പ-ഠിക്കാൻ സമയം വേണമെന്നാണ്‌ സർക്കാർ നിലപാട്‌. കെഎസ്‌ഇബിക്ക്‌ തീരുമാനമെടുക്കാൻ അവകാശം നൽകാതെ സർക്കാർ വിഷയം നീട്ടുന്നത്‌ പൊതുമേഖലയിൽ പദ്ധതി നടപ്പാക്കുന്നത്‌ അട്ടിമറിക്കാനാണെന്ന്‌ കരുതേണ്ട സാഹചര്യമാണ്‌. ഭരണപരമായ തീരുമാനമെല്ലാം പുറത്തുനിന്ന്‌ അജ്ഞാതശക്തികള്‍ നിയന്ത്രിക്കുന്നെന്ന ആരോപണം ബലപ്പെടുകയാണ്‌. എല്ലാത്തിലും കച്ചവടക്കണ്ണോടെയാണ്‌ യുഡിഎഫ് ഭരണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home