ജെൻ സ്വീറ്റ് സ്‌റ്റോറി ‘ഒരു കേക്ക് കഥ’

അഞ്ജന കേക്ക് നിർമാണത്തിൽ
വി ജി ഹരിശങ്കർ
Published on Nov 11, 2026, 01:39 AM | 1 min read
അരൂർ
ജീവിതത്തെയാകെ തകിടം മറിച്ച കാലമാണ് കോവിഡിന്റേത് എങ്കിലും പുതിയ സാധ്യതകൾക്ക് അത് വഴിമരുന്നിട്ടു. ലോക്ക്‌ഡൗണിന്റെ വിശ്രമകാലത്ത് തുടങ്ങിയ ചെറിയ തൊഴിൽ ജീവിതവിജയത്തിലേക്ക് നയിച്ച ഒരുകൊച്ചുപെൺകുട്ടിയുടെ കഥ എഴുപുന്ന ഗ്രാമത്തിന് പറയാനുണ്ട്. കൈതേടി വീട്ടിൽ കലേഷിന്റെയും സിനിയുടെയും മകൾ കെ കെ അഞ്‌ജന ഇന്ന് സ്വാദിഷ്‌ടമായ കേക്കുകൾ നിർമിച്ച് വിതരണംചെയ്യുന്ന കൗമാര സംരംഭകയാണ്. കോവിഡ് കാലത്ത് ചെല്ലാനം ലിയോ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായിരുന്നു അഞ്‌ജന. വീട്ടിൽ വെറുതെയിരുന്നപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്ന സംരംഭങ്ങൾ കണ്ടാണ് കേക്ക് നിർമാണത്തിലേക്ക് കടന്നത്. ഓറിയോ ബിസ്‌ക്കറ്റുകൾ മേടിച്ച് പൊടിച്ചുണക്കി ചേരുവകൾ ചേർത്ത് ഇഡ്ഡലി പാത്രത്തിൽ ഓറിയോ കേക്കിന് രൂപംനൽകി. വീട്ടിലെ ഉപയോഗം കഴിഞ്ഞ് അയൽവീടുകളിലും നൽകി. എല്ലാവരുടെയും കൈയടി കിട്ടിയതോടെ എന്തുകൊണ്ട് പ്രൊഫഷണലായിക്കൂട എന്ന ചിന്തയായി. മകളുടെ ആഗ്രഹം നിറവേറ്റാൻ അച്ഛനമ്മമാർ കട്ടയ്‌ക്ക് കൂടെനിന്നു. അങ്ങനെയാണ് ‘ഹെവൻലി കേക്ക്‌സ്’ രൂപംകൊള്ളുന്നത്. അമ്മ സിനിയുടെ പേരിൽ കുടുംബശ്രീയിൽനിന്ന് 50,000 രൂപ വായ്‌പയെടുത്താണ് സംരംഭം തുടങ്ങുന്നത്. കേക്ക് നിർമാണം വിജയിച്ചതോടെ വായ്‌പ രണ്ടുവർഷത്തിൽ അടച്ചുതീർത്തു. കുടുംബശ്രീയുടെ വിവിധ പരിശീലനങ്ങളിലും പങ്കെടുത്തതോടെ ‘കേക്ക് മിസ്‌ട്രസ് 'പിറവിയെടുത്തു. പുലർച്ചെ നാലിന് എഴുന്നേൽക്കും. തലേദിവസം ഉണ്ടാക്കിയ കേക്കുകൾക്ക് ഡിസൈൻ നൽകി, പായ്‌ക്ക് ചെയ്‌ത് വിൽപ്പനയ്‌ക്ക് നിരത്തും. പഠനകാര്യങ്ങളും ഒപ്പം നടത്തും. എരമല്ലൂരിലെ കടകളിൽനിന്നാണ് കേക്കിനാവശ്യമായ പഴവർഗങ്ങൾ വാങ്ങുന്നത്. എറണാകുളത്തുനിന്ന് പാക്കിങ്ങിനാവശ്യമായവ വാങ്ങും. വീടിന്റെ അടുക്കളതന്നെയാണ് നിർമാണപ്പുര. ഓവനും ബീറ്ററുമടക്കം എല്ലാ നിർമാണസാമഗ്രികളും സ്ഥാപിച്ചിട്ടുണ്ട്. വാനില, ബ്ലാക്ക് ഫോറസ്‌റ്റ്, വൈറ്റ് ഫോറസ്‌റ്റ്, വാഞ്ചോ, ബട്ടർ സ്‌കോച്ച്, പിസ്‌ത, സ്ട്രോബെറി തുടങ്ങി പരിചിതമായ എല്ലാ കേക്കുകളും അഞ്‌ജനയുടെ "ഇൻഡസ്ട്രിയിൽ’ ലഭിക്കും. ഓൺലൈനായും സേവനമുണ്ട്. നല്ല വിലക്കുറവിൽ ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ചുകൊടുക്കാനും സംവിധാനമുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണിപ്പോൾ. സഹോദരി: ആദിത്യ.








0 comments