print edition എങ്ങുമെത്താതെ മദ്യനയം; ഒന്നുമറിയാതെ മന്ത്രി


സ്വന്തം ലേഖകൻ
Published on Nov 11, 2026, 01:49 AM | 1 min read
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാൻ ഇനിയുള്ളത് 19 ദിവസം. നവംബർ 30ന് പ്രഖ്യാപിക്കുമെന്നാണ് മന്ത്രി എം ലിജു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, എക്‌സൈസ് വകുപ്പിന്റെ നിർദേശങ്ങൾപോലും ഇതുവരെ യുഡിഎഫും മന്ത്രിസഭയും ചർച്ച ചെയ്‌തിട്ടില്ല. എക്‌സൈസ് തലവനും മന്ത്രിയും തമ്മിലുള്ള ഭിന്നതകാരണം വകുപ്പിന്റെ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടോ എന്നതിൽപ്പോലും വ്യക്തതയില്ല. വിവിധ സംഘടനകളുമായി മന്ത്രി എം ലിജു ചർച്ച നടത്തിയതൊഴിച്ചാൽ കാര്യമായ രൂപമൊന്നും മദ്യനയത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം.
താൻ പറയുന്നപോലെയാകും യുഡിഎ-ഫ് മദ്യനയം രൂപീകരിക്കുക എന്നണ് മന്ത്രി ലിജു പറയുന്നത്. എന്നാൽ എക്‌സൈസ് വകുപ്പ് നൽകുന്ന കരട് നയത്തിൽ യുഡിഎഫും മുഖ്യമന്ത്രിയുമാകും ഫലത്തിൽ തീരുമാനമെടുക്കുക.
വീര്യംകുറഞ്ഞ മദ്യം വിൽക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് യോഗംചേർന്നിട്ടുതന്നെ കാലങ്ങളായി. അതിനിടയിൽ ഉപസമിതി രൂപീകരിച്ചോയെന്നും ആരാണ് നേതൃത്വം നൽകുന്നതെന്നും ആർക്കുമറിയില്ല.മുഖ്യമന്ത്രി വി ഡി സതീശൻ വകുപ്പ് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്നും ഇതിൽ മന്ത്രി ലിജുവിന് അതൃപ്‌തിയുണ്ടെന്നും ചർച്ചയുണ്ട്. ‘വകുപ്പിൽ നടക്കുന്നതൊന്നും താൻ അറിയുന്നില്ല’ എന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ അതിന്റെ തെളിവാണ്. മന്ത്രി അറിയാതെ അഞ്ച് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിനുപിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ‘സത്യസന്ധനായ ഉദ്യോഗസ്ഥൻ’ എന്ന് പ്രകീർത്തിക്കപ്പെട്ട എക്‌സൈസ് കമീഷണറെ മന്ത്രിതന്നെ ഇടപെട്ട് മാറ്റിച്ചതും അതൃപ്‌തിയുടെ തെളിവാണ്.








0 comments